Image

എറിക്കയുടെ ഫാതെര്‍സ് ഡേ ദൈവത്തിന്റെ വിചിത്രമായ നര്‍മ്മം (വാല്‍ക്കണ്ണാടി: കോരസണ്‍)

Published on 15 June, 2019
എറിക്കയുടെ ഫാതെര്‍സ് ഡേ  ദൈവത്തിന്റെ വിചിത്രമായ നര്‍മ്മം (വാല്‍ക്കണ്ണാടി: കോരസണ്‍)
"WISH YOU A GREAT FATHER'S DAY!!" ഫോട്ടോ കോപ്പി മെഷീന് അടുത്തുനിന്നും പെട്ടന്നുള്ള ആശംസ കേട്ട് തിരിഞ്ഞു നോക്കി . പുറകില്‍ നില്‍ക്കുന്ന സഹപ്രവര്‍ത്തക  എറിക്കയാണ്. നന്ദി, ഭര്‍ത്താവു ജെഫിനും ആശംസകള്‍ കൊടുത്തേക്കുക. ശരി പറഞ്ഞേക്കാം, എന്റെ ഡാഡിയെ  ഒന്നു ശരിക്കു കാണാന്‍ പോലും പറ്റിയില്ല, ഒരു വലിയ ദീര്‍ഘനിശ്വാസത്തോടെ അവര്‍ അത് പറഞ്ഞു നിറുത്തിയത് വിതുമ്പലോടെയാണ് . ഒന്നും പറയാനാവാതെ തിരികെ നടന്നു. കണ്ണ് തുടച്ചുകൊണ്ട് പേപ്പറുമായി തിരിച്ചുപോകുന്ന എറിക്കയുടെ ചിത്രം വല്ലാതെ വേദനിപ്പിച്ചു.

ഒരു യൂണിറ്റില്‍ കുറെക്കാലം ഒന്നിച്ചു ജോലിചെയ്ത പരിചയവും അപ്പോള്‍ പരസ്പരം പങ്കുവച്ച ജീവിത അനുഭവങ്ങളും ഉണ്ട്. ഇപ്പോള്‍ മറ്റൊരു ഡിപ്പാര്‍ട്‌മെന്റിലാണ് ജോലി എങ്കിലും ഒരേ ഫ്‌ലോറിലാണ് ഞങ്ങള്‍. അപ്പോള്‍ ഓര്‍ത്തില്ല എങ്കിലും എറീക്കയുടെ പിതാവ് അവരുടെ ചെറുപ്പത്തില്‍ മരണപ്പെട്ടു എന്ന് ഒരിക്കല്‍ പറഞ്ഞത് ഓര്‍ത്തു. ഒന്ന് സമാധാനിപ്പിക്കാമെന്നു കരുതി അവരുടെ മുറിയിലേക്കു ചെന്നു. അപ്പോള്‍ അവര്‍ അവരുടെ പിതാവിന്റെ
പഴയ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം കയ്യില്‍ പിടിച്ചു നോക്കിയിരിക്കുകയായിരുന്നു.

എറിക്ക, എനിക്കറിയാം നിങ്ങള്‍ അച്ഛനെ വല്ലാതെ മിസ്സ് ചെയ്യുന്നു എന്നത്.എന്റെ പിതാവും കടന്നുപോയിട്ടു ഏഴു വര്ഷങ്ങളായി, ഇന്നും കടന്നുപോയി എന്ന്  വിശ്വസിക്കാതിരിക്കയാണ്. അതുകൊണ്ടു എല്ലാ കാര്യങ്ങളും അങ്ങോട്ട് ചോദിക്കാറുണ്ട്,പറയാറുണ്ട്, അത്രയ്ക്ക് അടുത്ത ഒരു ആത്മബന്ധം ഉണ്ടായിരുന്നു. അങ്ങനെതന്നെ വിശ്വസിക്കൂ, അവര്‍ സജ്ജീവരായി നമ്മോടൊപ്പം ഉണ്ട് എന്ന ഒരു വിശ്വാസമാണ് നമുക്ക് നല്ലത്. ആട്ടെ എങ്ങനെയാണു പിതാവ് വേര്‍പിരിഞ്ഞത്? 

എറിക്ക അവരുടെ കഥ പറയാന്‍ തുടങ്ങി:

"ഞങ്ങള്‍ സൗത്ത് അമേരിക്കയിലെ കൊളംബിയയിലാണ് വളര്‍ന്നത്.ബൊഗോട്ടയുടെ പടിഞ്ഞാറാണ് കാലീ എന്ന പട്ടണം. വലിപ്പം കൊണ്ടും സാന്ദ്രതകൊണ്ടും കൊളംബിയയുടെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ നഗരമാണ്. എനിക്ക് അന്ന് പതിനഞ്ചു വയസ്സാണ്, ഒരു സ്കൂള്‍വര്‍ക്ക് ചെയ്യാന്‍ എന്റെ കൂട്ടുകാരിയുടെ വീട്ടിലായിരുന്നു, ആരോ വന്നു വീട്ടിലേക്കു കൂട്ടികൊണ്ടുപോയി, അച്ഛന്‍ അപകടത്തിലാണെന്ന് പറഞ്ഞു. ഞങ്ങള്‍ ഏഴുപേരില്‍ മൂത്തയാളാണ് ഞാന്‍, ഇളയ ആള്‍ക്ക് രണ്ടു വയസ്സ് കാണും.

"അച്ഛന്‍ ജോര്‍ജ് സാ ഹെറാന്‍ മികച്ച ഒരു ഷെഫ് എന്നപേരില്‍ നഗരത്തില്‍ അറിയപ്പെട്ടിരുന്നു. അച്ഛന്റെ ഏറ്റവും വലിയ വിനോദം മീന്‍ പിടിക്കലായിരുന്നു. അന്ന് ഒരു തെളിഞ്ഞ ഒഴിവുദിനം. അദ്ദേഹം തന്റെ ബോട്ടുമായി ഡാന്യൂബിയോയിലുള്ള ആള്‍ട്ടോ ആഞ്ചിക്കായ തടാകത്തിലേക്കാണ് പോയത്. അത് വീട്ടില്‍ നിന്നും ഏതാണ്ട് 4 മൈല്‍ ദൂരം ഉണ്ട്. റിസെര്‍വോയറിനു അടുത്ത് മീന്‍പിടിക്കാന്‍ പതിവായി ആളുകള്‍ പോകാറുണ്ടായിരുന്നു. വിശാലമായ തടാകത്തിന്റെ ശാന്തമായ അന്തരീക്ഷത്തില്‍ പ്രകൃതിയും സൃഷ്ടികളും കൈകോര്‍ത്തു നില്‍ക്കുന്ന അസുലഭ നിമിഷങ്ങള്‍ എന്നും അച്ഛനെ ഭ്രമിപ്പിച്ചിരുന്നു. രണ്ടു വലിയ മലകക്കിടയിലൂടെ കടന്നുവരുന്ന ജലാശയം മേഘക്കെട്ടുകള്‍ തുടിച്ചുനില്‍ക്കുന്ന നീലാകാശം.

"പൊടുന്നനെയാണ് അത് സംഭവിച്ചത്. എവിടുന്നോ ഞൊടിയിടയില്‍ അടിച്ചുവന്ന മലവെള്ളപ്പാച്ചിലില്‍ ജോര്‍ജിന്റെ വള്ളം മറിഞ്ഞു. മലവെള്ളപ്പാച്ചിലില്‍ എക്കലും വെള്ളവുമായി തടാകത്തിനുമേല്‍ സമുദ്രം തള്ളിക്കയറിയതുപോലെ. ഒപ്പം നിന്ന് മീന്‍ പിടിച്ച സുഹൃത്ത് നോക്കുമ്പോള്‍ ജോര്‍ജ്ജ് കൈ പൊക്കി നീന്തി രക്ഷപെടാനുള്ള ശ്രമമായിരുന്നു. സമുദ്രം ചെറുതടാകത്തെ വിഴുങ്ങുന്ന അനുഭവമായിരുന്നു. ആ മലവെള്ളപ്പാച്ചിലില്‍ ജോര്‍ജ്ജ് മാത്രം കാണാനില്ലാതായി. ദിവസങ്ങള്‍ നീണ്ട തിരച്ചലില്‍ ഒരു അവശിഷ്ടവും തരാതെ അദ്ദേഹം അപ്രത്യക്ഷമായി. അവിടെ ചെറു മലയുടെ മുകളില്‍ ഒരു കല്ല് അച്ഛനായി ഞങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതാണ് ആകെ അദ്ദേഹത്തിന്റെ ഓര്‍മ്മയുടെ അടയാളം. ആ തടാകത്തിന്റെ അടിയിലെവിടെയെങ്കിലും എന്റെ എന്റെ അച്ഛന്‍ ഉണ്ടാവും. ഏറ്റവും അവസാനം കണ്ട മുഖമാണ് ഇപ്പോഴും എന്റെ മനസ്സില്‍. സദാ പൊട്ടിച്ചിരിക്കുന്ന നിറഞ്ഞ പ്രകാശം പരത്തുന്ന പ്രകൃതം. എന്തൊരു ഊര്‍ജ്ജമായിരുന്നു അച്ഛന്.  

"പിന്നെ എന്റെ അച്ഛനും അമ്മയുമെല്ലാം അമ്മയായിരുന്നു. ഞങ്ങള്‍ ഏഴുപേരുടെയും കാര്യങ്ങള്‍ കൃത്യമായി നോക്കാന്‍ പാകത്തില്‍ 'അമ്മ സ്വയം ആയിത്തീരുകയായിരുന്നു. അതുകൊണ്ടു ഓരോ ഫാതെര്‍സ് ഡേ കാര്‍ഡും ഞാന്‍ അമ്മക്കായി കൊടുത്തിരുന്നു. 'അമ്മ ഒരു വലിയ കമ്പനിയില്‍ ജോലിക്കുപോയി. ഞങ്ങളെ എല്ലാവരെയും വളരെ ചിലവുള്ള കത്തോലിക്ക സ്കൂളില്‍ തന്നെ പഠിപ്പിച്ചു. ഡ്രഗ്ഗും അക്രമവും നിറഞ്ഞുനിന്ന ആ നഗരത്തില്‍ പിതാവിന്റെ അഭാവമില്ലാതെ ആരെയും നഷ്ടപ്പെടുത്താതെ 'അമ്മ നന്നായി വളര്‍ത്തി, പഠിപ്പിച്ചു.  ഞങ്ങളില്‍ 4 പേര്‍ ഫ്രാന്‍സിലും ഒരാള്‍ ഓസ്‌ട്രേലിയയിലും സഹോദരന്‍ അമ്മയോടൊപ്പം കാലിയിലും ഉണ്ട്. 'അമ്മ പൂക്കള്‍ നിറഞ്ഞ തോട്ടത്തിന്റെ നടുവിലുള്ള സ്വന്തം ഭവനത്തില്‍ ഇപ്പോഴും ഉണ്ട്. ഇടയ്ക്കു ഞങ്ങളെ കാണാന്‍ എല്ലായിടത്തും മാറി മാറി വരും. അച്ഛന്റെ നനുത്ത ഓര്‍മ്മകളെ വിട്ടു എവിടേക്കും പോകാന്‍ 'അമ്മ തയ്യാറില്ല. അമ്മയുടെ ദൈവവിശ്വാസവും പ്രാര്‍ഥനകളുമാണ് ഞങ്ങളെ ഇന്നും ഒരുമിച്ചു നിറുത്തുന്നത്. പതിവ് പോലെ എന്റെ അമ്മക്കാണ് ഞാന്‍ ഫാതെര്‍സ് ഡേ വിഷ് പറയുന്നത്. ഇത് പറയുമ്പോള്‍ എപ്പോഴും പൊട്ടിച്ചിരിക്കുന്ന എറിക്കയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.  

"എന്റെ മകള്‍ ഇസബെല്ലക്ക് രണ്ടു വയസ്സായി. അവള്‍ എന്റെ ഭര്‍ത്താവു ജെഫിനൊപ്പം പങ്കുവെയ്ക്കുന്ന നിമിഷങ്ങള്‍ ഞാന്‍ ഓര്‍ത്തു വയ്ക്കുകയാണ്. എന്റെ ഓര്‍മ്മയിലെ അച്ഛന്‍ അതുപോലെ തന്നെയായിരുന്നു. മരിച്ചു കിടക്കുന്ന അച്ഛനെ എനിക്ക് കാണാന്‍ സാധിച്ചില്ല, അതുകൊണ്ടു മരിച്ചുപോയി എന്ന് സങ്കല്‍പ്പിക്കാന്‍ കൂടി കഴിയില്ല. എത്ര ക്രൂരമാണ് വിധിയുടെ വിളയാട്ടം. തെളിഞ്ഞ സന്ദര്ഭങ്ങളിലും നമ്മുടെ സന്തോഷങ്ങളെ തട്ടിയെടുത്തുഓടാനും നമ്മുടെ സ്വപ്നങ്ങളെ തല്ലിക്കെടു ത്താനും ദൈവം ഓരോ വഴി കണ്ടു പിടിക്കുകയാവാം. 30 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും അന്ന് ഞങ്ങള്‍ക്കുവേണ്ടി പിടിച്ച മീന്‍ ഇന്നും അച്ഛന്റെ കൈയ്യില്‍ ഉണ്ടാവും. അത് ഞങ്ങള്‍ക്ക് തരാന്‍ അച്ഛന്‍ വരാതിരിക്കില്ല.(ഒരു തമാശ പറയുന്നപോലെ എറിക്ക പൊട്ടിച്ചിരിച്ചു). എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായിരുന്നു അച്ഛന്‍, എന്റെ സ്വീറ്റ് സിക്സ്റ്റീന്‍ പാര്‍ട്ടിക്കായി അച്ഛന്‍ എന്തൊക്കെ മനസ്സില്‍ കരുതിക്കാണണം.

"ദൈവത്തിന്റെ നര്‍മ്മബോധം വിചിത്രമാണ്, എല്ലാം അവന്റെ സമയവും കാലവുമാണ്. നാമൊക്കെ അവന്റെ ചതുരംഗപ്പലകയിലെ കാലാളുകള്‍". ഇതുപറയുമ്പോള്‍ എറിക്കയുടെ മുഖത്തു അറിയാതെ ഒരു പ്രകാശം വന്നു നിറയുന്നപോലെ തോന്നി. ഒന്നും നഷ്ടപ്പെട്ടിട്ടില്ല , അച്ഛനും.

എറിക്കയുടെ ഫാതെര്‍സ് ഡേ  ദൈവത്തിന്റെ വിചിത്രമായ നര്‍മ്മം (വാല്‍ക്കണ്ണാടി: കോരസണ്‍)എറിക്കയുടെ ഫാതെര്‍സ് ഡേ  ദൈവത്തിന്റെ വിചിത്രമായ നര്‍മ്മം (വാല്‍ക്കണ്ണാടി: കോരസണ്‍)എറിക്കയുടെ ഫാതെര്‍സ് ഡേ  ദൈവത്തിന്റെ വിചിത്രമായ നര്‍മ്മം (വാല്‍ക്കണ്ണാടി: കോരസണ്‍)എറിക്കയുടെ ഫാതെര്‍സ് ഡേ  ദൈവത്തിന്റെ വിചിത്രമായ നര്‍മ്മം (വാല്‍ക്കണ്ണാടി: കോരസണ്‍)എറിക്കയുടെ ഫാതെര്‍സ് ഡേ  ദൈവത്തിന്റെ വിചിത്രമായ നര്‍മ്മം (വാല്‍ക്കണ്ണാടി: കോരസണ്‍)
Join WhatsApp News
വായനക്കാരൻ 2019-06-15 13:52:32
കണ്ണ് നിറഞ്ഞല്ലോ, നന്നായിരിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക