Image

പ്രകോപനപരമായ പ്രസ്താവനകള്‍ പാടില്ല ; സമവായ സാധ്യതകള്‍ അടയ്ക്കരുതെന്നു യുഡിഎഫ് നേതൃത്വം

Published on 24 June, 2019
പ്രകോപനപരമായ പ്രസ്താവനകള്‍ പാടില്ല ; സമവായ സാധ്യതകള്‍ അടയ്ക്കരുതെന്നു യുഡിഎഫ് നേതൃത്വം

തിരുവനന്തപുരം ∙ കേരള കോണ്‍ഗ്രസില്‍ സമവായ സാധ്യതകള്‍ അടയ്ക്കരുതെന്നു യുഡിഎഫ് നേതൃത്വം. പ്രകോപനപരമായ പ്രസ്താവനകള്‍ പാടില്ല. ചര്‍ച്ചകള്‍ തുടരണം. ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും ജോസ് കെ.മാണിയോടു യുഡിഎഫ് നേതൃത്വം. പി.ജെ.ജോസഫുമായും യുഡിഎഫ് നേതൃത്വം സംസാരിക്കും. ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുത്തുള്ള ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് ജോസ് പക്ഷം നിലപാടെടുത്തു. സംസ്ഥാന തലത്തിലുണ്ടായ പിളര്‍പ്പ് ജില്ലാ തലങ്ങളിലേക്കും വ്യാപിക്കുന്നതിനിടെയാണ് യുഡിഎഫ് നേതൃത്വം സമവായശ്രമങ്ങള്‍ ആരംഭിച്ചത്. പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി പി.ജെ.ജോസഫും ജോസ് കെ.മാണിയും രംഗത്തെത്തിയിരുന്നു. കേരള കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ സ്ഥാനം പിന്തുടര്‍ച്ചാവകാശമല്ലെന്നും ഒരു ബോര്‍ഡ് വച്ച്‌ അതിന് കീഴിലിരുന്നാല്‍ ചെയര്‍മാനാകില്ലെന്നും പി.ജെ.ജോസഫ് പത്തനംതിട്ടയില്‍ പറഞ്ഞു. കെ.എം.മാണി ചോരയുംനീരും കൊടുത്തു വളര്‍ത്തിയ പ്രസ്ഥാനത്തെ തകര്‍ക്കാനാണ് ചിലരുടെ ശ്രമമെന്ന് ജോസഫ് പറഞ്ഞു.

തൃശൂരില്‍ ഉന്നതാധികാര സമിതിയംഗം കൂടിയായ തോമസ് ഉണ്ണിയാടനെയും സംസ്ഥാന കമ്മിറ്റിയംഗം സി.വി.കുര്യാക്കോസിനെയും പുറത്താക്കിയെന്ന അറിയിപ്പിനു പിന്നാലെ ജില്ലാ കമ്മിറ്റി ഓഫിസില്‍ കേരള കോണ്‍ഗ്രസ് ജില്ലാ ജനറല്‍ ബോഡി യോഗം ചേര്‍ന്നു. തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു. ജോസ് കെ.മാണി പാര്‍ട്ടി ഭരണഘടനാ ചട്ടങ്ങള്‍ ലംഘിച്ചു മുന്നോട്ടു പോവുകയാണെന്ന് ആരോപിച്ച യോഗം അദ്ദേഹത്തെ പുറത്താക്കണമെന്നു പ്രമേയം പാസാക്കി. അതേസമയം, ജോസ് കെ.മാണി പക്ഷം കോട്ടയത്ത് വിളിച്ചുകൂട്ടിയ നേതൃയോഗത്തില്‍ പാര്‍ട്ടിയെ താഴെത്തട്ടുവരെ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. 99 അംഗ സ്റ്റിയറിങ് കമ്മിറ്റിയില്‍ 58 പേര്‍ പങ്കെടുത്തതായും ഇവര്‍ അറിയിച്ചു. എംപിമാരായ ജോസ് കെ.മാണി, തോമസ് ചാഴികാടന്‍, എംഎല്‍എമാരായ റോഷി അഗസ്റ്റിന്‍, എന്‍.ജയരാജ്, ഉന്നതാധികാര സമിതി അംഗം ജോബ് മൈക്കിള്‍, സ്റ്റീഫന്‍ ജോര്‍ജ്, പി.കെ.സജീവ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക