Image

വിവാദ കാര്‍ട്ടൂണ്‍ മാധ്യമധര്‍മ്മത്തിന്റെ അന്തസ്സുകെടുത്തുന്നു: സിബിസിഐ ലെയ്‌റ്റി കൗണ്‍സില്‍

ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ Published on 13 June, 2019
വിവാദ കാര്‍ട്ടൂണ്‍ മാധ്യമധര്‍മ്മത്തിന്റെ അന്തസ്സുകെടുത്തുന്നു: സിബിസിഐ ലെയ്‌റ്റി കൗണ്‍സില്‍

കോട്ടയം: ക്രൈസ്‌തവമതപ്രതീകങ്ങളെ വിചിത്രമായി ചിത്രീകരിച്ച വിവാദമായ കാര്‍ട്ടൂണും ഇതിന്‌ സര്‍ക്കാര്‍ നല്‍കിയ അംഗീകാരവും ക്രൈസ്‌തവ അവഹേളനം മാത്രമല്ല, മാധ്യമധര്‍മ്മത്തിന്റെ അന്തസ്സുകെടുത്തുന്നവികലതയുമാണെന്ന്‌ സിബിസിഐ ലെയ്‌റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. 

വ്യക്തമായ അജണ്ടകളോടെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിന്‍ബലത്തില്‍ തുടര്‍ച്ചയായി സംസ്ഥാനത്ത്‌ ക്രൈസ്‌തവര്‍ക്കു നേരെ അരങ്ങേറുന്ന ആസൂത്രിത നീക്കങ്ങള്‍ അപലപനീയമാണ്‌. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ഏജന്‍സികള്‍ തന്നെ ക്രൈസ്‌തവ നിന്ദയ്‌ക്ക്‌ കുടപിടിക്കുന്നത്‌ നിസാരമായി കാണാനാവില്ല. 

ലോകമെമ്പാടുമുള്ള ബഹുഭൂരിപക്ഷജനത ക്രൈസ്‌തവരാണെന്നിരിക്കെ ഈ സമൂഹം വിശുദ്ധമായി സൂക്ഷിക്കുന്ന കുരിശിനെയും പ്രതീകങ്ങളെയും വികലമായി ആക്ഷേപിച്ച ആവിഷ്‌കാരത്തിന്‌ അവാര്‍ഡു നല്‍കി ആദരിച്ചവര്‍ കലാകാരന്മാരല്ല; മറിച്ച്‌ സമൂഹത്തില്‍ കലാപത്തിനും ഭിന്നതയ്‌ക്കും അസഹിഷ്‌ണുതയ്‌ക്കും വിത്തുവിതയ്‌ക്കുന്നവരാണ്‌. 

ഇത്തരം അശ്ലീല കാര്‍ട്ടൂണുകളെപ്പോലും ന്യായീകരിച്ച്‌ രംഗത്തുവന്നിരിക്കുന്നവര്‍ സാക്ഷരസമൂഹത്തിന്‌ അപമാനവും സാംസ്‌കാരിക പൈതൃകത്തെ സംസ്‌കരിക്കുന്നവരുമാണ്‌.
അക്രമവും ഭീകരപ്രവര്‍ത്തനവും വര്‍ഗ്ഗീയവാദവുമില്ലാതെയുള്ള ക്രൈസ്‌തവസമൂഹത്തിന്റെ സംയമനസമീപനത്തെ ബലഹീനതയും നിഷ്‌ക്രിയത്വവുമായി ആരും കാണണ്ട. 

വിശ്വാസിസമുഹത്തെ വെല്ലുവിളിച്ചും വേദനിപ്പിച്ചും ആക്ഷേപിച്ചും ഒരു ഭരണനേതൃത്വത്തിനും നിലനില്‍പ്പില്ലന്നുള്ളതും പരാജയമേറ്റു വാങ്ങേണ്ടിവരുമെന്നും കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ തെളിയിച്ചിരിക്കുമ്പോള്‍ സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പില്‍നിന്ന്‌ വീതംപറ്റുന്നവര്‍തന്നെ ക്രൈസ്‌തവ ആക്ഷേപങ്ങള്‍ നടത്തുന്നത്‌ ഭാവിയില്‍ വീണ്ടും തിരിച്ചടിയാകുമെന്ന്‌ ഭരണത്തിലിരിക്കുന്നവര്‍ തിരിച്ചറിഞ്ഞാല്‍ നന്ന്‌. 

നല്‍കിയ അവാര്‍ഡ്‌ പിന്‍വലിക്കുക മാത്രമല്ല സര്‍ക്കാര്‍ നിയമിച്ച ലളിതകലാ അക്കാദമിയുടെ ഉന്നതര്‍ക്കെതിരെ നടപടിയുണ്ടാകണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക