Image

ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ ബ്ലിറ്റ്‌സ്‌ കിരീടം നിഹാല്‍ സരിന്‌

Published on 16 June, 2019
ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ ബ്ലിറ്റ്‌സ്‌ കിരീടം നിഹാല്‍ സരിന്‌


തൃശൂര്‍ : എലോ റേറ്റിങ്ങില്‍ 2600 പോയിന്റ്‌ കൈവരിച്ച ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ലോകതാരമെന്ന റെക്കോര്‍ഡിനു പിന്നാലെ മലയാളി ഗ്രാന്‍ഡ്‌ മാസ്റ്റര്‍ നിഹാല്‍ സരിന്‍ വീണ്ടും അത്ഭുതക്കുട്ടിയായി. ഏഷ്യയിലെ ഒന്നാം നമ്‌ബര്‍ ഗ്രാന്‍ഡ്‌ മാസ്റ്റര്‍മാരടക്കം പങ്കെടുത്ത ഏഷ്യന്‍ കോണ്ടിനന്റല്‍ ഓപ്പണ്‍ ആന്‍ഡ്‌ വിമന്‍സ്‌ ചാംപ്യന്‍ഷിപ്പില്‍ ബ്ലിറ്റ്‌സ്‌ കിരീടം പതിനാലുകാരനായ നിഹാല്‍ സരിന്‌. 

ചൈനയില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ ഓപ്പണ്‍ വിഭാഗത്തില്‍ നാലാം സ്ഥാനമെന്ന ചരിത്രനേട്ടവും നിഹാല്‍ കുറിച്ചു. ഒന്‍പതു റൗണ്ടുകളില്‍ എട്ടു പോയിന്റ്‌ നേടിയാണ്‌ നിഹാലിന്റെ പടയോട്ടം. ഇതോടെ ഫിഡെ എലോ റേറ്റിങ്ങില്‍ നിഹാലിന്റെ നേട്ടം 2654 പോയിന്റ്‌ ആയി ഉയര്‍ന്നു. ഇന്ത്യന്‍ ഗ്രാന്‍ഡ്‌മാസ്റ്റര്‍മാരായ എസ്‌.എല്‍. നാരായണന്‍, ഇ. അര്‍ജുന്‍, ചന്ദ സന്ദീപന്‍, ദീപ്‌ സെന്‍ഗുപ്‌ത തുടങ്ങിയവരടക്കം 26 ഗ്രാന്‍ഡ്‌മാസ്റ്റര്‍മാര്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. 

മൂന്ന്‌, നാല്‌ റൗണ്ടുകളില്‍ തലനാരിഴയ്‌ക്കു സമനില വഴങ്ങിയതൊഴിച്ചാല്‍ ഏഴു റൗണ്ടുകളിലും വിജയിച്ചു മുന്നേറി. ബ്ലിറ്റ്‌സ്‌ റൗണ്ടില്‍ നിഹാല്‍ എല്ലാക്കാലത്തും പിന്തുടര്‍ന്ന മികവിനു ചൈനീസ്‌ ടൂര്‍ണമെന്റിലും കോട്ടം തട്ടിയില്ല.

ഒരു മാസം മുന്‍പ്‌ സ്വീഡനിലെ മല്‍മോയില്‍ നടന്ന സീഗ്മാന്‍ ആന്‍ഡ്‌ കോ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത്‌ എലോ റേറ്റിങ്ങില്‍ നിഹാല്‍ 2600 പോയിന്റ്‌ എന്ന നാഴികക്കല്ല്‌ പിന്നിട്ടിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനാണ്‌ നിഹാല്‍. 2600 എലോ റേറ്റിങ്‌ പിന്നിടുന്ന പ്രായംകുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ്‌ മുന്‍പ്‌ പരിമര്‍ജന്‍ നേഗിയുടെ പേരിലായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക