Image

ചന്ദ്രബാബു നായിഡു 8 കോടി ചിലവിട്ട്‌ പണികഴിപ്പിച്ച കോണ്‍ഫറന്‍സ്‌ ഹാള്‍ പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട്‌ മുഖ്യമന്ത്രി ജഗന്‍

Published on 24 June, 2019
ചന്ദ്രബാബു നായിഡു 8 കോടി ചിലവിട്ട്‌ പണികഴിപ്പിച്ച കോണ്‍ഫറന്‍സ്‌ ഹാള്‍ പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട്‌ മുഖ്യമന്ത്രി ജഗന്‍

അമരാവതി: മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ വസതിക്ക്‌ സമീപത്തായി എട്ട്‌ കോടി രൂപ ചിലവഴിച്ച്‌ അദ്ദേഹം പണികഴിപ്പിച്ച പ്രജാ വേദിക എന്ന പേരിലുള്ള കോണ്‍ഫറന്‍സ്‌ ഹാള്‍ പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ട്‌ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി.

` അനുമതിയില്ലാതെ ആര്‌ കെട്ടിടം പണിതാലും ഏത്‌ സാധാരണക്കാരന്‍ പണിതാലും പൊളിച്ചുമാറ്റും. നിയമത്തെ ബഹുമാനിക്കുന്ന ഒരു സര്‍ക്കാരാണ്‌ ഞങ്ങളുടേത്‌. എല്ലാ നിയമങ്ങളും പാലിക്കുക തന്നെ ചെയ്യും` എന്നായിരുന്നു കളക്ട്രേറ്റില്‍ നടന്ന കോണ്‍ഫറന്‍സില്‍ റെഡ്ഡി പറഞ്ഞത്‌.

എന്നാല്‍ വൈ.എസ്‌.ആര്‍. കോണ്‍ഗ്രസ്‌ പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന്‌ ടി.ഡി.പി ആരോപിച്ചു. കെട്ടിടം പൊളിച്ചുമാറ്റാന്‍ തീരുമാനിച്ചതിന്‌ പിന്നാലെ ചന്ദ്രബാബു നായിഡുവിന്റേതായി അവിടെയുണ്ടായിരുന്ന നിരവധി വസ്‌തുക്കള്‍ അവര്‍ നശിപ്പിച്ചെന്നും യാതൊരു മനസാക്ഷിയും കാണിച്ചില്ലെന്നും ടി.ഡി.പി കുറ്റപ്പെടുത്തി.

2016 മുതല്‍ കൃഷ്‌ണ നദീ തീരത്തുള്ള വസതിയിലാണ്‌ ചന്ദ്രബാബു നായിഡു താമസിച്ചത്‌. ഹൈദരാബാദില്‍ നിന്നും അമരാവതിയിലേക്ക്‌ ഭരണകേന്ദ്രം മാറ്റിയതിനെ തുടര്‍ന്നായിരുന്ന ഇത്‌.

പാര്‍ട്ടി യോഗങ്ങളുള്‍പ്പെടെ ഔദ്യോഗിക കാര്യങ്ങള്‍ക്ക്‌ വേണ്ടിയായിരുന്നു നായിഡു വസതിയും ഹാളും ഉപയോഗിച്ചിരുന്നത്‌. ആന്ധ്രാപ്രദേശ്‌ കാപിറ്റല്‍ റീജിയന്‍ അതോറിറ്റിയായിരുന്നു ഹാള്‍ നിര്‍മ്മിച്ചുനല്‍കിയത്‌. വസതിയോട്‌ ചേര്‍ന്നുതന്നെയായിരുന്നു ഹാളും നിര്‍മിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക