Image

ആര്‍ത്തവത്തിനുശേഷം ആനയെഴുന്നള്ളിപ്പ്! (കിഞ്ചന വര്‍ത്തമാനം2; ജോര്‍ജ് നെടുവേലില്‍, ഫ്‌ളോറിഡ)

Published on 14 June, 2019
ആര്‍ത്തവത്തിനുശേഷം ആനയെഴുന്നള്ളിപ്പ്! (കിഞ്ചന വര്‍ത്തമാനം2; ജോര്‍ജ് നെടുവേലില്‍, ഫ്‌ളോറിഡ)
സമ്പൂര്‍ണ്ണസാക്ഷരതയുടെ നാടാണ് മലയാളക്കര എന്ന്  അഭിമാനിക്കുന്നവരാണ് മലയാളികള്‍. മലയാളിയുടെ സാക്ഷരതാനിദര്‍ശനത്തെ ആരും ചോദ്യം ചൈയ്യരുത്. ചോദ്യം ചെയ്യാതെ, ചുമ്മാ അങ്ങ് വെട്ടി വിഴുങ്ങേണ്ട ചില മലയാളി ദര്ശനങ്ങള്‍ ഉണ്ട്. തനിമ, മതേതരത്വം, വിശാസം, ശുചിത്വം, പ്രതിബദ്ധത, അഴിമതിരഹിതം, മായരഹിതം  എന്നിങ്ങനെ നീണ്ടുപോകുന്നു ആ പട്ടിക.

സമ്പൂര്‍ണ്ണസാക്ഷരതയുള്ള മലയാളിക്ക് 'മാസമുറ' വെളിക്കുപറയാന്‍ കൊള്ളാത്തതാണ്, അശുദ്ധമാണ്, അറപ്പുളവാക്കുന്നതാണ്. ഈശ്വരനുപോലും ഈര്‍ച്ചയും ഇടര്‍ച്ചയും ഉണ്ടാക്കുന്നതാണെന്ന് അവന് തീര്‍ച്ചയുണ്ട്.

മുന്തിയ ശുചിത്വബോധം അവകാശപ്പെടുന്ന മലയാളി,രക്തപങ്കിലമായ  സാനിറ്ററി നാപ്പിനുകളും, മലമൂത്ര വിസര്‍ജ്ജ്യങ്ങളില്‍ കുതിര്‍ന്ന ഡയപ്പറുകളും, അടുക്കളയഴുക്കുകളും വലിച്ചെറിയുന്നത് ദേശീയപാതകളിലേക്കാണ്.

മേശക്കടിയിലൂടെ കൈവശമാകുന്ന കാശില്‍ ഒരുപങ്കു ഈശ്വരനുള്ളതാണെന്നു മലയാളിമനസ്സറിയുന്നു. അമ്പല/ പള്ളി  മേധാവികള്‍ക്ക് പിടിക്കാത്തവരെ , ഈശ്വരനും പിടിക്കില്ലെന്ന് സാക്ഷര മലയാളി മനസ്സിലാക്കിയിരിക്കുന്നു.

കേസ് ഡയറി പുണ്യവാളത്തിയുടെ കബറിടത്തില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു കേസില്‍നിന്നും വിടുതല്‍നേടാമെനു വിശ്വസിക്കുന്ന മലയാളി മതമേലദ്ധ്യക്ഷന്മാരുണ്ട്. ജപ്തിനോട്ടീസ് ആല്‍ത്തറയില്‍ വെച്ച് പൂജിക്കാനുള്ളതാണെന്നും, മന്ത്രവാദം മഹത്താണെന്നും അവന്‍റ്റെ സാക്ഷരത മന്ത്രിക്കുന്നു

പൊതുവേദികളില്‍വെച്ചുപോലും മുണ്ടുപൊക്കാനും മുണ്ടുരിയാനും സാക്ഷരമലയാളിക്ക് തെല്ലും കൂസലില്ല!

മനുഷ്യന്‍റ്റെ ഏതുവിധമായ കെടുതികളെയും കഷ്ടപ്പാടുകളെയും കെട്ടുകെട്ടിക്കാന്‍ കച്ചകെട്ടിനില്‍ക്കുന്ന ധ്യാനകേന്ദ്രങ്ങളും, തീര്‍ഥാടന കേന്ദ്രങ്ങളും,  തങ്ങളുമാരും, മന്ത്രവാദികളും സാക്ഷരകേരളത്തില്‍ അരങ്ങുതകര്‍ക്കുന്നു. ഈച്ചയാലുന്നപോലെ സാക്ഷരമലയാളി അവിടെയൊക്കെ തടിച്ചുകൂടുന്നു.

. കേസ് ജയിക്കണമോ, കുട്ടികളുണ്ടാകണമോ, രോഗം മാറണമോ, വസൂരി വരാതിരിക്കണമോ, കോഴിവസന്തയും, പാമ്പുശല്യവും പമ്പകടക്കണമോ: ഇതെല്ലാം സാധിച്ചുതരാന്‍ പരസ്പരം മത്സരിച്ചു, തക്കവും തരവും തരകും പാര്‍ത്തിരിക്കുന്ന  പുണ്യവാന്മാരും പുണ്യവാളത്തിമാരും സാക്ഷരകേരളത്തിന്‍റ്റെ പട്ടണങ്ങളിലും പ്രാന്തങ്ങളിലും സുലഭമാണ്.

പഞ്ഞവും, പട്ടിണിയും, പടയും, പേമാരിയും, വസന്തയും  ഉണ്ടാക്കുന്നത് ദുര്‍വ്വാരകോപരായ ദൈവങ്ങളാണെന്നു അവന്‍റ്റെ സാക്ഷരത ആഴത്തില്‍ അവനെ പഠിപ്പിച്ചിരിക്കുന്നു. പ്രളയവും, മടവീഴ്ചയും, കീടങ്ങളും കൃഷിനാശവും, സ്ത്രീകളുടെയും കുമാരിമാരുടെയും അടക്കഒതുക്കമില്ലാത്ത വസ്ത്രധാരണത്തില്‍ അപ്രീതനായ ഈശ്വരന്‍റ്റെ ശാപഫലമാണെന്ന പ്രബോധനത്തെ അവന്‍ തൊണ്ടതൊടാതെ  വിഴുങ്ങിയിരിക്കുന്നു. റബറിന്റ്‌റെ വിലയിടിവിനു കാരണം കര്‍ഷകര്‍ ദൈവത്തെ വേണ്ടവിധത്തില്‍ ഓര്‍ക്കാത്തതുകൊണ്ടാണെന്ന പുരോഹിത ജല്‍പ്പനം അവനെ ആകുലനാക്കുന്നു.

മതങ്ങളുടെയും രാഷ്ട്രീയത്തിന്‍റ്റെയും മൂല്യച്യുതിയില്‍ അവന് ആവലാതിയില്ല. അത് അംഗീകരിച്ചു മുന്നോട്ടു പോകാന്‍ അവന് മടിയില്ല. നാട്ടുനടപ്പ് അങ്ങനെയാണെങ്കില്‍, നടുവിലൂടെ നീങ്ങണമെന്നാണ് അവന്‍ മനസ്സിലാക്കിയിരിക്കുന്നത്. തൊഴിലില്ലായ്മയും, അടിസ്ഥാനസൗകര്യങ്ങളുടെ  അഭാവവും പോരായ്മയും, മാലിന്യനിര്‍മ്മാര്‍ജ്ജനത്തിലെ നിസംഗതയും അവനെ അലട്ടുന്നില്ല.

സാക്ഷരതയിലും സംസ്കൃതിയിലും കേമനെന്ന്  അഭിമാനിക്കുന്ന മലയാളിയുടെ മുന്നില്‍ കാണപ്പെടുന്ന പ്രധാനപ്രശ്‌നങ്ങള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കും. അടുത്തയിടയില്‍ സംഭവിച്ച പ്രളയം അവന് പ്രശ്‌നമായിരുന്നില്ല, പ്രത്യുതാ ആഘോഷിക്കാന്‍ വീണുകിട്ടിയ അവസരമായിരുന്നു. ജോലിവേലകളില്‍നിന്നും ഉത്തരവാദിത്തങ്ങളില്‍നിന്നും  വിട്ടുനിന്ന്, മദ്യത്തെ കൂട്ടുപിടിച്ചു്, കൂട്ടുകാരൊത്തു് കിട്ടിയ അവസരം അടിച്ചുപൊളിച്ചു.

വയറ്റിലാക്കിയ ലഹരിയുടെ കെട്ടുവിടുന്നതിനുമുമ്പ് മറ്റൊരു സുവര്‍ണ്ണാവസരം ശബരിമാമല സമ്മാനിച്ചു. സാക്ഷരകേരളം ആ അവസരവും അടിച്ചുപൊളിച്ചു.

മതത്തോടും വിശ്വാസത്തോടും ബന്ധപ്പെട്ടതെന്തും മലയാളിക്ക് മദ്യത്തെക്കാള്‍ മത്തു  പിടിപ്പിക്കുന്നതാണ്. പെണ്ണുടലിന്‍റ്റെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. നാലഞ്ചുമാസക്കാലത്തേക്ക്, ,

കേരളീയരുടെയും, കേരളസര്‍ക്കാരിന്റ്‌റെയും, പോലീസിന്റ്‌റെയും, കോടതികളുടെയും സമയവും ശ്രദ്ധയും കേന്ദ്രീകരിച്ചിരുന്നത് ആര്‍ത്തവമ  ടങ്ങാത്ത സ്ത്രീകളിലും ശബരിഗിരിയിലുമായിരുന്നു. ജലപ്രളയവിഷയവും മറ്റു ജനകീയ വിഷയങ്ങളും ശബരിമലപ്രശ്‌നത്തിനടിയില്‍ മുങ്ങിപ്പോയി. അമ്മയും, ഭാര്യയും സഹോദരിയും മകളുമായ സ്ത്രീജാതിയെ ആകമാനം പ്രകൃതിപരമായ മാസമുറയുടെ പേരില്‍ മാറ്റിനിറുത്താനും മര്‍ദിക്കാനും മാനംകെടുത്താനും മടിയില്ലാത്ത മലയാളിയുടെ സാക്ഷരത്വം എത്ര മഹത്തരമായിരിക്കുന്നു?

" വാലും കൊമ്പും എഴാതുള്ള  മഹിഷം തന്നെ അപ്പൂമാന്‍" എന്ന് ഒരു മലയാള കവി പരിതപിച്ചത്, സംസ്ക്കാരികമായ  അറിവുകള്‍ സ്വായത്തമാക്കിയിട്ടില്ലാത്ത മലയാളി സഹോദരങ്ങളെ അകക്കണ്ണില്‍ കണ്ടിട്ടായിരിക്കണം!

ഇതിനെല്ലാം ഇടയിലാണ് യേശുവിന്‍റ്റെ സ്‌നേഹവും കരുണയും കരുതലും ശാന്തിയും പരത്തിലെപ്പോലെ  ഭാരതത്തിലെങ്ങും പരത്താന്‍ പാടുപെടുന്ന, പലപേരുകളില്‍ പരസ്പരം പൊരുതുന്ന പള്ളിക്കാരുടെ പടയണികള്‍ അങ്കമാലിയിലും പെരുമ്പാവൂരിലും കോലഞ്ചേരിയിലും മറ്റു പലയിടങ്ങളിലും നടമാടുന്നത്.  നിയമവും, നീതിന്യായവ്യവസ്ഥയും, നിയമപാലകരും യേശുവിന്‍റ്റെ ശിഷ്യന്‍മാര്‍ക്ക് പ്രശ്‌നമല്ല. പരിശുദ്ധ പിതാക്കന്മാരുടെ പദവിയും പള്ളിയുടെ പണവും പരിരക്ഷിക്കാനാണ് അവര്‍ പരസ്പരം തല്ലുന്നതും കൊല്ലുന്നതും. സ്വര്‍ഗ്ഗരാജ്യം സ്വന്തമാക്കാനുള്ള കുറുക്കുവഴി അതാണെന്നാണല്ലോ പരിശുദ്ധപിതാക്കള്‍ പേര്‍ത്തും പേര്‍ത്തും പഠിപ്പിക്കുന്നത്.

ആനക്കാര്യം പറയാന്‍ തുടങ്ങിയതാണ്. അതിനിടയിലാണ് കുറെ ചേനക്കാര്യങ്ങള്‍ അറിയാതെ കയറിവന്നത്.

പ്രളയജലം അറേബ്യന്‍കടലില്‍ ചെന്നടിയുന്നതുമുമ്പ്, അശുദ്ധമായ ആര്‍ത്തവം ശബരിഗിരിയെ അശുദ്ധമാക്കുന്നത്തിനു തടയിടാന്‍ വിശ്വാസസമൂഹം അരയും തലയും മുറുക്കി മലമുകളിലേക്ക് പാഞ്ഞണഞ്ഞു.

ഇന്ന്,  ഒരുപിടി വിശ്വാസികളാണല്ലോ ദൈവങ്ങളെ  സൃഷ്ടിക്കുന്നതും, പരിപാലിക്കുന്നതും  ഇല്ലാതാക്കുന്നതും. ശബരിമലയെ അഗ്‌നിപര്‍വ്വത സമാനമാക്കിയശേഷം, വിശ്വാസികളുടെ ശ്രദ്ധ പെട്ടെന്നാണ് കേരളത്തിന്‍റ്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശൂരിലേക്കു തിരിഞ്ഞത്. വിശ്വാസം, അതല്ലേ എല്ലാം!  എല്ലായിടത്തും!

കരിയും കരിമരുന്നുമാണ് തൃശൂര്‍ പൂരത്തിന്‍റ്റെ താരങ്ങള്‍. അവ രണ്ടുമില്ലാത്ത പൂരത്തെപ്പറ്റി ചിന്തിക്കുന്നതുപോലും വിശ്വാസിയായ മലയാളിക്ക് ശ്വാസംമുട്ടലുണ്ടാക്കും.നൂറില്‍പരം നെറ്റിപ്പട്ടംകെട്ടിയ, കൊമ്പുയര്‍ത്തിനില്‍ക്കുന്ന ഗജവീരന്മാരാണ് പൂരത്തിനു മാറ്റേകുന്ന താരങ്ങള്‍.

പൂരത്തിന്‍റ്റെ പ്രധാന  ആകര്‍ഷണം കുടമാറ്റമാണ്. കുടമാറ്റത്തിന് തിടമ്പ് എഴുന്നള്ളിക്കുന്ന ഗജവീരന്‍ തലയെടുപ്പുള്ളവനായിരിക്കണം, അരോഗഗാത്രനായിരിക്കണം, നീണ്ട തുമ്പിക്കയ്യും വിശാലമായ ചെവികളും മുകളിലേക്കു വളഞ്ഞിരിക്കുന്ന കൊമ്പുകളോടുകൂടിയവനുമായിരിക്കണം. ഇതെല്ലാം ഒത്തിണങ്ങിയ കരിവീരന്മാരാണ്

തെച്ചിക്കോട്ടു രാമചന്ദ്രന്‍, തൃക്കടവൂര്‍ ശിവരാജ്, ചെര്‍പ്പുളശ്ശേരി രാജശേഖരന്‍,പുതുപ്പള്ളി കേശവന്‍, ഗുരുവായൂര്‍ വലിയകേശവന്‍, പാമ്പാടി രാജന്‍, ചിറക്കല്‍ കാളിദാസന്‍  എന്നിവര്‍. ഇവരുടെയൊക്കെ സാന്നിധ്യമാണ് പൂരം പൊടിപൂരമാക്കുന്നത്. തെച്ചിക്കോട്ടു രാമചന്ദ്രനാണ് ഇവരിലെ കേമന്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നെയ്തല കാവിലമ്മയുടെ തിടമ്പുമായി വടക്കുംനാഥ ക്ഷേത്രത്തിന്‍റ്റെ തെക്കേ ഗോപുരനട  കടന്നുവന്ന് പൂരം വിളംബരം ചെയ്തിരുന്ന ഗജവീരനായിരുന്നു രാമചന്ദ്രന്‍. ഈ വര്‍ഷവും പൂരവിളംബരം രാമചന്ദ്രന്‍തന്നെ നടത്തണമെന്നായിരുന്നു നെയ്തലകാവ് ക്ഷേത്ര ഭാരവാഹികളുടെ ആവശ്യം. ക്ഷേതഭാരവാഹികളും പോലീസും തമ്മിലുള്ള പ്രശ്‌നത്തിന് അത് വഴിവച്ചു.

ജനങ്ങളുടെ സുരക്ഷയിലായിരുന്നു പോലിസ് ശ്രദ്ധിച്ചത്. ജനലക്ഷങ്ങളുടെ സുരക്ഷക്ക് ഭീഷണിയായി അവര്‍ രാമചന്ദ്രനെ കണ്ടു. രാമചന്ദ്രന്‍റ്റെ പ്രശ്‌നങ്ങള്‍ പലതായിരുന്നു. ഒരു കണ്ണിന് പൂര്‍ണ്ണ കാഴ്ച നഷ്ട്ടപ്പെട്ടിരുന്നു. മറ്റേ കണ്ണന്‍റ്റെ കാഴച ഭാഗികമായിരുന്നു. സ്ത്രികളും കുട്ടികളും പാപ്പാന്മാരും അടക്കം പതിമൂന്നു പേരുടെ ജീവനാണ് രാമചന്ദ്രന്‍ അപഹരിച്ചത്. മറ്റൊരാനയെ കുത്തി മാരകമായ മുറിവേല്‍പ്പിച്ച ചരിത്രം പേറുന്നവനാണ് രാമചന്ദ്രന്‍. ഈ പശ്ചാത്തലമുള്ള രാമചന്ദ്രനെ ജനലക്ഷങ്ങള്‍ക്കിടയിലൂടെ എഴുന്നള്ളിക്കുന്നവിഷയത്തില്‍ ജില്ലാഭരണക്കൂടവും പോലീസും വിസമ്മതിച്ചു. പ്രശ്‌നത്തില്‍ ഇടപെടാന്‍ താല്‍പര്യമില്ലെന്ന് കോടതി പ്രസ്താവിച്ചു.

പിന്നെ പൂരത്തിന്‍റ്റെ പേരില്‍ അരങ്ങേറിയ പൂരം ഒന്നും പറയേണ്ട. പരമ്പരാഗതമായ ആചാരം പൂര്‍ത്തിയാക്കുന്നതിന്,  മണികണ്ഠനാലിനു അടുത്തുവരെ നെയ് തലക്കാവിലമ്മയുട തിടമ്പ് രാമചന്ദ്രന്‍ എഴുന്നള്ളിച്ചേതീരൂ എന്ന് ക്ഷേത്രക്കാര്‍ ശഠിച്ചു. രാമചന്ദ്രന് വഴിയൊരുക്കാന്‍ സ്ഥലം 
M L A യും, കൃഷി മന്ത്രിയുമായ വി . എസ് . സുനില്‍കുമാറും, ജില്ലാ കോണ്‍ഗ്രസ് തലവന്‍ ടി .എന്‍ പ്രതാപനും രംഗത്തിറങ്ങി.

ജനങ്ങളുടെ സുരക്ഷിതത്വത്തേയും നിയമവാഴ്ചയെയുംകാള്‍ ആചാരപരിപാലനമാണ്  മന്ത്രിക്കും രാഷ്ട്രീയക്കാര്‍ക്കും പ്രധാനം.

ഇതിനിടയില്‍, രാമചന്ദ്രന് കേവലം ഒരു മണിക്കൂര്‍മാത്രം സമയം അനുവദിച്ചുകൊണ്ട്  ജില്ലാഭരണകൂടം ഉറച്ചു നിന്നു. ജില്ലാഭരണകൂടത്തിന്‍റ്റെ ശക്തമായ നിലപാടുകാരണം, ആചാരങ്ങളോട് വിടപറയേണ്ടിവന്നു.നെയ്  തലക്കാവ് ക്ഷേത്രത്തില്‍നിന്നും രാവിലെതന്നെ തെച്ചിക്കോട്ടുകാവ് ദേവസ്വം വകയായ കരിവീരന്‍ ദേവീദാസന്‍ തിടമ്പുമായി വടക്കുംനാഥക്ഷേത്രപരിസ്സരത്തിലെത്തി. ദൂരംതാണ്ടി  വരാനുള്ള വിഷമംകാരണം ലോറിയില്‍കൊണ്ടുവരപ്പെട്ട തെച്ചിക്കോട്ടുകാവ് രാമചന്ദന്, ദേവീദാസന്‍ നെയ്തലക്കാവിലമ്മയുടെ തിടമ്പ് കൈമാറി.

ആര്‍ത്തവത്തിന്റ്‌റെ പേരിലുണ്ടായ അടരും ആരവവും അടങ്ങുന്നതിനുമുമ്പ് ആനയെഴുന്നള്ളിപ്പിന്‍റ്റെ പേരില്‍ കേരളത്തിന്‍റ്റെ സംസ്ക്കാരികതലസ്ഥാനത്തു പ്രശ്‌നം സൃഷ്ടിക്കാനുള്ള ചില രാഷ്ട്രീയ അരാജകവാദികളുടെ മനസ്സിലിരിപ്പ്  മണ്ണടിഞ്ഞുപോയി.

സാക്ഷരതയില്‍ കേമനെന്ന് നടിക്കുന്ന മലയാളി എടുത്തണിയുന്ന ചില പൊയ്മുഖങ്ങള്‍ നാം കാണാതെപോകരുത്. ജാതിയുടെയും ഉപജാതിയുടെയും പേരില്‍, റീത്തിന്‍റ്റെയും ലിറ്റര്‍ജിയുടെയും പേരില്‍ അവന്‍ മല്ലടിക്കും. ഷിയാ / സുന്നി വിഭാഗീയതയുടെ പേരില്‍ അവന്‍ വഴക്കടിക്കും. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും, മഹത്തായ, മാറ്റാന്‍ പാടില്ലാത്ത, ആചാരങ്ങളായി അവന്‍ ആദരിക്കും. എതിരുനില്‍ക്കുന്നവരെ തല്ലാനും, കല്ലെറിയാനും, കൊല്ലാനും അവനു മടിയില്ല. 

സാക്ഷരകേരളമെന്നതിനേക്കാള്‍, സാത്താന്‍റ്റെ കേരളമെന്ന സംജ്ഞയല്ലേ സംഗതമായത്?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക