Image

യുപിയില്‍ പൊളിച്ചെഴുതി പ്രിയങ്ക; മുഴുവന്‍ കോണ്‍ഗ്രസ് കമ്മിറ്റികളും പിരിച്ചുവിട്ടു, രാഹുല്‍ തുടരണം

Published on 24 June, 2019
യുപിയില്‍ പൊളിച്ചെഴുതി പ്രിയങ്ക; മുഴുവന്‍ കോണ്‍ഗ്രസ് കമ്മിറ്റികളും പിരിച്ചുവിട്ടു, രാഹുല്‍ തുടരണം

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി നല്‍കിയ ഷോക്കില്‍ നിന്ന് കരകയറാന്‍ കോണ്‍ഗ്രസ് പുതിയ നീക്കങ്ങള്‍ക്ക് തുടക്കമിട്ടു. മുഴുവന്‍ ജില്ലാ കമ്മിറ്റികളും പിരിച്ചുവിടാന്‍ യുപി കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു. എല്ലാ കമ്മിറ്റികളും പുനസ്സംഘടിപ്പിക്കുകയാണ് ലക്ഷ്യം. ദേശീയ അധ്യക്ഷ പദവി രാജിവെക്കുകയാണെന്ന് രാഹുല്‍ ഗാന്ധി നേതൃത്വങ്ങളെ വീണ്ടും അറിയിച്ചു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ രാജിവെക്കരുതെന്നും പദവിയില്‍ തുടരാനും ദേശീയ നേതാക്കള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.


കര്‍ണാടകത്തില്‍ പിസിസി കഴിഞ്ഞാഴ്ച പിരിച്ചുവിട്ടിരുന്നു. പിസിസി അധ്യക്ഷനെയും വര്‍ക്കിങ് പ്രസിഡന്റിനെയും മാത്രം നിലനിര്‍ത്തിയ ശേഷമാണ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത്.സമാനമായ നീക്കം തന്നെയാണ് ഉത്തര്‍ പ്രദേശിലും. കോണ്‍ഗ്രസ് വന്‍ പ്രതീക്ഷയോടെ തിരഞ്ഞെടുപ്പിന് ഇറങ്ങിയ യുപിയില്‍ നിന്ന് 80ല്‍ ഒരു സീറ്റ് മാത്രമാണ് നേടാന്‍ സാധിച്ചത്. രാഹുല്‍ ഗാന്ധി പോലും പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് യുപിയില്‍ അഴിച്ചുപണിക്ക് പ്രിയങ്കാ ഗാന്ധി നിര്‍ദേശം നല്‍കിയത്. 


ഉത്തര്‍ പ്രദേശില്‍ 12 നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. എസ്പിയും ബിഎസ്പിയും സഖ്യമില്ലാതെയാണ് തിരഞ്ഞെടുപ്പ് നേരിടുക. ബിജെപി വന്‍ ഒരുക്കങ്ങളാണ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ നേതൃത്വത്തില്‍ നടത്തുന്നത്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസും കച്ചകെട്ടുന്നത്.ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ മണ്ഡലങ്ങളിലും രണ്ടംഗ സമിതിയെ നിയോഗിച്ചു. ഇവരാണ് മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക. ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ് പുനസംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത് അജയ് കുമാര്‍ ലല്ലുവായിരിക്കും. പ്രിയങ്കയുടെ നിര്‍ദേശ പ്രകാരമാണ് സമ്ബൂര്‍ണ അഴിച്ചുപണിക്ക് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.


ദേശീയതലത്തില്‍ കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ആണ്. ഇദ്ദേഹവും പ്രിയങ്കാ ഗാന്ധിയും ഉത്തര്‍ പ്രദേശിലെ സംഘടനാ സംവിധാനത്തെ കുറിച്ച്‌ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് എല്ലാ കമ്മിറ്റികളും പിരിച്ചുവിടാന്‍ തീരുമാനിച്ചത്.2022ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. സംഘടനാ തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് കോണ്‍ഗ്രസ്. യുപിയില്‍ പല ജില്ലകളിലും കോണ്‍ഗ്രസ് കമ്മിറ്റികള്‍ സജീവമല്ല. അടിത്തട്ടില്‍ നിന്ന് പ്രവര്‍ത്തനം തുടങ്ങേണ്ട പല ജില്ലകളും യുപയിലുണ്ട്.ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയാണ് ഉത്തര്‍ പ്രദേശില്‍ നേരിട്ടത്. സംസ്ഥാനത്തെ 80 ലോക്‌സഭാ മണ്ഡലങ്ങളില്‍ ഒരു സീറ്റില്‍ മാത്രമാണ് ജയിക്കാന്‍ സാധിച്ചത്. 2014ല്‍ സോണിയാ ഗാന്ധിയുടെ റായ്ബറേലിയിലും രാഹുല്‍ ഗാന്ധിയുടെ അമേഠിയിലും കോണ്‍ഗ്രസ് ജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ അമേഠിയില്‍ വന്‍ പരാജയമാണ് നേരിട്ടത്.


മൂന്നംഗ അച്ചടക്ക സമിതിയും രൂപീകരിച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലുണ്ടായ അച്ചടക്ക ലംഘനങ്ങള്‍ ഈ സമിതി പരിശോധിക്കും. പുനസംഘടനയുടെ ചുമതല അജയ് കുമാര്‍ ലല്ലുവിന് നല്‍കാന്‍ പടിഞ്ഞാറന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയാണ് നിര്‍ദേശിച്ചത്.ജ്യോതിരാദിത്യ സിന്ധ്യ, പ്രിയങ്കാ ഗാന്ധി, കെസി വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്നാണ് ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ ആവിഷ്‌കരിക്കുന്നത്. ജനകീയ പ്രശ്‌നങ്ങളില്‍ കൂടുതല്‍ ഇടപെടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന അധ്യക്ഷന്‍ രാജ് ബബ്ബാര്‍ നേരത്തെ രാജിസന്നദ്ധത അറിയിച്ചിരുന്നു. ഇനി പുതിയ അധ്യക്ഷനെ യുപിയില്‍ തിരഞ്ഞെടുക്കുമെന്നാണ് വിവരം.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക