Image

സൗമ്യയുടെ ഘാതകന്‍ അജാസിന്റെ നില അതീവ ഗുരുതരം

Published on 19 June, 2019
സൗമ്യയുടെ ഘാതകന്‍ അജാസിന്റെ നില അതീവ ഗുരുതരം


ആലപ്പുഴ : മാവേലിക്കരയില്‍ വനിതാ സിപിഒയെ പെട്രോളൊഴിച്ച്‌ കത്തിച്ച്‌ കൊന്ന കേസിലെ പ്രതി അജാസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വൃക്കകള്‍ തകരാറിലായതിന്‌ പിന്നാലെ ശ്വാസകോശത്തില്‍ കടുത്ത അണുബാധ ഉണ്ടായതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

പൊള്ളലിന്‌ പുറമേ പുകയും ചൂടും ശ്വാസകോശത്തിനുള്ളില്‍ ചെന്നതും കഴുത്തിനേറ്റ ആഴത്തിലുള്ള പൊള്ളലും ശ്വാസകോശത്തിലെ അണുബാധയ്‌ക്ക്‌ കാരണമായിട്ടുണ്ട്‌. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ അതിതീവ്രപരിചരണ വിഭാഗത്തിലാണ്‌ അജാസ്‌ ഇപ്പോള്‍. വലിയതോതില്‍ രക്ത സമ്മര്‍ദ്ദം കുറഞ്ഞതിനാല്‍ ഡയാലിസിസ്‌ നടത്താന്‍ കഴിഞ്ഞിട്ടില്ല. 

രക്ത സമ്മര്‍ദ്ദം ഉയര്‍ത്താന്‍ മരുന്ന്‌ കുത്തിവെച്ചുവെങ്കിലും ശരീരം അതിനോട്‌ പ്രതികരിച്ചില്ല. കഴുത്തിനും അടിവയറ്റിലുമാണ്‌ ആഴത്തില്‍ പൊള്ളലേറ്റിട്ടുള്ളത്‌. വോക്കല്‍കോഡ്‌ തകരാറില്‍ ആയതിനാല്‍ സംസാരിക്കാനും ബുദ്ധിമുട്ടുണ്ട്‌.

ആരോഗ്യനില മെച്ചപ്പെട്ടാല്‍ അജാസില്‍ നിന്നും വീണ്ടും മൊഴിയെടുക്കാനാണ്‌ അന്വേഷണ സംഘത്തിന്റെ നീക്കം. പൊള്ളലേറ്റ്‌ മരിച്ച സൗമ്യയുടെ ഭര്‍ത്താവ്‌ ഇന്ന്‌ നാട്ടിലെത്തും. സംസ്‌കാര ചടങ്ങുകള്‍ വ്യാഴാഴ്‌ച രാവിലെ 10 മണിക്ക്‌ വള്ളിക്കുന്നത്തെ വീട്ടില്‍ നടത്താനാണ്‌ തീരുമാനം.

ഇതിനിടെ, അജാസിനെ ജോലിയില്‍ നിന്നും സസ്‌പെന്റു ചെയ്‌തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക