Image

ഒരിക്കല്‍ മരിച്ചു പോയവളുടെ ഉദ്യാനം. (കഥ: ശ്യാം സുന്ദര്‍ പി ഹരിദാസ് )

ശ്യാം സുന്ദര്‍ പി ഹരിദാസ് Published on 18 June, 2019
ഒരിക്കല്‍ മരിച്ചു പോയവളുടെ ഉദ്യാനം. (കഥ:   ശ്യാം സുന്ദര്‍ പി ഹരിദാസ് )
വേവുന്ന ഒരു വേനല്‍ പകലില്‍ പൊടുന്നനെ ഉരുണ്ടുകൂടിയ കാര്‍മേഘങ്ങള്‍ കായല്‍പ്പരപ്പില്‍ സൃഷ്ടിച്ച നിഴല്‍ച്ചിത്രങ്ങളാസ്വദിച്ച് ക്യാമറമാന്‍ അശോകിനോടൊപ്പം കാറില്‍ പുറത്തേക്ക് നോക്കിയിരുന്നു സ്‌കൈല. സ്‌കൈലക്കുള്ളിലെ സ്‌കൈലക്കുള്ളിലെ സ്‌കൈലയപ്പോള്‍ 'ഒരു ടിപ്പിക്കല്‍'മാധ്യമപ്രവര്‍ത്തകയുടെ താളത്തില്‍ 'പെണ്മനസ്സ്അതിജീവനത്തിന്റെ പെണ്‍വഴികള്‍' എന്ന വാരാന്ത്യ പരിപാടിയുടെ ആമുഖം ഉള്ളിന്റെയുള്ളിലെ ക്യാമറക്ക് മുന്നില്‍ നിന്ന് പലതവണ പറഞ്ഞുനോക്കുകയായിരുന്നു. സ്‌കൈലക്കുള്ളില്‍ എപ്പോഴും ഒരു ക്യാമറയുണ്ടായിരുന്നു. ആര്‍ക്കും കാണാന്‍ സാധിക്കാത്ത ദൃശ്യങ്ങള്‍ മാത്രം പകര്‍ത്തിയെടുക്കുന്ന ഒരപൂര്‍വ്വ ക്യാമറ, ഇനിയാര്‍ക്കും ലഭിക്കാനിടയില്ലാത്തതരം ഒരു 'മൂന്നാം കണ്ണ് '. 

ഒരുപക്ഷെ ഈ ആഴ്ചയവസാനത്തിലെ പെണ്മനസ്സിന്റെ പുതിയ ഭാഗം ഈ വിധമായിരിക്കും സംപ്രേഷണം ചെയ്തു തുടങ്ങുക. ഒരു തീവണ്ടിപ്പാതയുടെയോ, അതിലൂടെ ചൂളം വിളിച്ചുകൊണ്ടെങ്ങോ പാഞ്ഞുപോകുന്ന ഒരു തീവണ്ടിയുടെയോ പശ്ചാത്തലത്തില്‍ നിന്ന് കൊണ്ട് സ്‌കൈല ഇങ്ങനെ പറയുമായിരിക്കും, താളത്തില്‍ ചുമലുകളും തലയും വെട്ടിച്ചും ചലിപ്പിച്ചും ഭാവതീവ്രതയോടെ 
      'കാമുകനോടൊപ്പം ചേര്‍ന്ന് സ്വന്തം കുഞ്ഞുങ്ങളുടെ ഉയിരെടുക്കുന്ന അമ്മമാരുള്ള ഈ കാലത്ത് ഭാഗ്യഉണ്ണി എന്ന അമ്മയെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കണം.തന്റെ മുപ്പതാം വയസ്സില്‍ വിധവയായ യുവതി. ശേഷിച്ചകാലം മകനെന്ന അച്ചുതണ്ടില്‍ ഭ്രമണം ചെയ്തവര്‍.ഒടുവില്‍ അപ്രതീക്ഷിതമായൊരു ട്രെയിനപകടത്തില്‍ ഒരേയൊരു മകനെ എന്നെന്നേക്കുമായി നഷ്ടപ്പെട്ട ഒരമ്മ. അകാലത്തില്‍ പൊലിഞ്ഞുപോയ മകന്റെ ഓര്‍മ്മയുമായി കഴിയുന്ന ഈയമ്മ ഇന്ന് സാധാരണ ജീവിതത്തിലേക്ക് തിരികെ വരാനുള്ള പരിശ്രമത്തിലാണ്. മരുന്നുകളും ഡോക്ടര്‍മാരും പരാജയപ്പെട്ടിടത്ത് ഒടുവില്‍ ഔഷധമായത് ഒരുദ്യാനമാണ്. മകന്റെയോര്‍മ്മക്ക് അമ്മയൊരുക്കിയ ഉദ്യാനം. '

ആ വരികള്‍  ഒരു തീവണ്ടി കുതിച്ചുപോകുന്ന ദൃശ്യത്തിലേക്ക് സ്‌കൈലയെ പിന്നെയും പിന്നെയും പിടിച്ചുവലിച്ചു കൊണ്ടുപോയിട്ടു.. കടന്നുപോകവേ തീവണ്ടിയില്‍ നിന്ന് മുഴങ്ങിയ ചൂളംവിളി അവളുടെ ഹൃദയഭിത്തികളില്‍ എവിടെയൊക്കെയോ ചെന്ന് തട്ടി പ്രതിധ്വനിച്ച് അവളെയാകെ ഉലച്ചുകളഞ്ഞു. ഓരോ തീവണ്ടിയൊച്ചയും ഭാഗ്യയെ ദൂരെക്കൊരിടത്തേക്ക് തട്ടിത്തെറിപ്പിക്കുന്നുണ്ട് ഇപ്പോഴും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മകന്‍ ട്രെയിന്‍തട്ടി മരിച്ച ആഗാധത്തില്‍ നിന്ന് കരകയറാനാകാതെ അനുനിമിഷം സാന്ദ്രതയേറിവരുന്ന ഇരുട്ടില്‍ മകനെ മാത്രമോര്‍ത്ത് കണ്ണുകളടച്ചു കിടക്കുന്ന അമ്മയുടെ ദുഃഖം ഓര്‍ത്തെടുക്കുമ്പോഴെല്ലാം സ്‌കൈലക്ക് തോന്നിപ്പോകുമായിരുന്നു ഭൂമിയില്‍ ഓരോ മനുഷ്യായുസ്സും സകലമാന സാന്നിധ്യങ്ങളെയും നിഷ്പ്രഭമാക്കുന്ന ഏതെങ്കിലുമൊരു അസ്സാന്നിധ്യത്തിന് ചുറ്റുമായിരിക്കും സ്വയം ഭ്രമണം ചെയ്യുക എന്ന്. ചുരുങ്ങിയപക്ഷം ഭാഗ്യയെയും  സ്‌കൈലയെയും സംബന്ധിച്ചിടത്തോളം അതുതന്നെയായിരുന്നു വാസ്തവം. അങ്ങനെയൊരു ഭ്രമണപഥത്തില്‍ കുരുങ്ങിക്കിടക്കുകയായിരുന്നുവല്ലോ അവരിരുവരും. 

കായലും ട്രാഫിക് സിഗ്‌നലുകളും പുതിയ ഫ്‌ലൈഓവറും പിന്നിട്ട് നഗരവേഗത്തില്‍ നിന്നും തിരക്കുകളില്‍ നിന്നും ഒഴിഞ്ഞുമാറി മറ്റൊരു വഴിയിലേക്ക് കയറി അവര്‍ സഞ്ചരിക്കുന്ന കാര്‍. കണ്ടമ്പററി മാതൃകയില്‍ അത്യാഢംബര വില്ലകള്‍ ഉറക്കം തൂങ്ങി നിരന്നു നിന്നിരുന്ന ഒരു ഋ ആകൃതി ഹൌസിംഗ് കോളനിയായിരുന്നു അത്. അവിടുത്തെ വീടുകള്‍ക്കെല്ലാം ഒരേ മുഖച്ഛായയായിരുന്നു. അതില്‍ നിന്നെല്ലാം വ്യത്യസ്തമായി പച്ചപുതച്ച് നിന്നു 'ലവ് ഡെയ്ല്‍ ഗാര്‍ഡന്‍' എന്ന് ശിലാഫലകത്തില്‍ പേരുകൊത്തി വെച്ച ആ വീട്. സ്‌നേഹിക്കപ്പെടാനുള്ള തീവ്രമായ ദാഹത്തോടെ. യാന്ത്രികമായൊരുള്‍പ്രേരണയോടെ, ആരോ പിടിച്ചു വലിച്ചിട്ടെന്ന മട്ടില്‍ ഗേറ്റിനു മുന്നിലിറങ്ങിയ സ്‌കൈല മുന്നോട്ട് ചുവടുകള്‍ വെക്കുമ്പോള്‍ കാണുകയായി 'ഒരിക്കല്‍ മരിച്ചു പോയവളുടെ ഉദ്യാനം'. ശംഖുപുഷ്പവും തെച്ചിയും നിത്യകല്യാണിയും കന്നയും ബാള്‍സവും അരികുകള്‍ കൈയടക്കിയതിനിടക്ക് വരിവരിയായി ലില്ലിപ്പൂക്കള്‍. ഓര്‍ക്കിഡും മെക്‌സിക്കന്‍ ഡാലിയപൂക്കളും ആന്തൂറിയവും മറ്റൊരു വശത്ത്. പച്ചക്കറികളും ഔഷധസസ്യങ്ങളും ഫലവൃക്ഷങ്ങളും നടവഴിക്കപ്പുറം. മുല്ലക്കൊടികള്‍ക്ക് നടുവില്‍ ആമ്പല്‍ക്കുളം.' ഐ ലവ് മൈ ഗാര്‍ഡന്‍ ' എന്ന് ഒരു കാര്‍ഡ്‌ബോര്‍ഡില്‍ ചിതറിയ കൈക്ഷരത്തില്‍  എഴുതിത്തൂക്കിയിരുന്നു അവിടം. വരാന്തയോട് ചേര്‍ന്ന് ടെറേറിയം. പൂക്കളും ചെടികളും വെള്ളാരന്‍കല്ലുകളും മരങ്ങളുമല്ലാതെ മറ്റൊന്നിനെയും കാണുവാന്‍ സാധിക്കാത്ത വീട്ടുമുറ്റത്ത് നിന്നൊന്ന് ദീര്‍ഘശ്വാസമെടുത്തപ്പോള്‍ സ്‌കൈല മാത്രം കണ്ടു മുല്ലപ്പൂക്കള്‍ക്കിടയില്‍ ഒരിടത്ത് നവീനിന്റെ മുഖം. 

അശോക് പൂക്കളെ ക്യാമറയില്‍ പകര്‍ത്തുന്ന ഉദ്യമത്തിലായിരുന്നു. ചിലവയെ വൈഡ് ആംഗിളില്‍, മറ്റു ചിലവയെ ക്ലോസ് അപ്പ് ഷോട്ടില്‍ 'ഓസം' എന്ന് പൂക്കളൊരുക്കിയ അവിശ്വസനീയമായ വര്‍ണ്ണക്കൂട്ടിലേക്ക് നോക്കി കണ്‍തിളക്കത്തോടെ. ഒരു മുല്ലമൊട്ടിറുക്കാന്‍ ശ്രമിക്കവേ അശോകിനോട് 'അരുത്'എന്ന് പറഞ്ഞിരുന്നു അവള്‍. സ്വപ്നങ്ങളെയെല്ലാം  കാലം നുള്ളിയെറിഞ്ഞപ്പോഴുള്ള വേദനയൊരിക്കല്‍ അനുഭവിച്ചവള്‍ എന്ന് തോന്നിപ്പിക്കും വിധമൊരു ഭാവത്തോടെ

 'ഒന്നിനേയുമങ്ങനെയങ് നുള്ളിയെടുക്കാതെ,  ഒന്നിനെയും' എന്നവള്‍ രണ്ടുവട്ടം.. ആരോടോ.. 

അസ്വസ്ഥമായ ചോര നിറമുള്ള ഒരു ജോഡി കുപ്പിച്ചില്ലു കണ്ണുകളുമായൊരാള്‍ വന്ന് അവരെ വീടിനകത്തേക്ക് ക്ഷണിച്ചു കൊണ്ടുപോയി അപ്പോള്‍. ലിവിങ് റൂമിലെ ചുവരുകളിലും  ഭാഗ്യയുടെ മുറിയിലേക്കുള്ള ഇടനാഴിയിലെ ചുവരുകളിലും നവീനിന്റെ ഓര്‍മ്മകള്‍ ചിത്രങ്ങളായി നിറഞ്ഞു നിന്നിരുന്നതിലേക്ക്  കണ്ണോടിച്ചു കൊണ്ടിരുന്നപ്പോള്‍ സ്‌കൈലയോട് അയാള്‍ ചോദിച്ചു 

'ഗാര്‍ഡന്‍ ഷൂട്ട് ചെയ്തില്ലേ.? ഇല്ലെങ്കില്‍ ചെയ്യൂ 'എന്ന്. 
ചെയ്തുവെന്ന് ഒറ്റവാക്കില്‍ മറുപടി പറഞ്ഞു സ്‌കൈല. 

'ഏടത്തി ചിലപ്പോള്‍ ക്യാമറക്ക് മുന്നിലേക്ക് വരില്ല 'എന്ന മുന്നറിയിപ്പ് നല്‍കി പിന്നെയയാള്‍. 'ഇതിന് മുന്‍പ് രണ്ട് ചാനലുകളില്‍ നിന്ന് ഇന്റര്‍വ്യൂ എടുക്കാന്‍ വന്നതാ., പക്ഷെ ഏടത്തി സമ്മതിച്ചില്ല. അവരുടെ സമയവും എന്റെ സമയവും പോയത് മിച്ചം. 'എന്ന തുടര്‍ പറച്ചിലും. 

'അവര്‍ക്ക് സമ്മതമല്ലെങ്കില്‍.... '

സ്‌കൈല പറഞ്ഞു മുഴുമിപ്പിക്കും മുന്‍പേ അയാള്‍ 
'നിങ്ങളെങ്കിലും ഷൂട്ട് ചെയ്യണം. ഇതൊരു നല്ല കാര്യമല്ലേ? എത്രയോ സ്ത്രീകള്‍ക്ക് ഇന്‍സ്പിറേഷന്‍ ആണ്. അല്ലെ? എല്ലാ കാലത്തും ഇങ്ങനെ വിഷമിച്ചിരിക്കുവാന്‍ പറ്റുമോ? ' 
എന്ന കുപ്പിച്ചില്ല് ചോദ്യത്തില്‍ സ്‌കൈലക്ക് പോറലേറ്റു ഹൃദയത്തിനു കുറുകെ. 
'എല്ലാ കാലത്തും വിഷമിച്ചിരിക്കാന്‍ പറ്റുമോ '? 
അവള്‍ അവള്‍ക്കുള്ളിലെ അവള്‍ക്കുള്ളിലെ അവളോട് തന്നെ ചോദിച്ചു കൊണ്ട് അയാളുടെ കുപ്പിച്ചില്ല് കണ്ണുകളില്‍ എവിടെയെങ്കിലും ദയയുടെ ഒരു കണികയെങ്കിലും കാണുന്നുവോ എന്ന് സസൂക്ഷ്മം തിരഞ്ഞു കൊണ്ടിരുന്നു. ഇല്ല. ഇല്ല. ഇല്ലേയില്ല. കണ്ടതേയില്ല. 

ഓറഞ്ചു ജ്യൂസ് കൈകളുമായൊരു സ്ത്രീ ദൃശ്യത്തിലേക്ക് പൊടുന്നനെ പ്രത്യക്ഷപ്പെട്ടു. ഒരു ജോഡി കുപ്പിച്ചില്ല് കണ്ണുകളുടെ ഭാര്യയായിരുന്നു അത്. ജ്യൂസ് ഗ്ലാസ്സുകള്‍ രണ്ടും ടീപ്പോയില്‍ വെച്ച് അവര്‍ അപ്രത്യക്ഷയായി. പുറം തോടിനുള്ളിലേക്ക് ഉള്‍വലിഞ്ഞുപോയ ഒരാമയെ ഓര്‍മ്മിപ്പിച്ചു ആ ദൃശ്യം. 

'ട്രീറ്റ്‌മെന്റിന്റെയാണ്. ചില നേരങ്ങളില്‍ പിടിവാശിക്കാരിയായ ഒരു കുട്ടിയെപ്പോലെയാണ് ഏടത്തി. ഒരു തഞ്ചത്തില്‍ കൈകാര്യം ചെയ്യണം. കേട്ടല്ലോ ' 

അടഞ്ഞു കിടക്കുന്ന മുറിവാതിലിനു നേരെ നോക്കി അയാള്‍ പറഞ്ഞു. അതിനൊരു മൂളല്‍ മാത്രം മറുപടിയായി നല്‍കുമ്പോള്‍ സ്‌കൈലക്കുള്ളിലെ സ്‌കൈലക്കുള്ളിലെ സ്‌കൈല പിന്നെയും ചോദിച്ചു '
എങ്ങനെയാണ് ഒരാളുടെ മാത്രം സ്വകാര്യമായ ഇമോഷന്‍സിനെ 'കൈകാര്യം' ചെയ്യേണ്ടത്? എങ്ങിനെയാണ്? '
അങ്ങിനെയോര്‍ത്ത്‌കൊണ്ട് നില്‍ക്കവേ അയാള്‍ 
'എനിക്ക് പുറത്ത് പോകേണ്ടതുണ്ട്. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ എന്റെ വൈഫിനോട് ചോദിക്കാം. ഞാന്‍ നില്‍ക്കേണ്ടതില്ലല്ലോ ' 
എന്ന് ചോദിച്ചു. ഇല്ലായെന്ന് പറഞ്ഞു തീര്‍ക്കും മുന്‍പേ കുപ്പിച്ചില്ല് കണ്ണുകള്‍ ധൃതിയില്‍ ചുവടുവെച്ച് പുറത്തേക്ക്. 

ഒരു നെടുവീര്‍പ്പോടെ അടഞ്ഞു കിടന്ന വാതില്‍ പതിയെ തുറന്ന് ഒരു കാറ്റല പോലെ സ്‌കൈല മുറിക്കകത്തേക്ക് കയറിപ്പോയി. ക്യാമറ ഓഫ് ചെയ്ത് അശോക് സോഫാചാരുകട്ടിലില്‍ ഇരുന്ന് 'ബിസിനസ് മാഗസിന്‍' കൈയിലെടുത്ത് നിവര്‍ത്തി. വലിയൊരു വീട്ടില്‍ തനിക്ക് മാത്രമായി പതിച്ചു കിട്ടിയ കൊച്ചുമുറിയിലെ ഇരുള്‍വീണൊരു കോണില്‍ അഭയം തേടി നില്‍പ്പായിരുന്നു ഭാഗ്യ. അവിടെ നിന്ന് നോക്കിയാല്‍ അവര്‍ക്ക് കാണാനാകുന്നത് മകന്റെ മണമുള്ള ഉദ്യാനം മാത്രമായിരുന്നു. അവര്‍ ജാലകത്തിന്റെ ഒരു കള്ളിയിലേക്ക് മാത്രമായൊതുങ്ങി പോയിരുന്നു. ഒരിറ്റു ജലത്തിനാവശ്യമുള്ളതിനേക്കാള്‍ ചെറിയൊരിടം മാത്രം മതിയായിരുന്നു അവര്‍ക്കീ വലിയ ഭൂമിയില്‍. ചെറിയൊരിടം. വളരെ വളരെ ചെറുത്. അങ്ങനെയൊരാളുടെ സാന്നിധ്യം പോലും മിഥ്യയെന്ന് തോന്നിപ്പിക്കും വിധം ചെറുത്. സ്‌കൈലയും പതുക്കെ ആ ജാലകക്കള്ളിയിലേക്കൊതുങ്ങി നിന്നു. അവരോട് ചേര്‍ന്ന്. ഒരൊറ്റ ആത്മാവെന്ന പോലെ. സ്വപ്നത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നത് പോലെ അവര്‍ സ്‌കൈലയെ നോക്കി. നോക്കി നോക്കി നിന്നു, നിറഞ്ഞു തുടങ്ങിയ കണ്ണുകളോടെ. ഒരു കണ്ണീര്‍ത്തുള്ളി മുഖമായിരുന്നുവല്ലോ അവര്‍ക്ക്. 

'അമ്മ നവീനെ കാണുന്നോ അവിടെ? '

ഉദ്യാനത്തിലേക്ക് നോക്കി ചോദിച്ചു സ്‌കൈല. 

'ഉവ്വ്'. 
ചിലമ്പിച്ചുപോയ അവരുടെ ശബ്ദത്തില്‍ വാക്കുകള്‍ക്കിടയില്‍ വലിയ വലിയ വിള്ളലുകള്‍ ഉണ്ടായിരുന്നു. വാക്കുകളിലും ഓര്‍മ്മകളിലും പിന്നെ ജീവിതത്തിലും വലിയ വലിയ തുളകള്‍ അവശേഷിപ്പിച്ചുകൊണ്ടായിരുന്നുവല്ലോ നവീന്‍ അപ്രത്യക്ഷനായത് എന്നവള്‍ ആ നിമിഷത്തില്‍ തിരിച്ചറിഞ്ഞു. 

'ഞാനും കണ്ടു മുല്ലപ്പൂക്കള്‍ക്കിടയില്‍ '

ചുണ്ടുകള്‍ക്കിടയില്‍ സങ്കടമൊളിപ്പിച്ചു പിടിച്ച അവരെ നോക്കി കൈകളില്‍ മൃദുവായി സ്പര്‍ശിച്ചുകൊണ്ട് പറഞ്ഞു സ്‌കൈല. 
'അവന് ജാസ്മിന്‍ വലിയ ഇഷ്ടമായിരുന്നു. ഒരു മുഴം മുല്ല മാല വാങ്ങി കൊണ്ട് വന്ന് എന്റെ മുടിയില്‍ തിരുകി വെക്കും. ഭര്‍ത്താവ് മരിച്ചുപോയ സ്ത്രീകള്‍ ഇങ്ങനെ ചെയ്തുകൂടാ എന്ന് ഞാന്‍ പറഞ്ഞാലും.. എന്റെ മകന്‍. എന്റെ മാത്രം '
എന്ന് പറയുമ്പോള്‍ സ്‌കൈലയുടെ വിരലുകളില്‍ മുറുകെ പിടിച്ചിരുന്നു ആ കണ്ണീര്‍ത്തുള്ളി മുഖം. ചേര്‍ത്തു പിടിക്കാന്‍ ഒരു വിരലായിരുന്നു അവര്‍ക്കാവശ്യം, ആരോ ഒരാള്‍ കൂടെയുണ്ടെന്ന തോന്നല്‍, നവീനിന്റെ മരണ ശേഷം അവര്‍ക്ക് നഷ്ടമായത്. 

'അന്നും അവന്‍ ആവര്‍ത്തിച്ചു.മുല്ലപ്പൂ കൊണ്ട് വരാമെന്ന്.പിന്നെ. പിന്നെ.. പിന്നെ വന്നോ? വന്നോ? 'താളമില്ലാതെ  നിയന്ത്രണം നഷ്ടമായ അവരുടെ വാക്കുകള്‍. 

എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്നു നവീന്‍. അവസാന സെമസ്റ്റര്‍ പരീക്ഷക്ക് മുന്‍പുള്ള സ്റ്റഡി ലീവിന് ക്യാമ്പസ് സെലെക്ഷന്‍ കിട്ടിയതിന്റെ സന്തോഷത്തില്‍ ബംഗളൂരുവില്‍ നിന്ന് നാട്ടിലെത്തിയതായിരുന്നു. വീട്ടില്‍ നിന്ന് പതിവുപോലെ പ്രഭാത സവാരിക്കിറങ്ങിയ മകന്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ കിടക്കുന്ന അവ്യക്ത ദൃശ്യമാണ് ഭാഗ്യ പിന്നീട് കണ്ടത്. ഹെഡ്‌ഫോണ്‍ വെച്ച് സംഗീതമാസ്വദിച്ചു നടന്ന നവീന്‍ പുറകില്‍ ചൂളം വിളിച്ചെത്തിയ തീവണ്ടി ശബ്ദം കേട്ടില്ല. ആശുപത്രി വരാന്തയിലൂടെ മകനെ തട്ടിത്തെറിപ്പിച്ച തീവണ്ടിയുടെ ചൂളം വിളിയെക്കാള്‍ ഭീകരമായൊരലര്‍ച്ചയോടെ ഓടിയ അമ്മയുടെ മുഖം സ്‌കൈലക്കുള്ളിലെ സ്‌കൈലക്കുള്ളിലെ ക്യാമറ കാണിച്ചുകൊടുത്തു അവള്‍ക്ക്, ഒരലര്‍ച്ചയോടെ എന്നെന്നേക്കുമായി നിശബ്ദയായിപ്പോയവള്‍. ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ എല്ലാ സ്ത്രീകളുമീവിധം ഒരലര്‍ച്ചയോടെ നിശബ്ദരായി പോകുന്നില്ലേ എന്ന് സ്‌കൈല ഓര്‍ത്തുകൊണ്ടിരുന്നു അപ്പോള്‍. 
'അവനു വേണ്ടിയാണ് ഈ തോട്ടം. '
ഇരുട്ട് പരന്ന കണ്‍തടങ്ങളോടെ അവര്‍. ട്രീറ്റ്‌മെന്റ് ഒക്കെ ഉണ്ടായിരുന്നല്ലോ എനിക്ക്. ഡോക്ടര്‍ പറഞ്ഞു. എന്തിലെങ്കിലും ഇന്‍വോള്‍വ്ഡ് ആകണം '
മുറിഞ്ഞു മുറിഞ്ഞ് പോകുന്ന കണ്ണീര്‍ത്തുള്ളി ശബ്ദം. ഇടക്കൊരു പൂച്ച ആന്റിന പോലെ വാലും പൊക്കി പിടിച്ച് അവര്‍ക്കിടയിലൂടെ മുട്ടിയുരുമ്മി നടന്നു. നവീനിന്റെ പൂച്ചയായിരുന്നു അത്. അവനെ നഷ്ടപ്പെട്ടപ്പോള്‍ പൂച്ച അമ്മയോടൊപ്പം കൂടിതൊട്ട് താലോടാന്‍ ആരെങ്കിലുമൊരാള്‍, അത് മാത്രം മതിയായിരുന്നു പുള്ളിപ്പുള്ളി നീളന്‍ വാലന്‍ പൂച്ചക്ക്. അവര്‍ അതിനെ പൊക്കിയെടുത്ത് സ്‌കൈലക്ക് നേരെ പിടിച്ചു.

 'കണ്ടോ. അവന്റെ പൂച്ച. അവനുള്ളപ്പോള്‍ ഞാനിതിനെ സ്‌നേഹിച്ചില്ല. '
എന്ന് പറഞ്ഞ് അഗാധമായൊരു മൗനക്കയത്തിലേക്ക് പൂണ്ടുപോയി അവര്‍ അല്പനേരത്തേക്കെങ്കിലും. അവിടെ നിന്നും അവരെ 'ങ്യാവൂ'എന്ന്  തൊട്ട് വിളിച്ചുണര്‍ത്തി പിന്നെയൊന്ന് കുറുകി വാലും പൊക്കി മുറിവിട്ടുപോയി പുള്ളിപ്പുള്ളി നീളന്‍ വാലന്‍ പൂച്ചആരെയോ അന്വേഷിക്കുന്നു, പക്ഷെ കണ്ടു കിട്ടുന്നില്ല എന്ന ദുഖത്തോടെ. 

ഏറെ നേരം മൗനമവലംബിച്ച  അവര്‍  ഒരുള്‍ക്കിടിലത്തോടെ സ്‌കൈലയെ തിരിഞ്ഞു നോക്കി പറഞ്ഞു 'കുഞ്ഞ് വന്നത് നന്നായി. അമ്മക്കൊരു സഹായം ചെയ്യോ'? എന്ന്. 

'അമ്മ പറയൂ'എന്ന് സ്‌കൈല. 

'ഇരുപത്തിമൂന്നിനാണ് അവന്റെ പിറന്നാള്‍. ഒരു ഉടുപ്പ് വാങ്ങാന്‍ എന്നെ സഹായിക്കാമോ കുഞ്ഞിന്. ' 
അവര്‍ അലമാര  തുറന്ന് കാണിച്ചു 'കണ്ടോ. ഓരോ തവണയും വാങ്ങിച്ച അവനിഷ്ടപ്പെട്ട ഡിയോഡ്രന്റ്. ജീന്‍സ്. ഷര്‍ട്ട്.
 ടി ഷര്‍ട്ട് ആണ് കൂടുതലും. ' 

 അലമാരയില്‍ നിറയെ ഓരോ വര്‍ഷവും നവീന് വേണ്ടി വാങ്ങിക്കൂട്ടിയ ഉടുപ്പുകളായിരുന്നു. അവന്‍ മരിച്ചുപോയതിന് ശേഷവും. കണ്ണീര്‍ത്തുള്ളി മുഖത്തെ ആ നിമിഷത്തെ തിളക്കം സ്‌കൈലയെ വേദനിപ്പിക്കുകയാണ് ചെയ്തത്.  ചുളിഞ്ഞിരുന്ന ഉടുപ്പുകളെല്ലാം അലമാരക്കുള്ളില്‍ നിന്നും പുറത്തെടുത്ത് ക്ഷമയോടെ ഭംഗിയില്‍ മടക്കി തിരിച്ചു ഭദ്രമായി വെച്ചുകൊണ്ടിരുന്നു ഭാഗ്യ അപ്പോഴെല്ലാം. 
 തൊട്ടും തലോടിയും. അതിനിടയില്‍  നവീനിനെ കുറിച്ച് മാത്രം വേഗമേറിയ ശ്വാസഗതിയോടെ അവര്‍ പറഞ്ഞു കൊണ്ടിരുന്നു. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത അമ്മപ്പറച്ചിലില്‍ കേള്‍വിക്കാരിയായി അനിര്‍വചനീയമായ ഒരുള്‍ക്കനത്തോടെ നിന്നു സ്‌കൈല... വെറുതെയങ്ങനെ.. 

അലമാരത്തട്ടിനടിയില്‍ നിന്നും മടക്കിവെച്ച കുറച്ച് പഴഞ്ചന്‍ നോട്ടുകള്‍ തപ്പിയെടുത്ത് അവര്‍ സ്‌കൈലക്ക് നല്‍കി. കണ്ണീരിന്റെ ഉപ്പുകൊണ്ട് നനഞ്ഞിരുന്നു ആ നോട്ടുകള്‍. 

'ബ്‌ളൂ ഷേഡില്‍ ഉള്ളത് വേണം കേട്ടോ '.

 പണ്ടെങ്ങോ വരണ്ടുപോയ സ്‌കൈലയുടെ കണ്ണീരിന്റെ വഴിയേ ആ നിമിഷം പുതിയൊരു നീര്‍ച്ചാലൊഴുകി തുടങ്ങി. 'ഈ പണം അമ്മ തന്നെ സൂക്ഷിക്കൂ. ഉടുപ്പ് ഞാന്‍ വാങ്ങിക്കൊണ്ട് വരാമെന്നു '
പറയുമ്പോള്‍ ഭാഗ്യയുടേതിന് സമാനമായൊരു ചിലമ്പലോടെ മുറിഞ്ഞു പോയിരുന്നു സ്‌കൈലയുടെ ശബ്ദവും. വലിയ വലിയ വിള്ളലുകള്‍ സൃഷിടിച്ചു കൊണ്ട്. 
'എന്റെ ബ്രദര്‍. അവനിഷ്ടപ്പെടില്ല ഇതൊന്നും. അതാ കുഞ്ഞിനോട് '
എന്ന് ബാക്കി നിര്‍ത്തി  ഒരു പൂച്ചയെപ്പോലെ നവീനിന്റെ ഉടുപ്പുകളിലേക്ക് മുഖം ചേര്‍ത്ത് നില്‍പ്പായി അവര്‍ ആ നിമിഷം. 

'എനിക്ക് കാണാം അവനെ. അവന്റെ സ്പര്‍ശം. ഈ മുറിയില്‍. ആ തോട്ടത്തില്‍ '
മണല്‍ കോരിയിട്ടത് പോലെ രോമകൂപങ്ങളില്‍ തരിപ്പ് അനുഭവപ്പെട്ടു അവര്‍ക്ക്. 
'എന്തെങ്കിലും സ്‌ട്രെസ് ആയി വരുമ്പോള്‍ ഞാന്‍ അവിടേക്കാണ് ഓടി ചെല്ലുക. അവിടെയെത്തുമ്പോള്‍ ടോട്ടലി മറക്കും. മറക്കും ഞാന്‍ എല്ലാം. 

കുഞ്ഞേ.. ഒരു വിത്ത്.. അത് നമ്മുടെയീ കേവലം ദുര്‍ബലമായ വിരലുകളിലൂടെ വെറും മണ്ണില്‍ വീണ് അതില്‍ നിന്നുമൊരു ജീവന്‍ പൊട്ടി മുളച്ചു വരുന്നത് കണ്ടിട്ടുണ്ടോ  നീ. അത് കാണുമ്പോള്‍ നമുക്ക് പിന്നെയും ജീവിക്കുവാന്‍ തോന്നും. മരിക്കരുതെന്നും. അപ്പോള്‍ മാത്രം. 'ഒരിക്കല്‍ മരിച്ചുപോയവരൊക്കെ' ഇപ്പോഴുമീ ഭൂമിയില്‍ പിടിച്ചു നില്‍ക്കുന്നത് അങ്ങനെയാണ്. അങ്ങനെ മാത്രമാണ് '!

തണല്‍ നഷ്ടപ്പെട്ട ഭൂമി, മഴയെ സ്വപ്നം കാണുന്നത് പോലെ, കാരുണ്യത്തിന്റെ ഏറ്റവും ലോലവും  നിസ്വാര്‍ത്ഥവുമായ സ്പര്‍ശം മാത്രമേ അവര്‍ ഈ നിമിഷം ആഗ്രഹിക്കുന്നുള്ളൂ എന്ന് തിരിച്ചറിഞ്ഞു സ്‌കൈലക്കുള്ളിലെ സ്‌കൈലക്കുള്ളിലെ സ്‌കൈല. തൊട്ടടുത്ത നിമിഷം അവള്‍ ഒരു മഴപോലെ പൊതിഞ്ഞു ഭാഗ്യയെ. പിന്നെ യാത്ര പറഞ്ഞു മുറിവിടാന്‍ തുടങ്ങി. 
'കുഞ്ഞൊന്ന് നിന്നേ ' എന്ന അമ്മവിളികേട്ട് തിരിഞ്ഞു നിന്ന സ്‌കൈലയുടെ ചുവന്ന് വീര്‍ത്ത ചാമ്പക്കാ കണ്ണുകള്‍ നോക്കി അവര്‍ ചോദിച്ചു കുഞ്ഞാരാണ്'? 

'ആത്മാവിനെ എവിടെയോ വെച്ച് മറന്നുപോയൊരു സ്ത്രീ.. കേവലമൊരു സ്ത്രീ..  അത്ര മാത്രം'. 
സ്‌കൈല പറഞ്ഞു. 
ഭാഗ്യ ചിരിച്ചു പൂ വിരിയും പോലെ. 

ഇടറിയ പാദങ്ങളെ പിന്നെയും മെരുക്കി ചൊല്പടിയില്‍ നിര്‍ത്തി മുറിവിട്ടിറങ്ങി നടന്നു സ്‌കൈല. നിമിഷങ്ങള്‍ക്ക് മുന്‍പേ കണ്ണീരിന്റെ വഴിയേ ഒഴുകിത്തുടങ്ങിയ നീര്‍ച്ചാലപ്പോള്‍ ഒരു നിലയില്ലാകായലായി മാറിയിരുന്നു. പുറത്ത് കാത്ത് നിന്നിരുന്നു അശോക്. ഉദ്യാനം കടന്ന്, ഗേറ്റ് കടന്ന് കാറിലേക്ക് കയറുമ്പോള്‍ നേരത്തെ ഷൂട്ട് ചെയ്ത ഉദ്യാനത്തിന്റെ ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് അശോകിനോട് ആവശ്യപ്പെട്ടു സ്‌കൈല . സ്‌കൈലയുടെ കൈകളിലെത്തിയ മെമ്മറി കാര്‍ഡ് ഒന്നൊടിഞ്ഞ് വഴിയോരത്തെ മാലിന്യ കൂമ്പാരങ്ങളിലേതോ ഒന്നില്‍ ഉപേക്ഷിക്കപ്പെട്ടു, നിഷ്‌കരുണം !

'ഈ ഉദ്യാനത്തിന്റെ ദൃശ്യങ്ങളോ സുഗന്ധമോ വര്‍ണ്ണക്കൂട്ടുകളോ നമുക്കോ പെണ്മനസ്സിന്റെ പ്രേക്ഷകര്‍ക്കോ അവകാശപ്പെട്ടതല്ല. അതിന്റെ ഒരേയൊരാവകാശി ജീവിച്ചിരിപ്പുണ്ട്. സങ്കടങ്ങളുടെ, പേരറിയാത്ത, ഇനിയും കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത  നിഗൂഢമായൊരു വന്‍കരയില്‍ ദിക്കറിയാതെ പോയൊരു സ്ത്രീ., ഒരമ്മ. അവര്‍ക്ക് വിട്ടു കൊടുക്കുക ആ ഉദ്യാനം. അതിന്റെ സുഗന്ധം, ശീതളിമ.. '

മുന്‍പൊരിക്കലും കേള്‍ക്കുകയുണ്ടായിട്ടില്ലാത്ത ദൃഢതയുണ്ടായിരുന്നു സ്‌കൈലയുടെ വാക്കുകളില്‍ എന്ന് അശോക് ആ നിമിഷം ശ്രദ്ധിച്ചു. 

'പ്രൊഡ്യൂസറോട് എന്ത് പറയും സ്‌കൈല നമ്മള്‍ ' എന്ന് ചോദിച്ചു അശോക്. 

ചുണ്ട് കോട്ടിപ്പിടിച്ച ഒരു ചിരിയോടെ സ്‌കൈല പറഞ്ഞു അപ്പോള്‍ 'നമുക്ക് മാത്രം പ്രയോഗിക്കാനറിയാവുന്ന ഒരായുധമുണ്ടല്ലോ നമ്മുടെ പക്കല്‍ 'നീണ്ടു വന്ന നാക്ക് ഉള്ളിലേക്കിട്ട് തീര്‍ത്തും
സ്വകാര്യമായൊരാളുടെ ജീവിതം വില്‍പ്പനക്ക് വെച്ച ഇറച്ചികഷ്ണം പോലെ സമൂഹത്തിനു മുന്നില്‍ തുറന്ന് കാട്ടി  ടാര്‍ഗറ്റ് റേറ്റിംഗ് പോയിന്റ് കൂട്ടേണ്ടതില്ല എന്ന് ഉള്ളിന്റെയുള്ളിന്റെയുള്ളിലെ സ്‌കൈലയോട് പറഞ്ഞ് ഭാഗ്യയുടെ ദുഃഖം മുഴുവനായും തന്നിലേക്കാവാഹിച്ച് ആരുമില്ലാതിരുന്ന ആരുടെയോ നൊമ്പരം അല്പനേരത്തേക്കെങ്കിലും ഒരു നനുത്ത തൂവാലകൊണ്ടൊപ്പിയെടുത്ത് തന്നോട് ചേര്‍ത്തു വെച്ചതിന്റെ ചാരിതാര്‍ഥ്യവുമായി കാറിന്റെ പിന്‍സീറ്റില്‍ ചാരിയിരുന്ന സ്‌കൈലക്ക്  ഒരു തൂവല്‍പ്പുതപ്പ് അവളെ വന്ന് പൊതിഞ്ഞു പിടിച്ചതായി അനുഭവപ്പെട്ടിരുന്നു.. 
സ്‌കൈലക്കുള്ളിലെ സ്‌കൈലക്കുള്ളിലെ സ്‌കൈലയപ്പോള്‍ പറഞ്ഞു 'നീ ഇനിയുമവിടെ പോകും. അവിടെ. ഒരിക്കല്‍ മരിച്ചു പോയവളുടെ ആ ഉദ്യാനത്തില്‍. '!

ശ്യാം സുന്ദര്‍ പി ഹരിദാസ് 
പൂവങ്കര

ഒരിക്കല്‍ മരിച്ചു പോയവളുടെ ഉദ്യാനം. (കഥ:   ശ്യാം സുന്ദര്‍ പി ഹരിദാസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക