Image

പാലാരിവട്ടം പാലത്തിൽ ഇ ശ്രീധരനും സംഘവും പരിശോധന നടത്തി

Published on 17 June, 2019
പാലാരിവട്ടം പാലത്തിൽ ഇ ശ്രീധരനും സംഘവും പരിശോധന നടത്തി
കൊച്ചി: സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച‌് ഡിഎംആർസി മുഖ്യ ഉപദേഷ‌്ടാവ‌് ഇ ശ്രീധരനോടൊപ്പം തിങ്കളാഴ‌്ച പാലാരിവട്ടം മേൽപ്പാലത്തിന്റെ ബലക്ഷയം പരിശോധിക്കാനെത്തി. സംഘത്തിൽ പ്രൊഫ. മഹേഷ‌് ഠണ്ടനും ചെന്നൈ ഐഐടിയിലെ അളഗു സുന്ദരമൂർത്തിയും പങ്കെടുത്തു. 

സ‌്ട്രക‌്ചറൽ എൻജിനിയറിങ്ങിൽ അന്താരാഷ‌്ട്ര അംഗീകാരമുള്ള എഴുപത്തിയെട്ടുകാരനായ  മഹേഷ‌് ഠണ്ടൻ, ഡൽഹി മെട്രോ റെയിൽ നിർമാണകാലംമുതൽ ഇ ശ്രീധരനുമായി ചേർന്ന‌് പ്രവർത്തിച്ചുവരികയാണ‌്. പാലാരിവട്ടം മേൽപ്പാലത്തിൽ ഗുരുതര അപാകമാണുള്ളതെന്ന‌് നേരത്തെ ഇ ശ്രീധരൻ അഭിപ്രായപ്പെട്ടിരുന്നു. പരിശോധനാസംഘത്തിൽ ഠണ്ടനെയും ഉൾപ്പെടുത്തിയത‌് ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ‌്.

ഭൂകമ്പബാധിത പ്രദേശങ്ങളിലെ പുനർനിർമാണങ്ങൾക്ക‌് രാജ്യത്തിനകത്തും പുറത്തും നേതൃത്വം നൽകിയിട്ടുള്ള ഠണ്ടൻ, നിർമാണപ്പിഴവ‌ുമൂലം ഗുരുതര ബലക്ഷയം വന്ന പാലാരിവട്ടം പാലം പുനരുദ്ധരിക്കാനുള്ള മികച്ച നിർദേശം നൽകുമെന്നാണ‌് പ്രതീക്ഷ.

പരിശോധനാസംഘത്തിൽ ഐഐടികളിലെ വിദഗ‌്ധരും ദേശീയപാത അതോറിറ്റിയിലെ എൻജിനിയർമാരും ഇടപ്പള്ളി, ചമ്പക്കര മേൽപ്പാലങ്ങളുടെ ഡിസൈൻ നിർവഹിച്ച ശ്രീഹരി കൺസൾട്ടന്റ‌്സിലെ ഷൈൻ വർഗ‌ീസും ഉണ്ടാകുമെന്ന‌് ഇ ശ്രീധരൻ പറഞ്ഞു. രാവിലെ എട്ടിനാണ‌് സംഘം പാലത്തിൽ വിശദപരിശോധന നടത്തിയത്. തുടർന്ന‌് ഡിഎംആർസി കൊച്ചി ഓഫീസിൽ ചർച്ച നടത്തും. പരിശോധനയിലെ കണ്ടെത്തലും തുടർനടപടി സംബന്ധിച്ച നിർദേശവും സംസ്ഥാന സർക്കാരിന‌് സമർപ്പിക്കുമെന്നും ഇ ശ്രീധരൻ പറഞ്ഞു.

പാലം പൊളിച്ചുനീക്കാതെ പുനരുദ്ധാരണം സാധ്യമാണോ എന്നതിന‌് ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള പരിശോധനയിലൂടെ അവസാന തീർപ്പുണ്ടാകും. ഗർഡറുകളെല്ലാം മാറ്റണമെന്നാണ‌് ശ്രീധരൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നത‌്.  പാലം നിർമാണത്തിലെ ഗുരുതര പിഴവ‌് അക്കമിട്ട‌് നിരത്തിയ ചെന്നൈ  ഐഐടിയിലെ റിപ്പോർട്ടിൽ അറ്റകുറ്റപ്പണികൾ നടത്തി പാലം പുനരുദ്ധരിക്കാനാകുമെന്ന‌് അഭിപ്രായപ്പെട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക