Image

ജോസഫിനൊപ്പമല്ലെന്ന സന്ദേശം നല്‍കി സി എഫ് തോമസ്‌ രംഗത്ത്

Published on 16 June, 2019
ജോസഫിനൊപ്പമല്ലെന്ന സന്ദേശം നല്‍കി സി എഫ് തോമസ്‌ രംഗത്ത്

കോട്ടയം : രാവിലെ പിളര്‍പ്പിനൊപ്പമല്ലെന്ന് പറഞ്ഞ് ജോസഫ് പക്ഷത്തെന്നു സൂചന നല്‍കിയ സി എഫ് തോമസ് എം എല്‍ എ ജോസ് കെ മാണി ചെയര്‍മാനായി തെരെഞ്ഞെടുക്കപെട്ട ശേഷം നിലപാട് മയപ്പെടുത്തി രംഗത്തെത്തിയത് ശ്രദ്ധേയമായി. പാര്‍ട്ടി വിടില്ലെന്നായിരുന്നു സി എഫ് തോമസിന്റെ പ്രതികരണം. ഇലക്ഷന്‍ കമ്മീഷന്‍ അംഗീകരിക്കുന്ന കേരളാ കോണ്‍ഗ്രസ് ഘടകത്തിന്റെ ഭാഗമായി താന്‍ തുടരും എന്നും തോമസ് പറഞ്ഞു. ഫലത്തില്‍ ഇരു ഗ്രൂപ്പുകള്‍ക്കും ഒപ്പമുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ സി എഫ് ഒരുക്കമല്ല.

ഇതോടെ 2 എം എല്‍ എ മാര്‍ വീതം ജോസ് - ജോസഫ് വിഭാഗങ്ങളിലും ഒരാള്‍ വിജയിക്കുന്ന കേരളാ കോണ്‍ഗ്രസിനൊപ്പവും എന്നതാണ് സ്ഥിതി. എംപിമാര്‍ അംഗങ്ങളായ പാര്‍ട്ടിക്കായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്‍ഗണന ലഭിക്കുക. പാര്‍ട്ടിയുടെ 2 എംപിമാരും ജോസ് കെ മാണിക്കൊപ്പമാണ്. അങ്ങനെ വന്നാല്‍ ജോസ് കെ മാണി വിഭാഗത്തിനായിരിക്കും ഇലക്ഷന്‍ കമ്മീഷന്‍ അംഗീകാരത്തിനു സാധ്യത.

മുന്‍പ് മാണി വിഭാഗത്തില്‍ നിന്നും കൂറുമാറിയ തോമസ് ഉണ്ണിയാടന്‍, ജോയ് എബ്രഹാം എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തില്ല . ഉച്ചയ്ക്ക് സി എസ് ഐ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ് കെ മാണി തെരെഞ്ഞെടുക്കപെട്ടത് .

മുതിര്‍ന്ന അംഗം ഇ ജെ ആഗസ്തിയാണ് പേര് നിര്‍ദേശിച്ചത്. പികെ സജീവ് പിന്താങ്ങി. 2 എം എല്‍ എ മാരും പാര്‍ട്ടിയുടെ 2 എംപിമാരും പങ്കെടുത്ത യോഗത്തില്‍ സംസ്ഥാന കമ്മിറ്റിയിലെ 325 അംഗങ്ങള്‍ പങ്കെടുത്തതായാണ് വിവരം . 437 ആണ് സംസ്ഥാന കമ്മിറ്റിയുടെ അംഗബലം. ഇതില്‍ 312 പേരാണ് രജിസ്റ്ററില്‍ ഒപ്പിട്ടത് . ജോസ് കെ മാണി, റോഷി അഗസ്റ്റിന്‍, എന്‍ ജയരാജ് ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ ഒപ്പിട്ടിട്ടില്ല. അതുള്‍പ്പെടെയാണ് 325 അംഗങ്ങളുടെ പിന്തുണ ജോസ് കെ മാണി വിഭാഗം അംഗീകരിക്കുന്നത്.

ഓരോ ജില്ല തിരിച്ചുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി , രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് സംസ്ഥാന കമ്മിറ്റി അംഗങ്ങളെ യോഗം നടന്ന സി എസ് ഐ ഓഡിറ്റോറിയത്തിലേയ്ക്ക് കടത്തിവിട്ടത്. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്ക് മാത്രമായിരുന്നു ഹാളിനുള്ളിലേയ്ക്ക് പ്രവേശനം. പിന്നീട് തര്‍ക്കങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഹാളിനുള്ളില്‍ പ്രവേശിക്കുന്നതിന് മുന്‍പേ തന്നെ ഇവര്‍ രജിസ്റ്ററില്‍ ഒപ്പിട്ട ശേഷമായിരുന്നു യോഗത്തില്‍ പങ്കെടുത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക