Image

രണ്ടു ദശകം പിന്നിടുന്ന ജനനി മാസികയ്ക്ക് ഭാഷാസ്‌നേഹികളുടെ ഭാവുകങ്ങള്‍

സുരേന്ദ്രന്‍ നായര്‍ Published on 13 June, 2019
രണ്ടു ദശകം പിന്നിടുന്ന ജനനി മാസികയ്ക്ക്  ഭാഷാസ്‌നേഹികളുടെ ഭാവുകങ്ങള്‍
മനുഷ്യമനസ്സുകളില്‍ സൗഹൃദത്തിന്റെ ശാന്തിയും ഉന്മാദത്തിന്റെ ഊര്‍ജ്ജവും നിറയ്ക്കുന്ന സര്‍ഗ്ഗ സംവാദങ്ങളും കലാവേദികളും അരങ്ങൊഴിഞ്ഞു കൊണ്ടിരിക്കുന്ന  ഇക്കാലത്തു ആ നല്ല നാളുകളുടെ വീണ്ടെടുപ്പിനായി അനവരതം പരിശ്രമിച്ചു വരുന്ന വിദേശ മലയാളികളുടെ ജനനി എന്ന സാംസ്കാരിക മാസികക്ക് ഇരുപതാം ജന്മദിനാശംസകള്‍.
                        
അതിജീവനത്തിനായി ആരുമായും സന്ധിചെയ്യുന്ന മാധ്യമങ്ങളും, ശരിതെറ്റുകളുടെ ശരിയായ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് പകരം തങ്ങളുടെ സ്വത്വ സംരക്ഷണത്തിനായി, സ്വയം വിധികര്‍ത്താക്കളാകുന്ന പത്രാധിപന്മാരും, മാധ്യമ ലോകത്തിന്റെ വിശ്വാസ്യത തകര്‍ത്തുകൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്തു വേറിട്ടൊരു ശൈലി സ്വീകരിക്കുവാനും, വിട്ടുവീഴ്ചയില്ലാതെ അത് തുടര്‍ന്ന് പോരാനും കഴിയുക എന്നത് എളുപ്പമല്ല. വളരെ വലിയ ദുര്‍ഘടസന്ധികളെയും, പ്രതിബന്ധങ്ങളെയും അതിജീവിച്ചു ഈ ആംഗലേയ ഭൂമിയില്‍ രണ്ടു പതിറ്റാണ്ടു കാലം ഒരു മലയാള മാസിക പ്രസിദ്ധീകരണം തുടരുക എന്നത് ഒരു വലിയ സാഹിത്യ പ്രതിബദ്ധത തന്നെയാണ്. ആ സമര്‍പ്പിത ലക്ഷ്യത്തിനായി, ധനവും, സമയവും, സര്‍ഗ്ഗശേഷിയും വിനിയോഗിക്കുന്ന പത്രാധിപ സമിതിയോടും മാനേജിങ് കമ്മിറ്റിയോടും ഇവിടത്തെ ഓരോ മലയാളിയും കടപ്പെട്ടിരിക്കുന്നു.
                    
മലയാള സാഹിത്യത്തിലെ നൂതനമായ പ്രവണതകളെയും അതോടൊപ്പം സഞ്ചരിക്കുന്ന സാഹിത്യകാരന്മാരെയും അമേരിക്കന്‍ മലയാളികളുടെ സ്വീകരണമുറിയില്‍ എത്തിക്കുവാന്‍ ജനനി നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണ്.
                          
കേരളത്തിലെ എഴുത്തുകാരോടൊപ്പം തലയുയര്‍ത്തി നില്‍ക്കാന്‍ അനേകം പ്രവാസി എഴുത്തുകാര്‍ക്ക് ആത്മവിശ്വാസവും പ്രോത്സാഹനവും നല്‍കുന്നതില്‍ ഒരിക്കലും പിശുക്കു കാണിച്ചിട്ടില്ലായെന്നു മാസികയുടെ ഓരോ താളുകള്‍ മറിക്കുമ്പോഴും വായനക്കാര്‍ക്ക് ബോധ്യമാകും.
                             
കഥയും, കവിതയും, വിചാരവും, വിജ്ഞാനവും, വാരിവിതറുന്ന പേജുകളില്‍ നര്‍മ്മത്തിന്റെ പൊന്‍വെളിച്ചമായി പ്രത്യക്ഷപ്പെടുന്ന വരകള്‍, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാര്‍ട്ടൂണ്‍ കലയുടെ വീണ്ടെടുപ്പ് കൂടിയാണ്. ഗൗരവകരമായ വായനക്കിടയില്‍ ഇളം തെന്നലായി ഒഴുകിയെത്തുന്ന നര്‍മ്മ ശകലങ്ങള്‍ ഏവരെയും രസിപ്പിക്കുന്നവയാണ്.
                                  
സ്വീകരിക്കലും, പൊരുത്തപ്പെടലും പൊതുസ്വഭാവമായി കൊണ്ടുനടക്കുന്ന മലയാളി ലോകത്തിന്റെ ഏതു കോണിലായാലും അവിടങ്ങളിലെ സംസ്കാരവുമായി അലിഞ്ഞു ചേരുന്നതോടൊപ്പം മാതൃഭാഷയെയും മാതൃദേശത്തെയും കൂടെ ചേര്‍ത്ത് നിര്‍ത്താറുണ്ട്. അമേരിക്കന്‍ മലയാളിയും ആ ഗണത്തില്‍ തന്നെയാണെന്ന് ഉറപ്പിക്കുന്ന അനേകം മലയാള പ്രസിദ്ധികരണങ്ങളേയും സാഹിത്യകാരന്മാരെയും ഇവിടെയും കാണാം. പല പത്രങ്ങളും തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുമ്പോള്‍ ബഹുസ്വരമായ വായനകളുടെയും പഠനങ്ങളുടെയും, പുനരെഴുത്തുകളുടെയും സാധ്യതയായി ജനനി ഇന്നും നിലകൊള്ളുന്നു. മറുനാടന്‍ മലയാളിക്ക് നല്‍കുന്ന  ഈ മഹത്തായ മാതൃസ്പര്‍ശം വര്‍ഷങ്ങളോളം തുടരാന്‍ കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക