തിരുവനന്തപുരം: നിര്‍മ്മാണത്തില്‍ അപാകതകള്‍ കണ്ടെത്തിയ പാലാരിവട്ടം മേല്‍പ്പാലം ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പരിശോധിക്കും. ഈ മാസം 17ന് പരിശോധന നടത്തും. മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ഇ. ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
മുഖ്യമന്ത്രിയുടെ ക്ഷണമനുസരിച്ചാണ് ഇ ശ്രീധരന് തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കോണ്‍ക്രീറ്റിന്റെ ഉറപ്പ് സംബന്ധിച്ച് പഠിക്കാന്‍ വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന് ഇ. ശ്രീധരന് ആവശ്യപ്പെട്ടു. വിദഗ്ധനെ കൊണ്ടുവരുന്നതിന്റെ ചുമതല ശ്രീധരന് തന്നെ ഏറ്റെടുത്തിട്ടുണ്ട്.
ശ്രീധരനും സംഘവും സന്ദര്‍ശിച്ച ശേഷം പാലത്തിന്റെ തുടര്‍ നിര്‍മ്മാണം സംബന്ധിച്ച് തീരുമാനിക്കും. അറ്റകുറ്റപ്പണി നടത്തി പാലം ഉപയോഗ യോഗ്യമാക്കാന്‍ സാധിക്കുമോ പാലം പൊളിച്ചുമാറ്റണോ എന്നത് സംബന്ധിച്ച് വിദഗ്ധ സമിതിയുടെ പരിശോധനയ്ക്ക് ശേഷം അധികൃതര്‍ തീരുമാനമെടുക്കും