Image

ബാലഭാസ്‌കറിന്റെ കാര്‍ യാത്ര പുനരാവിഷ്‌കരിച്ച്‌ ക്രൈംബ്രാഞ്ച്‌

Published on 15 June, 2019
ബാലഭാസ്‌കറിന്റെ കാര്‍ യാത്ര പുനരാവിഷ്‌കരിച്ച്‌ ക്രൈംബ്രാഞ്ച്‌

തിരുവനന്തപുരം: സമയം രാത്രി 11.30. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിനു സമീപത്തെ സ്വകാര്യ ലോഡ്‌ജ്‌. മൂന്നംഗ സംഘം ഒരു ഇന്നോവ കാറില്‍ തലസ്ഥാനത്തേക്ക്‌ യാത്ര തിരിച്ചു. 50-60 കിലോമീറ്റര്‍ വേഗതയിലായിരുന്നു ആ വാഹനം. 

 ഇടയ്‌ക്കുവച്ച്‌ ഡ്രൈവര്‍ ആക്‌സിലേറ്ററില്‍ കാലമര്‍ത്തി. അപ്പോള്‍ കാറിന്റെ വേഗത പൊടുന്നതനെ 100ലേക്ക്‌ കുതിച്ചു. നിമിഷങ്ങള്‍ കഴിയുന്തോളും വേഗതയും കൂടിവന്നു. കാര്‍ കൊല്ലത്തെത്താന്‍ എടുത്തത്‌ മൂന്നു മണിക്കൂറിലേറെ മാത്രം. ജ്യൂസ്‌ കടയ്‌ക്കു മുന്നില്‍ കാര്‍ ബ്രേക്കിട്ടു. 

കാറില്‍ നിന്നിറങ്ങിയത്‌ ബാലഭാസ്‌കറായിരുന്നില്ല. അവര്‍ മൂന്നുപേരുണ്ടായിരുന്നു. സിവില്‍ വേഷം ധരിച്ച പൊലീസ്‌ ഉദ്യോഗസ്ഥന്‍ ഡ്രൈവിംഗ്‌ സീറ്റില്‍ നിന്ന്‌ പുറത്തിറങ്ങി. ജ്യൂസ്‌ വാങ്ങി ഇടത്‌ മുന്‍സീറ്റിലും പിന്‍ സീറ്റിലും ഇരുന്ന സഹ ഉദ്യോഗസ്ഥര്‍ക്ക്‌ നല്‍കി. 

 ബാലഭാസ്‌കറിന്റെ അപകടമരണത്തിന്റെ ദുരൂഹത അകറ്റാന്‍ ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്ഥര്‍ ആ യാത്ര പുനരാവിഷ്‌കരിക്കുകയായിരുന്നു.

ബാലാഭാസ്‌കറിന്റെ വാഹനം സഞ്ചരിച്ച അതേ വേഗത്തില്‍ സമാനപാതയിലൂടെയായിരുന്നു യാത്ര. ബാലഭാസ്‌കറിന്റെ യാത്രയുടെ അതേ സമയത്തായിരുന്നു ക്രൈംബ്രാഞ്ചിന്റെയും സഞ്ചാരം. 

വാഹനം കടന്നുപോകുമ്‌ബോള്‍ യാത്ര ക്യാമറയില്‍ പതിയാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍, എത്തിചേരാന്‍ വേണ്ടിവന്ന സമയം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ചു. കൊല്ലം പള്ളിമുക്കില്‍ ബാലഭാസ്‌കറും അര്‍ജുനും ജ്യൂസ്‌ കുടിച്ച കടയില്‍ ഉള്‍പ്പെടെ തെളിവെടുപ്പ്‌ നടത്തി.

അപകട മരണത്തില്‍ നിര്‍ണായക തെളിവുകള്‍ ക്രൈംബ്രാഞ്ചിന്‌ ലഭിച്ചു. അതേസമയം ബാലുവിന്റെ സാമ്‌ബത്തിക ഇടപാടുകളെ കുറിച്ചുള്ള അന്വേഷണത്തിന്‌ ഡിആര്‍ഐയ്‌ക്ക്‌ ക്രൈംബ്രാഞ്ച്‌ നോട്ടീസ്‌ നല്‍കി. സ്വാഭാവിക അപകടമെന്നാണ്‌ നിഗമനമെങ്കിലും സംഭവത്തിലെ മറ്റു വശങ്ങളും പരിശോധിച്ചു വരികയാണ്‌. 

ബാലുവുമായി ബന്ധമുണ്ടായിരുന്നതും പിന്നീട്‌ പിണങ്ങിപ്പോയവരുമായവരെ ചുറ്റിപ്പറ്റി അന്വേഷണം നടക്കുകയാണ്‌. വാഹനം ഓടിച്ചത്‌ ആരെന്ന കാര്യത്തില്‍ മാത്രമാണ്‌ തര്‍ക്കം നിലനില്‍ക്കുന്നത്‌. ഇതുവരെയുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ അര്‍ജുനാണ്‌ വാഹനം ഓടിച്ചതെന്നാണ്‌ നിഗമനം.

എന്നാല്‍ കെഎസ്‌ആര്‍ടിസി ഡ്രൈവറുടെ മൊഴി നേരെ തിരിച്ചാണ്‌. അതിനാല്‍ ഫോറന്‍സിക്‌ പരിശോധനാഫലം വന്നശേഷമേ ഇക്കാര്യത്തില്‍ വ്യക്ത വരുത്താനാകു. 

 ഒരാഴ്‌ചയ്‌ക്കുള്ളില്‍ കേസിനെ കുറിച്ചുള്ള ദുരൂഹത മാറുമെന്ന്‌ ഡിവൈഎസ്‌പി ഹരികൃഷ്‌ണന്‍ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത്‌ കേസുമായി ബന്ധപ്പെട്ട്‌ നിര്‍ണായക തെളിവുകള്‍ ഡിആര്‍ഐയ്‌ക്ക്‌ കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക