Image

ഡമോക്രാറ്റിക് ഡിബേറ്റ് ബുധനും വ്യാഴവും: ബൈഡന്‍, സാന്‍ഡേഴ്‌സ്, കമലാ ഹാരിസ് രണ്ടാം ദിനം (ഏബ്രഹാം തോമസ്)

Published on 21 June, 2019
ഡമോക്രാറ്റിക് ഡിബേറ്റ് ബുധനും വ്യാഴവും: ബൈഡന്‍, സാന്‍ഡേഴ്‌സ്, കമലാ ഹാരിസ് രണ്ടാം ദിനം  (ഏബ്രഹാം തോമസ്)
ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ ആദ്യ ഡിബേറ്റുകള്‍അടുത്ത ബുധന്‍ വ്യാഴം ദിനങ്ങളില്‍ (26, 27) ഫ്‌ലോറിഡയിലെ മയാമി ഡൗണ്‍ ടൗണിലെ ഏഡ്രിയന്‍ സെന്റര്‍ ഫോര്‍ ദ പെര്‍ഫോമിങ്ങ് ആര്‍ട്‌സില്‍ നടക്കുന്നു.

ഓരോ ദിവസവും പത്ത് സ്ഥാനാര്‍ഥികളാണ് ഡിബേറ്റില്‍ പങ്കെടുക്കുക.

ആദ്യ ദിവസം സെനറ്റര്‍ കോറി ബുക്കര്‍, സെനറ്റര്‍ എലിസബത്ത് വാറന്‍, മുന്‍ കോണ്‍ഗ്രസംഗം ബെറ്റോ ഒ റൂര്‍കെ, സെനറ്റര്‍ഏമി ക്ലോബുഷര്‍, ജോണ്‍ ഡിലേനി, കോണ്‍ഗ്രസംഗം തുള്‍സി ഗബ്ബാര്‍ഡ്, ജൂലിയന്‍ കാസ്‌ട്രോ, ടിം റയാന്‍, ന്യു യോര്‍ക്ക് മേയര്‍ബില്‍ ഡി ബ്ലാസിയോ, ജെയ് ഇന്‍സ്ലീ എന്നിവര്‍ ഏറ്റുമുട്ടും.

രണ്ടാം ദിവസം സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സ്, സെനറ്റര്‍ കമലാ ഹാരിസ്, മുന്‍ വൈസ് പ്രസിഡന്റ്ജോ ബൈഡന്‍, പീറ്റ് ബട്ടീഗ്, മൈക്കേല്‍ ബെന്നറ്റ്, മരിയാന്‍ വില്യംസണ്‍, എറിക് സ്വാള്‍വെല്‍, ന്യു യോര്‍ക്ക് സെനറ്റര്‍ കര്‍സ്റ്റണ്‍ ജില്ലിബ്രാന്‍ഡ്, ആന്‍ഡ്രൂ യാംഗ്, ജോണ്‍ ഹിക്കന്‍ലൂപ്പര്‍ എന്നിവരാണ് തങ്ങളുടെ വാക് ചാതുര്യം പ്രകടിപ്പിക്കുക.

നറുക്കെടുപ്പിലൂടെയാണ് സ്ഥാനാര്‍ഥികളുടെ അരങ്ങേറ്റം തീരുമാനിച്ചത്. ടെക്‌സസ്‌കാരായ ഒ റൂര്‍കെയും കാസ്‌ട്രോയും ഇങ്ങനെ ആദ്യമേ തന്നെ ഒരേ വേദിയിലായി.

മുന്‍ നിരക്കാരായബൈഡനും സാന്‍ഡേഴ്‌സും ഏറ്റുമുട്ടുന്നത് കൗതുകകരമായിരിക്കും. ആശയപരമായ ധ്രുവങ്ങളുടെ അന്തരമുള്ള സ്ഥാനാര്‍ഥികളായി ഇവര്‍ അറിയപ്പെടുന്നു. എന്നാല്‍ ഗര്‍ഭച്ഛിദ്ര പ്രശ്‌നത്തില്‍ ബൈഡന്‍ അടുത്തയിട നടത്തിയ നയം മാറ്റം ശ്രദ്ധിക്കപ്പെട്ടു. ബൈഡന് അഭിപ്രായ സര്‍വേകളില്‍ ലഭിക്കുന്ന മേല്‍ക്കൈ എതിരാളികള്‍ക്ക് തലവേദനയാണെങ്കിലും ഈ ലീഡ് ഭേദ്യമാണെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

ആദ്യ ആഴ്ചകളില്‍ സര്‍വേകളില്‍ മുന്നിട്ടു നിന്ന ഒ റൂര്‍കെയും കാസ്‌ട്രോയും ഇപ്പോള്‍ മെച്ചമായ നിലയിലല്ല. ധനശേഖരണമാണ് ഒ റൂര്‍കെയുടെ പ്രധാന കഴിവ്. മത്സരംഗത്തുള്ള ഏക ഹിസ്പാനിക് വംശജന്‍ എന്ന മേന്മ കാസ്‌ട്രോ എത്രത്തോളം പ്രയോജനപ്പെടുത്തും എന്നറിയില്ല.

സെനറ്റര്‍ വാറന്‍ പുരോഗമന വാദികളുടെ പ്രിയ നേതാവായി അറിയപ്പെടുന്നു. ഇതേ ഗ്രൂപ്പിലുള്ള ഒ റൂര്‍കെയും കാസ്‌ട്രോയും കുറെക്കൂടി മിതവാദികളാണ്. മൂവരിലാര്‍ക്കും അടുത്ത വര്‍ഷം മാര്‍ച്ച് മൂന്നിലെ സൂപ്പര്‍ ട്യൂസ് ഡേയ്ക്കുശേഷം സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കുവാനോ വലിയ വെല്ലുവിളി ഉയര്‍ത്തുവാനോ കഴിയും എന്നാരും കരുതുന്നില്ല.

ഒറൂര്‍കെ മൂന്നു തവണ ജനപ്രതിനിധിയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ടെക്‌സസില്‍ നിന്ന് സെനറ്റ്വിജയത്തിന് 2.6 ശതമാനം പോയിന്റിന് അടുത്ത് വരെ എത്തിയതാണ്.

ഡിബേറ്റിന്റെ രണ്ടാം രാത്രി വലിയ വെടിക്കെട്ട് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഴുപത്കാരായ ബൈഡനും സാന്‍ഡേഴ്‌സും ഇരുവരുടെയും ആശയങ്ങളും ഏറ്റുമുട്ടുമ്പോള്‍ ഇങ്ങനെ സംഭവിക്കുവാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഒന്നര മണിക്കൂര്‍ യഥാര്‍ത്ഥ ഡിബേറ്റില്‍ പത്ത് പേര്‍ക്ക് ഓരോരുത്തര്‍ക്കും എത്ര സമയം കിട്ടുമെന്നോ ആര്‍ക്കൊക്കെ ശോഭിക്കുവാന്‍ കഴിയുമെന്നോ പറയാനാവില്ല.

മാധ്യമശ്രദ്ധ നേടാന്‍ ട്രമ്പ് വിരുധ വാക്‌ധോരണി നടത്തിയവരാണ് സ്ഥാനാര്‍ഥികളില്‍ പലരും. ഇവര്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ കടന്നാക്രമിക്കുവാന്‍ എന്തെല്ലാം വിഷയം തിരഞ്ഞെടുക്കും എന്നറിയില്ല. പല സ്ഥാനാര്‍ഥികളും ഇന്ന് അമേരിക്ക അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ വ്യക്തമായ കാഴ്ചപ്പാട് സ്വീകരിച്ചു കണ്ടിട്ടില്ല. വിദേശ നയവും രാജ്യാന്തര വ്യാപാരബന്ധങ്ങളും പൊതുവേദിയില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഇവരുടെ സമീപനം എന്തായിരിക്കും എന്നറിയുവാന്‍ കാത്തിരിക്കാം.

രണ്ട് ഡസന്‍ ടിക്കറ്റ് മോഹികളാണ് രംഗത്തുള്ളത്. ഇവരുടെ ബാഹുല്യം കുറയ്ക്കുവാനായി അഭിപ്രായ വോട്ടെടുപ്പില്‍ ഒരു ശതമാനമെങ്കിലും പിന്തുണ, 20 സംസ്ഥാനങ്ങളില്‍ നിന്ന് കുറഞ്ഞത് 200 പേര്‍ വീതം മൊത്തം 65,000 പേരില്‍ നിന്നെങ്കിലും സംഭാവന നേടാന്‍ കഴിഞ്ഞു എന്ന് തെളിയിക്കുക.ഈ മാനദണ്ഡങ്ങള്‍ ഡമോക്രാറ്റിക് നാഷനല്‍ കമ്മിറ്റി (ഡിഎന്‍സി) മുന്നോട്ട് വച്ചു. ഇതനുസരിച്ച് സ്ഥാനാര്‍ഥികള്‍ 20 ആയി ചുരുങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക