Image

നഗരങ്ങളെ മാലിന്യവിമുക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്‌ വിപുലമായ പദ്ധതി

Published on 15 June, 2019
നഗരങ്ങളെ മാലിന്യവിമുക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്‌ വിപുലമായ പദ്ധതി


ന്യൂഡല്‍ഹി : നഗരങ്ങളെ മാലിന്യവിമുക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്‌ വിപുലമായ പദ്ധതി. ഇതിനായി മാലിന്യ സംസ്‌ക്കരണം എങ്ങിനെ വേണമെന്നതിനെ കുറിച്ച്‌ സ്‌കൂള്‍ തലം മുതല്‍ ആരംഭിയ്‌ക്കാനാണ്‌ പദ്ധതി. 

സ്വച്ഛ്‌ ഭാരത്‌ പദ്ധതിയുടെ രണ്ടാം ഘട്ടമായി, വിപുലമായ മാലിന്യ സംസ്‌കരണപദ്ധതിക്കും അതുവഴി പുതിയൊരു വൃത്തി സംസ്‌കാരത്തിനും തുടക്കമിടാനാണ്‌ വകുപ്പുകള്‍ക്കുള്ള നിതി ആയോഗിന്റെ നിര്‍ദേശം.

മാലിന്യസംസ്‌കരണത്തിന്റെ ബാലപാഠങ്ങള്‍ കുട്ടികളില്‍നിന്നുതന്നെ തുടങ്ങുന്നതിന്‌ മാലിന്യ സംസ്‌കരണ രീതികള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സ്‌കൂള്‍ സിലബസുകളില്‍ ഉള്‍പ്പെടുത്തും. ഇത്‌ പഠിപ്പിക്കാന്‍ അധ്യാപകര്‍ക്കു പ്രത്യേക പരിശീലനം നല്‍കും. നിതി ആയോഗിന്റെ 'പുതിയ ഇന്ത്യ' എന്ന പദ്ധതിരേഖയിലാണ്‌ ഈ പദ്ധതികള്‍ ഉള്‍പ്പെടുത്തിയത്‌.

കേന്ദ്രത്തിന്റെ എല്ലാ വകുപ്പുകളിലേക്കും സ്വച്ഛ്‌ പദ്ധതി 'കണക്‌ട്‌'ചെയ്യാനും നിതി ആയോഗില്‍ തീരുമാനമുണ്ട്‌. 100 ടൂറിസം കേന്ദ്രങ്ങളില്‍ പ്രത്യേക സ്വച്ഛ്‌ ടൂറിസം പദ്ധതിയില്‍പ്പെടുത്തി മാലിന്യസംസ്‌കരണ പ്ലാന്റുകളും ആത്മീയ, പൈതൃക പ്രാധാന്യമുള്ള 100 നഗരങ്ങളില്‍ മാലിന്യസംസ്‌കരണപദ്ധതികളും നടപ്പാക്കാനാണ്‌ ടൂറിസം വകുപ്പിനോടു നിര്‍ദേശിച്ചിട്ടുണ്ട്‌.

അധികാരത്തിലേക്കുള്ള രണ്ടാവരവിനു ബിജെപിയെ സഹായിച്ച ശുചിമുറി പദ്ധതി ഗ്രാമീണ മേഖലയില്‍ കൂടുതല്‍ വ്യാപിപ്പിക്കും. 81% ഗ്രാമങ്ങളിലും ഇപ്പോള്‍ത്തന്നെ പദ്ധതി വഴി വീടുകളില്‍ ശുചിമുറി സ്ഥാപിച്ചുകഴിഞ്ഞുവെന്നാണ്‌ വിലയിരുത്തല്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക