Image

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന്‌ വിട്ടുകൊടുക്കില്ല: മുഖ്യമന്ത്രി

Published on 13 June, 2019
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന്‌ വിട്ടുകൊടുക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം> തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം നേരത്തെ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

വിമാനത്താവളം സര്‍ക്കാറിന് അവകാശപ്പെട്ടതാണ്. 15ന് നടക്കുന്ന നീതി ആയോഗ് യോഗത്തില്‍ പ്രധാനമന്ത്രിയെ ഇക്കാര്യം അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.എയര്‍പോര്‍ട്ട് അതോറിറ്റിയാണ് നിലവില്‍ ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല വഹിക്കുന്നത്.1932-ല്‍ സ്ഥാപിച്ചതും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം പ്രതിരോധിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമരന്തി അറിയിച്ചു. 

വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള ശുപാര്‍ശ കേന്ദ്ര മന്ത്രിസഭ അടുത്ത മാസം പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ ഇതിനെ എതിര്‍ക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്‌. കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാറിന്റെ കാലത്താണ് അദാനി എന്റര്‍പ്രൈസസ് വിമാനത്താവളങ്ങളുടെ നടത്തിപ്പിനുള്ള ലേലം പിടിച്ചത്. തിരുവനന്തപുരത്തിനു പുറമേ മംഗളുരു, ലക്‌നൗ, അഹമ്മദാബാദ്, ഗുവാഹത്തി, ജയ്പൂര്‍ എന്നീ വിമാനത്താവളങ്ങളുടെ തടത്തിപ്പിനുള്ള അവകാശവും അദാനി ഗ്രൂപ്പിന് ലഭിച്ചിരുന്നു.

എന്നാൽ നടത്തിപ്പ് അവകാശം കൈമാറാനുള്ള കുറിപ്പ് മന്ത്രിസഭയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ പരിഗണിച്ചിരുന്നില്ല.

വിമാനത്താവളങ്ങളുടെ നിര്‍മ്മാണത്തിലും നടത്തിപ്പിലുമുള്ള പരിചയം കണക്കിലെടുത്ത് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ നടത്തിപ്പും ഭാവി വികസന പ്രവര്‍ത്തനങ്ങളും സംസ്ഥാനത്തെ ഏല്‍പ്പിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലേലനടപടിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോവുകയാണുണ്ടായത്. തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (TIAL) എന്ന ഒരു സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കുകയും മത്സരാധിഷ്ഠിത ലേലത്തില്‍ പങ്കെടുക്കുകയും ചെയ്തു. കമ്പനിക്ക് റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂണല്‍ അവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും 10% മാത്രം നിരക്ക് വ്യത്യാസം എന്ന ഉപാധിയോടെയാണ് ആവശ്യം അംഗീകരിച്ചത്. ഇക്കാരണത്താല്‍ കെ.എസ്.ഐ.ഡി.സിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഈ പ്രത്യേക കമ്പനിക്ക് ബിഡ്ഡ് ലഭിക്കുകയുണ്ടായില്ല. മറിച്ച്‌ വിമാനത്താവള നടത്തിപ്പിൽ മുന്‍കാല പരിചയവുമില്ലാത്ത  അദാനി എന്‍റര്‍പ്രൈസസിനാണ് ലേലം ലഭിച്ചത്. ഇതിനെതിരെ  സംസ്ഥാന സര്‍ക്കാരും കെ.എസ്.ഐ.ഡി.സിയും ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തിട്ടുണ്ട്.  കോടതി വിധിക്ക് വിധേയമായിട്ടായിരിക്കും ലേലം അനുവദിക്കുക എന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 

രാജഭരണകാലത്ത് കൈമാറിയ 258.06 ഏക്കര്‍ ഭൂമിക്കും സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ 8.29 ഭൂമിക്കും പുറമെ സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ 32.56 ഏക്കര്‍ ഉള്‍പ്പെടെയുള്ള ഭൂമിയിലാണ് വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്. വിമാനത്താവള വികസനത്തിനായി 18 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്. ഇത്തരത്തില്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിലനില്‍ക്കുന്ന വിമാനത്താവളം സംസ്ഥാന സര്‍ക്കാരിന് അവകാശപ്പെട്ടതാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ സഹകരണമില്ലാതെ ഒരു സ്വകാര്യ കമ്പനിക്കും വിമാനത്താവളം വികസിപ്പിക്കാനാവില്ല. ആയതിനാല്‍ സ്വകാര്യ ഏജന്‍സിക്ക് വിമാനത്താവളം കൈമാറാനാവില്ലെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്.

വിമാനത്താവളം അദാനി ഗ്രൂപ്പിനെ ഏല്‍പ്പിക്കാനുള്ള നടപടികള്‍ നിര്‍ത്തിവച്ച് നടത്തിപ്പ് ചുമതല സംസ്ഥാനത്തിന് നല്‍കുന്നതിന് അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര വ്യോമയാന മന്ത്രിക്കും കത്തയച്ചിട്ടും അനുകൂല നിലപാട്‌ ഉണ്ടായിട്ടില്ല. വിമാനത്താവള നടത്തിപ്പ് സംസ്ഥാന സര്‍ക്കാരിന് കൈമാറുകയോ നിലവിലുള്ള സംവിധാനം തുടരുകയോ ചെയ്യാനാവശ്യമായ ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാര്‍ തുടര്‍ന്നും സ്വീകരിക്കുന്നതാണ്.മുഖ്യമന്ത്രി പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക