Image

ടിവി പ്രൊഡ്യൂസറുടെ വ്യാജ ഫേസ്ബുക്കിലുടെ പണം തട്ടിയ യുവതി അറസ്റ്റില്‍

Published on 23 June, 2019
ടിവി പ്രൊഡ്യൂസറുടെ വ്യാജ ഫേസ്ബുക്കിലുടെ പണം തട്ടിയ യുവതി അറസ്റ്റില്‍
ഹൈദരാബാദ്: ടെലിവിഷന്‍ പ്രൊഡ്യൂസറുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ച് നടീ നടന്‍മാരില്‍ നിന്നും മറ്റും പണം തട്ടിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന സ്വദേശിനി വൈ. ശ്രീലത(33)ആണ് അറസ്റ്റിലായത്.

ഈ നാട് ടെലിവിഷനിലെ (ഇ.ടി.വി) പ്രൊഡ്യൂസര്‍ ശ്രീദേവി തുമ്മലയുടെ പേരിലാണ് യുവതി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയത്. തുടര്‍ന്ന് ശ്രീദേവിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സിനിമയിലും ടി.വി പരിപാടികളിലും അവസരം നല്‍കാമെന്ന് പറഞ്ഞ് നടീനടന്‍മാരില്‍ നിന്നും മറ്റ് ആളുകളില്‍ നിന്നും പണം തട്ടുകയായിരുന്നു.

50,000 രൂപ മുതല്‍ ആറ് ലക്ഷം രൂപ വരെ ഇവര്‍ ഇത്തരത്തില്‍ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് വാങ്ങിയെടുക്കുകയായിരുന്നു. ആഢംഭര ജീവിതത്തിനാണ് ഇവര്‍ ഈ പണം ഉപയോഗിച്ചത്. 2018 ജൂലൈയിലാണ് ടെലിവിഷനില്‍ ശ്രീദേവി തുമ്മലയുടെ പേര് യുവതിയുടെ ശ്രദ്ധയില്‍ പെട്ടതും അവരുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയതും.

യുവതിയുടെ പ്രവര്‍ത്തി സ്ഥാപനത്തിന്‍െറ സല്‍പേരിന് കളങ്കമുണ്ടാക്കിയതായി കാണിച്ച് ഇ.ടി.വി ഓപ്പറേഷന്‍ വിഭാഗം ചീഫ് മാനേജര്‍ ബി.വി.ആര്‍ മൂര്‍ത്തി നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് യുവതിക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തു. ഐ.ടി ആക്ട് പ്രകാരമുള്ള കുറ്റവും ചുമത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക