Image

എസ്‌.എസ്‌.എല്‍.സി: ഗള്‍ഫ്‌ സ്‌കൂളുകളില്‍ 98.79 ശതമാനം വിജയം

Published on 27 April, 2012
എസ്‌.എസ്‌.എല്‍.സി: ഗള്‍ഫ്‌ സ്‌കൂളുകളില്‍ 98.79 ശതമാനം വിജയം
ദുബൈ: എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ ഗള്‍ഫിലെ സ്‌കൂളുകളും തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കി. 98.79 ശതമാനം വിദ്യാര്‍ഥികളാണ്‌ ഇവിടെ ഉപരി പഠനത്തിന്‌ യോഗ്യത നേടിയത്‌.
ഇത്തവണയും ഗള്‍ഫ്‌ സ്‌കൂളുകളിലെ വിജയ ശതമാനം കേരള ശരാശരിക്ക്‌ മുകളിലാണ്‌. പത്ത്‌ സ്‌കൂളുകളിലായി 497 പേര്‍ പരീക്ഷയെഴുതിയതില്‍ 491 വിദ്യാര്‍ഥികളെ ജയിപ്പിച്ചാണ്‌ ഗള്‍ഫിലെ സ്‌കൂളുകള്‍ മികവു കാട്ടിയത്‌. യു.എ.ഇയില്‍ 468ഉം ദോഹയിലെ കേന്ദ്രത്തില്‍ 29ഉം വിദ്യാര്‍ഥികളാണ്‌ പരീക്ഷയെഴുതിയത്‌. ഏഴ്‌ സ്‌കൂളുകള്‍ നൂറു മേനി നേടി. ഗള്‍ഫില്‍ മൊത്തം ഏഴ്‌ വിദ്യാര്‍ഥികള്‍ മാത്രമാണ്‌ എല്ലാ വിഷയങ്ങള്‍ക്കും എ പ്‌ളസിന്‌ അര്‍ഹത നേടിയത്‌.

കഴിഞ്ഞവര്‍ഷം 16 പേര്‍ക്ക്‌ എ പ്‌ളസ്‌ ലഭിച്ചിരുന്നു. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തിയ അബൂദബി മോഡല്‍ സ്‌കൂളില്‍ നൂറു മേനിക്കൊപ്പം മൂന്ന്‌ വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്‌ളസ്‌ നേടി. ഇവിടെ പരീക്ഷയെഴുതിയ 89 പേരും വിജയിച്ചു. ദോഹയിലെ എം.ഇ.എസ്‌ സ്‌കൂളില്‍ ഇത്തവണ പരീക്ഷയെഴുതിയ 29 വിദ്യാര്‍ഥികളും വിജയിച്ചു. യു.എ.ഇയിലെ അഞ്ച്‌ സ്‌കൂളുകളാണ്‌ നൂറു മേനി നേടിയതെന്ന്‌ ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ ഡയറക്ടറും യു.എ.ഇയിലെ എസ്‌.എസ്‌.എല്‍.സി പരീക്ഷാ കോഓര്‍ഡിനേറ്ററുമായ സുരേന്ദ്രന്‍ നായര്‍ പറഞ്ഞു.

സാമൂഹ്യശാസ്‌ത്രം, ഹിന്ദി എന്നീ വിഷയങ്ങള്‍ക്കാണ്‌ വിദ്യാര്‍ഥികള്‍ക്ക്‌ കുറവ്‌ മാര്‍ക്ക്‌ ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പരീക്ഷ നടന്ന പത്ത്‌ സ്‌കൂളുകളില്‍ ഒമ്പതും യു.എ.ഇയിലായിരുന്നു. ഖത്തറിലെ എം.ഇ.എസ്‌ സ്‌കൂള്‍ മാത്രമാണ്‌ യു.എ.ഇക്ക്‌ പുറത്തുള്ള വിദ്യാലയം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക