Image

പ്രേക്ഷക ഹൃദയങ്ങളില്‍ തറയ്ക്കുന്ന ഉണ്ട

Published on 19 June, 2019
പ്രേക്ഷക ഹൃദയങ്ങളില്‍ തറയ്ക്കുന്ന ഉണ്ട
2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടന്ന യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ഉണ്ട എന്ന ചലച്ചിത്രം സമീപകാലത്ത് റിലീസ് ചെയ്തതില്‍ ഏറ്റവും റിയലിസ്റ്റിക്കായ സിനിമകളില്‍ ഒന്നാണ്. മമ്മൂട്ടിയെ പോലെ ഒരു മെഗാസ്റ്റാറിനെ കേന്ജ്ര കഥാപാത്രമാക്കി ഒരു സിനിമയൊരുക്കുമ്പോള്‍ ആ നടന്‌റെ താരമൂല്യം പരമാവധി ഉപയോഗിക്കുക എന്നത് വാണിജ്യപരമായ താല്‍പര്യങ്ങളിലൊന്നാണ്. അതില്‍ നിര്‍മാതാവിനെയോ സംവിധായകനെയോ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. പക്ഷേ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്‌ളസ് പോയിന്റ് എന്നു പറയുന്നത് മമ്മൂട്ടി തികച്ചും ഒരു സാധാരണ മനുഷ്യനാക്കി തന്നെ അവതരിപ്പിച്ചു എന്നതാണ്. മധുരരാജ പോലുള്ള ഒരു മാസും ആക്ഷനും സമാസമം ചേര്‍ത്തൊരുക്കിയ വെടിക്കെട്ടു ചിത്രം തിയേറ്ററുകളില്‍ നിറഞ്ഞോടിയതിന്റെ ഹാങ്ങ് ഓവര്‍മാറും മുമ്പാണ് ഉണ്ട എത്തിയതെന്നുള്ളതും പ്രത്യേകം ശ്രദ്ധേയമാണ്.

പോലീസുകാരുടെയും ഫയര്‍ഫോഴ്‌സുകാരുടെയുമൊക്കെ കഥ പറഞ്ഞ സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തമായാണ് ഉണ്ടയുടെ പ്രമേയം അവതരിപ്പിച്ചിട്ടുള്ളത്. ഏതു നിമിഷവും ഒരു സംഘര്‍ഷമുഖത്തേക്ക് എത്തിച്ചേരാന്‍ നിയോഗിക്കപ്പെടുന്നവാണ് പോലീസുകാര്‍. ജീവിതത്തില്‍ ഒരിക്കല്‍ പോലും ഒര കള്ളന്റെ പിന്നാലെ ഓടുകയോ ഒരു കൊലപാതകിയെ പിടിക്കുകയോ ചെയ്തിട്ടില്ലാത്ത പോലീസ് സംഘം. ഛത്തീസ്ഘട്ടിലെ മാവോയിസ്റ്റ് ഭീഷണിയുളള ഉള്‍നാടന്‍ ഗ്രാമത്തിലേക്ക് പോകുന്നതാണ് ഉണ്ടയുടെ ഇതിവൃത്തം.

ബസ്തര്‍ എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്. പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ ഗ്രാമം. അവിടെ മാവോയിസ്റ്റ് ഭീഷണിയും അവരും പോലീസും തമ്മിലുള്ള നിരന്തര സംഘര്‍ഷങ്ങളും ഗ്രാമവാസികളെ എന്നും ഭീതിയിലാഴ്ത്തുന്ന കാര്യങ്ങളാണ്. അതുകൊണ്ടു തന്നെ അവര്‍ക്ക് ആരെയും വിശ്വാസമില്ല. തങ്ങളുടെ കൂടെ തന്നെയുള്ളവര്‍ ചിലപ്പോള്‍തങ്ങളെ ഒറ്റിക്കൊടുത്തേക്കാം എന്ന് അവര്‍ ഭയക്കുന്നു. ആകെ അരാജകത്വം നിറഞ്ഞ സാമൂഹ്യാന്തരീക്ഷമാണ് അവിടെയുള്ളത്. ഗ്രാമവാസികളില്‍ നിറഞ്ഞു നില്‍ക്കുന്നത് സദാ ഭിതിയും  അരക്ഷിതാവസ്ഥയും. അവിടേക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തുന്ന പോലീസുകാരിലേക്കും ഈ ഭയവും അരക്ഷിതാവസ്ഥയും നിറയുന്നു. ഇവിടെ വച്ച് പോലീസ് സംഘം മൂന്നായി പിരിയുകയാണ്. അതില്‍ ഒരു സംഘത്തിന്റെ തലവനാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന മണികണ്ഠന്‍ എന്ന പോലീസുകാരന്‍. അതിമാനുഷ കഴിവുകളുള്ള പോലീസ് ഉദ്യോഗസ്ഥനായല്ല, തോക്കുപയോഗിച്ച് ശരിക്ക് വെടി വയ്ക്കാന്‍ പോലും അറിയില്ലാത്ത, ഗ്രാമീണരെ പോലെ തന്നെ മാവോയിസ്റ്റുകളെ ഭയപ്പെടുന്ന, ശരാശരി മനുഷ്യനായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ എത്തുന്നത്. തിരഞ്ഞെടുപ്പിന്റെ അഞ്ചുദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ ഇവര്‍ക്ക് ഭയവും ആശങ്കയും അതിന്റെ മൂര്‍ധന്യത്തിലെത്തുന്നു. ഇങ്ങനെയുള്ള ഒരു സംഘം പോലീസുകാര് എങ്ങനെയാണ് മാവോയിസ്റ്റുകളെ നേരിടുക എന്ന പ്രേക്ഷക മനസില്‍ ഉയരുന്ന സന്ദേഹം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും രസകരമായ ത്രെഡ്. ഉണ്ടയും തോക്കുണ്ടെങ്കിലും വെടി വയ്ക്കാനഞ അറിയില്ലാത്ത പോലീസുകാരുടെ നിസഹായത. ഇതോടൊപ്പം പോലീസുകാര്‍ക്കിടയില്‍ തന്നെ നിലനില്‍ക്കുന്ന  വര്‍ണ്ണ വിവേചനവും മാവോയിസ്റ്റുകള്‍ സാധാരണ മനുഷ്യര്‍ക്കിടയില്‍ സൃഷ്ടിക്കുന്ന ഭീതിയുടെ ആഴവും അതുണ്ടാക്കുന്ന സാമൂഹ്യ പ്രത്യാഘാതങ്ങളുമെല്ലാം ഈ ചിത്രത്തില്‍ അനാവരണം ചെയ്യുന്നു.

കുറേ കാലത്തിനു ശേഷം പച്ചക്കണ്ണില്‍ കാലുറപ്പിച്ചു നിന്നു കൊണ്ട്# മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രമാണ് ഇതിലെ മണികണ്ഠന്‍. അതു തന്നെയാണ് ഈ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. കാടിന്റെ നിഗൂഢതകളില്‍ ഒളിച്ചിരിക്കുന്ന ശത്രുവിനെക്കാള്‍ തങ്ങളെ ഭയപ്പെടുത്തുന്നതും അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിടുന്നതും തങ്ങളുടെ ഉള്ളിലെ തന്നെ ഭയമാണെന്നു  പോലീസ് സംഘം ഒരു ഘട്ടത്തില്‍ തിരിച്ചറിയുന്നു. പേടിപ്പിക്കുന്ന സാഹചര്യങ്ങളിലും ജീവിതാവ്‌സഥയിലും തിരഞ്ഞെടുപ്പ് പിഴവുകളില്ലാതെ നടപ്പാക്കുന്നതിനായി അങ്ങേയറ്റം പരിശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി തിളങ്ങിയിട്ടുണ്ട്. ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ അശോകന്‍, ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍, ഡോ. റാണി, സോഹന്‍ സീനു ലാല്‍ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയാക്കി. ഇവരോടൊപ്പം ബോളിവുഡ് താരങ്ങളായ മാണിക് പൂരി, ഭഗവാന്‍ തീവാരി, ആല്‍ഫ്രഡ്‌ലി എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. അതിഥി താരങ്ങളായി എത്തിയ ആസിഫ് അലിയും വിനയ് ഫോര്‍ട്ടും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി.

ഹര്‍ഷാദിന്റേതാണ് തിരക്കഥ. സജിത് പുരുഷോത്തമന്റെ ഛായാഗ്രഹണവും പ്രശാന്ത് പിള്ളയുടെ സംഗീതവും പശ്ചാത്തല സംഗീതവും ചിത്രത്തിന് മുതല്‍ക്കൂട്ടാണ്. നിഷാദ് യൂസഫിന്റെ എഡിറ്റിങ്ങും മികവാര്‍ന്നതായി.

  


പ്രേക്ഷക ഹൃദയങ്ങളില്‍ തറയ്ക്കുന്ന ഉണ്ട
പ്രേക്ഷക ഹൃദയങ്ങളില്‍ തറയ്ക്കുന്ന ഉണ്ട
പ്രേക്ഷക ഹൃദയങ്ങളില്‍ തറയ്ക്കുന്ന ഉണ്ട
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക