Image

തിങ്കളാഴ്ച ഡോക്ടര്‍മാര്‍ രാജ്യവ്യാപക പണിമുടക്കിന്; പ്രതിഷേധച്ചൂടില്‍ ബംഗാള്‍

Published on 14 June, 2019
തിങ്കളാഴ്ച ഡോക്ടര്‍മാര്‍ രാജ്യവ്യാപക പണിമുടക്കിന്; പ്രതിഷേധച്ചൂടില്‍ ബംഗാള്‍
ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി സമരത്തിന്. തിങ്കളാഴ്ച ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി പണിമുടക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) അറിയിച്ചു. ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരേ നിയമനിര്‍മാണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ സമീപിക്കുമെന്നും ഐഎംഎ അറിയിച്ചു.

ഡല്‍ഹി മെഡിക്കല്‍ അസോസിയേഷന്‍ ഇന്ന് സംസ്ഥാന വ്യാപക സമരത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇതേതുടര്‍ന്ന്, എയിംസ്, സഫ്ദര്‍ജംഗ് ആശുപത്രി എന്നിവിടങ്ങളില്‍ റെസിഡന്റ് ഡോക്ടര്‍മാര്‍ സമരത്തിലാണ്. മഹാരാഷ്ട്രയില്‍ 4500 ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുന്നതു നിര്‍ത്തിയെന്ന് സംസ്ഥാനത്തെ ഡോക്ടര്‍മാരുടെ സംഘന അറിയിച്ചു. ഹൈദരാബാദിലും ഡോക്ടര്‍മാര്‍ സമരം നടത്തുന്നുണ്ട്. 

കോല്‍ക്കത്തയിലെ എന്‍ആര്‍എസ് മെഡിക്കല്‍ കോളജില്‍ രോഗി മരിച്ചതിനെ തുടര്‍ന്നു രോഗിയുടെ ബന്ധുകള്‍ പരിഭോഹോ മുഖര്‍ജി എന്ന ജൂനിയര്‍ ഡോക്ടറെ ആക്രമിച്ചിരുന്നു. ഡോക്ടര്‍മാരുടെ അശ്രദ്ധമൂലമാണ് രോഗി മരിച്ചതെന്ന് ആരോപിച്ചായിരുന്നു ബന്ധുകളുടെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഡോക്ടര്‍ ചികിത്സയിലാണ്. ഇതിനു പിന്നാലെയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി സമരം ആരംഭിച്ചത്.

സമരം നടത്തുന്ന ഡോക്ടര്‍മാര്‍ നാലു മണിക്കൂറിനുള്ളില്‍ സമരം നിര്‍ത്തിവച്ച് ജോലിക്കു കയറണമെന്നും അല്ലാത്തപക്ഷം ഹോസ്റ്റലുകള്‍ ഒഴിയേണ്ടിവരുമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി കര്‍ശന നിര്‍ദേശം നല്‍കി. ഇതാണ് ഡോക്ടര്‍മാരുടെ സമരം വ്യാപകമാക്കിയത്. മമത മാപ്പുപറയണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക