Image

അജാസിന് പൊലീസിന്റെ ഔദ്യോഗിക യാത്രാമൊഴിയുണ്ടാകില്ല

Published on 20 June, 2019
അജാസിന് പൊലീസിന്റെ ഔദ്യോഗിക യാത്രാമൊഴിയുണ്ടാകില്ല

ആലുവ: വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ വനിതാ സി.പി.ഒ സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ച ആലുവ ട്രാഫിക് യൂണിറ്റിലെ സി.പി.ഒ എന്‍.എ.അജാസിന് പൊലീസ് സേനയുടെ ഒദ്യോഗിക യാത്രാമൊഴിയുണ്ടാകില്ല. സാധാരണയായി സര്‍വീസിലിരിക്കെ മരിക്കുന്ന പൊലീസുകാര്‍ക്കും ഉന്നത തലത്തില്‍ വിരമിക്കുന്നവര്‍ക്കുമെല്ലാം മരിക്കുമ്പോള്‍ പൊലീസ് ഗാര്‍ഡ് ഒഫ് ഓണര്‍ നല്‍കാറുണ്ട്. എന്നാല്‍, സഹപ്രവര്‍ത്തകയെ കൊലപ്പെടുത്തുന്നതിനിടെ പൊള്ളലേറ്റ് മരണപ്പെട്ടതിനാലാണ് ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കാന്‍ കാരണം.അജാസ് ജോലി ചെയ്തിരുന്ന ആലുവ ട്രാഫിക് യൂണിറ്റിലും പൊതുദര്‍ശനം ഉണ്ടാകില്ല. ഇന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാനാണ് പൊലീസ് തീരുമാനം. തുടര്‍ന്ന് വാഴക്കാലയിലെ വീട്ടിലെത്തിച്ച ശേഷം പടമുകള്‍ ജുമാമസ്ജിദില്‍ കബറടക്കും. അജാസ് മരിച്ച വാര്‍ത്ത അറിഞ്ഞപ്പോഴും സഹപ്രവര്‍ത്തകര്‍ക്കെല്ലാം നിസംഗ ഭാവമായിരുന്നു. സഹപ്രവര്‍ത്തകരോട് സൗഹൃദങ്ങള്‍ സൂക്ഷിക്കാത്ത വ്യക്തിയായിരുന്നു അജാസ്. പരിശീലന കാലത്തും ഒപ്പമുണ്ടായിരുന്ന ബാച്ചിലെ മറ്റ് പൊലീസുകാരോടും അകലം സൂക്ഷിച്ചിരുന്നു. എന്നാല്‍ എല്‍പ്പിക്കുന്ന ജോലി കൃത്യമായി നിര്‍വഹിച്ച് മടങ്ങുന്ന പ്രകൃതമായിരുന്നു അജാസിനെന്ന് മുന്‍ ട്രാഫിക് എസ്.ഐ മുഹമ്മദ് കബീര്‍ കേരളകൗമുദി ഫ്‌ളാഷിനോട് പറഞ്ഞു. പൊലീസുകാരിയെ കൊലപ്പെടുത്തിയതോടെയാണ് ഇയാള്‍ പൈശാചിക ചിന്തയുള്ള ആളായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞത്.
വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് ജൂണ്‍ 9 മുതല്‍ 24 വരെ അവധിയെടുത്തിരുന്നു. അതിന് മുമ്പ് ഒരു മാസത്തിലേറെ മെഡിക്കല്‍ അവധിയും എടുത്തിരുന്നു. വീട് നിര്‍മാണത്തില്‍ അജാസ് കാര്യമായ പങ്കൊന്നും വഹിച്ചിട്ടില്ലെന്നാണ് വിവരം. പൊലീസ് സഹകരണ സംഘത്തില്‍ നിന്ന് വായ്പയെടുത്തതിന് പുറമെ അടുത്തിടെ പി.എഫില്‍ നിന്നും രണ്ട് ലക്ഷം രൂപയും പിന്‍വലിച്ചിരുന്നു. ഈ പണമൊന്നും വീട് നിര്‍മാണത്തിന് ചെലവഴിച്ചതായി വിവരമില്ല. 2018 ജൂലായ് മുതലാണ് ആലുവ ട്രാഫിക് സ്റ്റേഷനില്‍ സി.പി.ഒയായി അജാസ് എത്തിയത്. അതിന് മുമ്പ് വര്‍ഷങ്ങളോളം കളമശേരി എ.ആര്‍.ക്യാമ്പിലായിരുന്നു. തൃശൂര്‍ കെ.എ.പി. ബറ്റാലിയനില്‍ വച്ച് അന്ന് സീനിയറായിരുന്ന അജാസ് സൗമ്യയ്ക്ക് പരിശീലനം നല്‍കിയിരുന്നതായും പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക