Image

മൗനനൊമ്പരം (കഥ: ജയചിത്ര)

ജയചിത്ര Published on 22 June, 2019
മൗനനൊമ്പരം (കഥ: ജയചിത്ര)
ശിവരാത്രി വ്രതം നോറ്റ് ക്ഷേത്രത്തില്‍ നിന്നും പുലര്‍ച്ചെ കൂട്ടുകാരികളോടൊപ്പം നടന്നു വരികയായിരുന്നു സീത.. വഴിയോരങ്ങളില്‍ പൂവണിഞ്ഞു നില്‍ക്കുന്ന കൊന്നകള്‍..വിഷുക്കാലമറിയിച്ചു കൊണ്ട് മഞ്ഞപ്പട്ടാട ചൂടിയ മരം കണ്ടപ്പോള്‍ അവളുടെ മനസ്സ് വളരെ പിറകിലേക്ക് സഞ്ചരിച്ചു. തന്റെ ചെറുപ്പകാലങ്ങളിലേക്ക്.. 

പച്ച ദാവണിയില്‍ അന്ന് താനേറെ സുന്ദരിയായിരുന്നു.  കളിക്കൂട്ടുകാരോടൊപ്പം ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങി വരുമ്പോളാണ് രോഷ്ണി ചേച്ചി ദേവനോടായി ചോദിച്ചത്.. 

'ടാ..ദേവാ നീ എനിക്കാ കൊന്നയില്‍ നിന്നും ഒരു കുലപ്പൂവ് പൊട്ടിച്ചു തരുമോ..?'

'അതിനെന്താ ഇപ്പോള്‍ തരാമല്ലോ..'

ദേവന്‍ വേഗം മതിലിനു മുകളിലേക്ക് വലിഞ്ഞു കയറി..ഒരു കുല പൊട്ടിച്ചു രോഷ്ണിയുടെ കൈകളിലേക്ക് നീട്ടി.. പ്രഭാത സൂര്യനേക്കാള്‍ തെളിച്ചത്തോടെ രോഷ്ണിയുടെ മുഖം തിളങ്ങി. അവള്‍ ദേവനെ പ്രേമഭാവത്താല്‍ ഒന്ന് നോക്കി. ദേവന്‍ അതൊന്നും ശ്രദ്ധിക്കുന്നില്ലായിരുന്നു. പക്ഷേ സീതയുടെ മുഖം പലതരം വികാരങ്ങളാല്‍ വിവര്‍ണ്ണമായി.. മുഖം കാര്‍മേഘക്കെട്ടായി. ചിരിച്ചു കളിച്ച് സംസാരിച്ച അവള്‍ പെട്ടെന്ന് നിശ്ശബ്ദയായി.

 ദേവന്‍ അയലത്തെ സത്യന്‍-ഭാനു ദമ്പതികളുടെ രണ്ടു മക്കളില്‍ മൂത്തവന്‍. രോഷ്ണി സീതയുടെ അപ്പച്ചിയുടെ മകള്‍..വെക്കേഷന് സീതയുടെ വീട്ടിലെത്തിയതാണ് രോഷ്ണി.. സീത പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി.ദേവന്‍ പ്ലസ് ടൂ വിദ്യാര്‍ത്ഥി, രോഷ്ണിയും പ്ലസ്ടൂ തന്നെ.

ദേവന്‍ കാണുന്നുണ്ടായിരുന്നു സീതയിലെ മാറ്റം.. എന്താണ് അവളെ അസ്വസ്ഥയാക്കിയത്. രോഷ്ണിക്ക് താന്‍ പൂവിറുത്ത് കൊടുത്തതോ..? സീതയെ തനിക്ക് ഏറെയിഷ്ടമാണ്.. അവളോട് താനതു പറഞ്ഞപ്പോള്‍ 'പോ ചെക്കാ അമ്മയോട് പറഞ്ഞു കൊടുക്കുമേ' എന്നും പറഞ്ഞ് ഓടിപ്പോയതേയുള്ളൂ. അവളുടെ അമ്മയെ തനിക്ക് പേടിയാണ്. അച്ഛന്‍ വിദേശത്തായതിനാല്‍ അമ്മയാണ് എല്ലാ കാര്യങ്ങളും അവളുടെ വീട്ടില്‍ നോക്കുന്നത്. 

അന്ന് വൈകുന്നേരം അവന്‍ സീതയുടെ വീട്ടിലെത്തി. അവളുടെ അമ്മയും അനിയത്തിയും രോഷ്ണിയും ക്ഷേത്രത്തില്‍ പോയിരിക്കുകയാണ്. സീത കുളിക്കാനുള്ള തയ്യാറെടുപ്പിലാണ്. സീതേ എന്ന് വിളിച്ചാണ് അവന്‍ അവിടേക്ക് എത്തിയത്. അവള്‍ ഒന്നും മിണ്ടിയില്ല.

'എന്തേ എന്റെ പെണ്ണേ നീയൊന്നും മിണ്ടാത്തത്..എന്തേ ഈ മൗനം..?'

അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി..മൗനനൊമ്പരമവളില്‍ അശ്രുക്കളായി പെയ്തിറങ്ങി.. അവനെ അവള്‍ പെട്ടെന്ന് ഇറുകെ കെട്ടിപ്പുണര്‍ന്നു..ആ കവിളിലും ചുണ്ടിലുമെല്ലാം ചുംബനം കൊണ്ട് മൂടി..ഒന്ന് പകച്ചു പോയ ദേവന്‍ അവളെ തന്നിലേക്ക് ചേര്‍ത്തമര്‍ത്തി..മൂര്‍ദ്ധാവില്‍ നുകര്‍ന്നു. അവനോട് തനിക്കുള്ള സ്‌നേഹഹമാകെ അവളില്‍ നിറഞ്ഞു തുളുമ്പുകയായിരുന്നു.

 പിന്നീട് അവരുടെ പ്രണയത്തിന്റെ നാളുകളായിരുന്നു. ആരുമറിയാതെ അത് നീണ്ടു നിന്നു. എന്നാല്‍ സീതയ്ക്ക്  പതിനെട്ടു വയസ്സായപ്പോള്‍ വിവാഹാലോചനകള്‍ വന്നു  തുടങ്ങി..നല്ല ഒരു ബന്ധം വന്നപ്പോള്‍ വീട്ടുകാര്‍ അത് ഉറപ്പിക്കുകയും ചെയ്തു. സീത തനിക്ക് പഠിക്കണം എന്നൊക്കെ പറഞ്ഞു നോക്കി. പക്ഷേ അവര്‍ കേട്ടില്ല. ദേവന്‍ ആകെ തകര്‍ന്നു.. അവന്‍ വീട്ടില്‍ കരച്ചിലായി.. അവന്റെ അമ്മ സീതയുടെ അമ്മയോട് വന്നു സംസാരിച്ചു. പക്ഷേ അവര്‍ പറ്റില്ല എന്ന് തീര്‍ത്തു പറഞ്ഞു. അവനെ അവന്റെ വീട്ടുകാര്‍ ദൂരെ ബന്ധുക്കളുടെ വീട്ടിലേക്ക് മാറ്റി. അവന്റെ നാശം അവിടെ തുടങ്ങുകയായിരുന്നു. സീത കല്യാണ ദിവസം രാത്രി തന്റെ ഭര്‍ത്താവിനോട് എല്ലാം പറഞ്ഞു. അയാള്‍ ആശ്വസിപ്പിച്ചു. എല്ലാം മറക്കാന്‍ അവളോട് പറഞ്ഞു. ദേവന്‍ ഒരു മൗനനൊമ്പരമായി അവളുടെ മനസ്സില്‍ കുഴിച്ചു മൂടപ്പെട്ടു.. 

'എന്താണ് സീത…താനെന്താണ് ആലോചിച്ചു നടക്കുന്നത്… ?'

മാലതിയുടെ ശബ്ദം ആണവളെ ചിന്തകളില്‍ നിന്ന് ഉണര്‍ത്തിയത്. നിറകണ്ണുകള്‍ തുടച്ചു അവള്‍ ഒന്നുമില്ല എന്ന് മൊഴിഞ്ഞു. 

അവള്‍ അന്നാകെ അസ്വസ്ഥയായിരുന്നു. കഴിഞ്ഞ ദിവസം അനിയത്തി വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു. ദേവന്‍ കരള്‍ രോഗം മൂലം ആശുപത്രിയില്‍ ആണെന്ന്..  കരള്‍ മാറ്റി വയ്ക്കല്‍ അല്ലാതെ മറ്റൊരു വഴിയില്ല. പക്ഷേ എല്ലാം കുടിച്ചു നശിപ്പിച്ച അവനെ ചികിത്സിക്കാന്‍ ഭാര്യയും വീട്ടുകാരും തയ്യാറായിരുന്നില്ല.
ഈശ്വരാ താനാണ് അവനെ തകര്‍ച്ചയിലേക്ക് നയിച്ചത്. അന്ന് അവനോടൊപ്പം ഇറങ്ങി പോയാല്‍ മതിയായിരുന്നു. പക്ഷേ അനിയത്തിയുടെ ഭാവി കൂടി തനീക്ക് നോക്കണമായിരുന്നു.

 കല്യാണ ശേഷം പിന്നീട് അവനെ കാണുന്നത് മൂന്നു വര്‍ഷം കഴിഞ്ഞാണ്. തമിഴ്‌നാട്ടില്‍ ജോലിയിലായിരുന്ന അവനെ  കല്യാണം നടത്താനായി വീട്ടുകാര്‍ നിര്‍ബന്ധിച്ചു വരുത്തിയതായിരുന്നു. അവന്‍ വിവാഹമേ വേണ്ട എന്ന നിലപാടിലായിരുന്നു.  അവന്റെ അമ്മ തന്നോടായി പറഞ്ഞു. അവനോട് ഒന്ന് സംസാരിക്കാന്‍.. അങ്ങനെ അന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അവന്റെ മുന്നില്‍…തന്റെ വിശേഷങ്ങളെല്ലാം അവന്‍ തിരക്കി..അവനോടായി പതിയെ ചോദിച്ചു.

'എന്തേ നീ വിവാഹം കഴിക്കാത്തത്…പഴയതൊക്കെ ഇനിയെങ്കിലും മറന്നു കൂടേ.'.

'കഴിയുന്നില്ല സീതാ..നിന്നെ മറക്കാന്‍… എനിക്ക് കഴിയില്ല. ഹൃദയത്തില്‍ അത്രത്തോളം ആഴത്തിലാണ് പെണ്ണേ നീ…അതാണ് ഞാന്‍…'

'അതൊന്നും പറഞ്ഞാല്‍ പറ്റില്ല. നീ വിവാഹം കഴിക്കണം. അല്ലെങ്കില്‍ ഇനി ഞാന്‍ നിന്നെ കണ്ടാല്‍ പോലും മിണ്ടില്ല. '. നിറഞ്ഞ കണ്ണുകള്‍ അവനില്‍ നിന്നും മറച്ചു വച്ച് അവനോടായി പറഞ്ഞു.

'ശരി , ഞാന്‍ വിവാഹത്തിന് സമ്മതിക്കാം. പക്ഷേ നീ എന്നെ വെറുക്കരുത്. നിനക്ക് പകരം മറ്റൊരു പെണ്ണിനെ സ്വീകരിച്ചതിന്.'

മനസ്സില്‍ വല്ലാത്തൊരു വികാരം ഉണര്‍ന്നു..സീതയില്‍..വര്‍ഷങ്ങള്‍ക്കിപ്പുറവും  അവനിലെ മൗനനൊമ്പരമായി താനിപ്പോഴും..എത്രത്തോളം അവന്‍ എന്നെ സ്‌നേഹിക്കുന്നു..ഇന്നും.. ആ സ്‌നേഹം തനിക്കായി മാത്രം നേടാന്‍ കഴിഞ്ഞില്ലല്ലോ ഈശ്വരാ…

'ഇല്ല…ദേവാ…ഒരിക്കലും ഇല്ല..നിന്നെ വെറുക്കാനെനിക്ക് കഴിയില്ല..ഈ ജന്മത്തില്‍…എല്ലാത്തിനും മാപ്പ് ചോദിക്കാന്‍ അര്‍ഹയല്ലെങ്കില്‍ കൂടി ഞാന്‍ അപേക്ഷിക്കുകയാണ്..മാപ്പ്….സ്‌നേഹിച്ച് ഒറ്റയ്ക്ക് ആക്കി പോയതിന്…'

വിവാഹത്തിന് സീതയെത്തിയപ്പോള്‍ കതിര്‍ മണ്ഡപത്തിലേക്ക് കയറാന്‍ തുടങ്ങുകയായിരുന്നു..അവന്‍..ഓടി അരികിലേക്ക് എത്തി… എന്നിട്ട് മകളെ വാരിയെടുത്തു. പരിസരം പോലും മറന്ന മട്ടിലായിരുന്നു അവന്‍..

'നീ ചെല്ല് ദേവാ..ദേ എല്ലാവരും നോക്കുന്നു..വെറുതെ ഒരു സീനുണ്ടാക്കണ്ട…' 

താലി കെട്ടുമ്പോള്‍ പോലും സീതയിലായിരുന്നു അവന്റെ കണ്ണുകള്‍..ആ മിഴികള്‍ ഇടയ്ക്കിടെ തുടയ്ക്കുന്നത് തനിക്ക് കാണാമായിരുന്നു. കല്ല്യാണം കഴിഞ്ഞെങ്കിലും ഭാര്യയെ സ്‌നേഹിക്കാനോ.. പൊരുത്തപ്പെടാനോ അവനു കഴിഞ്ഞില്ല.. തീര്‍ത്തും മദ്യത്തിന് അടിമയായി മാറാന്‍ തുടങ്ങി അവന്‍.. ഒരു ദിവസം വീട്ടിലെത്തിയപ്പോള്‍ അവനും തന്റെ വീട്ടിലുണ്ടായിരുന്നു.മദ്യ ലഹരിയിലായിരുന്ന അവന്‍ ആരും  ഇല്ലാത്ത സമയത്ത് തന്നെ പെട്ടെന്ന് പൂണ്ടടക്കം കെട്ടിപ്പിടിച്ചു.. ഞെട്ടിപ്പോയി..

'വിട് ദേവാ..എന്നെ…'

'പ്ലീസ് സീത..എന്നോടൊപ്പം ഒരിത്തിരി നേരം..എനിക്ക് നീയില്ലാതെ പറ്റില്ല സീത.. എനിക്ക് വല്ലാത്ത മോഹമുണ്ട്..നിന്നെ ഒരു നേരത്തേക്കെങ്കിലും എന്റേത് മാത്രമായി വേണമെന്ന്..'. അവന്‍ പിടുത്തം മുറുക്കി..

'വിടാനല്ലേ നിന്നോട് പറഞ്ഞത്…' ശക്തിയില്‍ അവനെ തള്ളിയകറ്റി….വെറുപ്പോടെ ആട്ടിയകറ്റി..പുറത്താക്കി വാതിലടച്ചു…

 കുളിമുറിയില്‍ പൈപ്പ് തുറന്നിട്ട് കുറേ നേരം അതിന് താഴെ നിന്ന് കരഞ്ഞു… ആരെങ്കിലും കണ്ടിരുന്നെങ്കില്‍ എന്തു ചെയ്‌തേനെ താന്‍… എല്ലാം ഇവിടെ തീരട്ടെ.. ഇനി അവനെ കാണരുത് ഒരിക്കലും.. സംസാരിക്കുകയും ചെയ്രുത്..പിന്നീട് അവനെ ഒരിക്കലും അടുപ്പിച്ചില്ല…വെറുത്തു..അങ്ങനെ അഭിനയിക്കേണ്ടതായി വന്നു..

പിന്നീട് ഇന്ന് അനിയത്തി വിവരങ്ങള്‍ പറഞ്ഞപ്പോള്‍ വിഷമം തോന്നി..അവന്‍ തന്നെ പലപ്പോഴും കാണാന്‍ ശ്രമിച്ചപ്പോഴും സമ്മതിച്ചില്ല.. ഇനി ഈ അവസ്ഥയില്‍ അവനെ കാണാനും വയ്യ.. സീത കണ്ണുകള്‍ ഇറുകെയടച്ചു…ഉറങ്ങാനാകണില്ല…ചിന്തകള്‍ എല്ലാം വളരെ പുറകിലേക്കാണ് സഞ്ചരിക്കുന്നത്…

ഒരാഴ്ച കഴിഞ്ഞു… ഒരു ദിവസം രാവിലെ അനിയത്തി വിളിച്ചു..അവള്‍ കരയുകയായിരുന്നു..

'ചേച്ചീ.ദേവേട്ടന്‍…ദേവേട്ടന്‍..പോയി  ചേച്ചി…'

ഫോണ്‍ കയ്യില്‍ നിന്നും ഊര്‍ന്ന് താഴേക്ക് വീണു..തളര്‍ച്ച ശരീരമാകെ ബാധിച്ചു…തനിക്ക് ചുറ്റുമുള്ള കാഴ്ചകള്‍ മങ്ങുന്നതായി തോന്നി… ഏതോ കൈകള്‍ തന്നെ താങ്ങിപ്പിടിക്കുന്നുണ്ട്.. പിന്നീട് ബോധം വീണപ്പോള്‍ അദ്ദേഹം അടുത്തുണ്ടായിരുന്നു.

'വരൂ..നമുക്ക് അവനെ കണ്ടിട്ടു വരാം…'
ദയനീയമായി അദ്ദേഹത്തെ നോക്കി.. 

'വിഷമിക്കണ്ട നീ… അവസാനമായി ഒരു നോക്കെങ്കിലും നിനക്കൊന്ന് കാണണ്ടേ..ഞാന്‍ കൊണ്ടു പോകാം.. '
തന്റെ വേദന അദ്ദേഹം മനസ്സിലാക്കിയല്ലോ…

വെള്ള പുതച്ചു കിടക്കുന്ന ദേവന്‍..മുഖമാകെ കരുവാളിച്ച്…ഹോ..ആ കാഴ്ച കാണാന്‍ പോലും തനിക്ക് ആകുമായിരുന്നില്ല… മൗനമായി ആ ആത്മാവിനോട് മാപ്പ് ചോദിച്ചു..തനിക്കായി ഉരുകി തീര്‍ന്ന ജന്മം.. അവന്റെ ഭാര്യയുടേയും മക്കളുടേയും നിലവിളി കേള്‍ക്കാമായിരുന്നു.. അവിടെ..തന്റെ മൗന നൊമ്പരം അവന്റെ ആത്മാവല്ലാതെ ആരറിയാന്‍… സ്‌നേഹിച്ചു..വളരെയേറെ..പക്ഷേ വിധി..ഒന്നിക്കാന്‍ സമ്മതിച്ചില്ല… എല്ലാം കഴിഞ്ഞു വീട്ടിലേക്ക് തിരിക്കുമ്പോള്‍ അനിയത്തി വന്നു കാതില്‍ പറഞ്ഞു..

'ചേച്ചി..അവസാന സമയത്തും ദേവേട്ടന്‍ എന്നോട് പറഞ്ഞിരുന്നു…'

'എന്താണ് മോളേ അവന്‍ പറഞ്ഞത്...'

'സീതയെ ഒന്നു കാണാന്‍ കഴിയുമോ..എന്നെ അവളൊന്നു കാണാന്‍ വന്നില്ലല്ലോ മോളേ….അവള്‍ക്ക് എന്നോട് വെറുപ്പായിരിക്കും.. അതാണ് ഈ അവസ്ഥയിലായിട്ടും…എന്നെ ഒന്നു കാണാന്‍ വരാഞ്ഞത്.. മോള്‍ അവളോട് പറയണം…ഈ ലോകത്ത് എന്തിനേക്കാളും ഏറെ ഞാനവളെ സ്‌നേഹിച്ചിരുന്നു എന്ന്.. തെറ്റുകള്‍ ക്ഷമിക്കണം എന്ന്.. ഗതി കിട്ടാതെ എന്റെ ആത്മാവ് അലയാതിരിക്കണമെങ്കില്‍ അവളെന്നോട് ക്ഷമിച്ചു തരണമെന്ന്….' 

ദൈവമേ ഞാനെന്തു പാപിയാണ്…അവന്റെ അവസാന ശ്വാസം പോലും എനിക്കായി.. അവന്റെ അവസാന  വാക്കുകള്‍ കാതുകളില്‍ പ്രകമ്പനം ചെയ്യുന്നു…ചെവികള്‍ പൊത്തിപ്പിടിച്ചു ഒരാര്‍ത്ത നാദത്തോടെ സീത നിന്നു… 

അവള്‍ക്ക് ചുറ്റുമുള്ള ഒന്നും അവള്‍ കാണുന്നില്ലായിരുന്നു. മുന്നില്‍ ദേവന്‍ മാത്രം.. അവളുടെ ദേവന്‍...നിലയില്ലാ കയത്തിലെന്ന പോലെ താളം തെറ്റിയ മനസ്സുമായി അവളിന്നും ഒരു മുറിയില്‍ അടച്ചിരിപ്പാണ്…കൂട്ടിന് അവളുടെ മൗന നൊമ്പരങ്ങള്‍ മാത്രം..

                                         രചന: ജയചിത്ര

മൗനനൊമ്പരം (കഥ: ജയചിത്ര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക