Image

ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട കൊലപാതകം; 5പേര്‍ അറസ്റ്റില്‍, 2പോലീസുകാര്‍ക്ക്‌ സസ്‌പെന്‍ഷന്‍

Published on 24 June, 2019
ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട കൊലപാതകം; 5പേര്‍ അറസ്റ്റില്‍, 2പോലീസുകാര്‍ക്ക്‌ സസ്‌പെന്‍ഷന്‍


റാഞ്ചി:ജാര്‍ഖണ്ഡില്‍ മോഷ്ടാവെന്ന്‌ ആരോപിച്ച്‌ ആള്‍ക്കൂട്ടം ആക്രമിച്ച മുസ്ലീം യുവാവ്‌ മരിച്ച സംഭവത്തില്‍ അഞ്ച്‌ പേരെ അറസ്റ്റ്‌ ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട്‌ രണ്ട്‌ പോലീസുകാരെ സസ്‌പെന്‍ഡ്‌ ചെയ്‌തിട്ടുമുണ്ട്‌. 

 സംഭവത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്ന സാചര്യത്തില്‍ സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുന്നതിന്‌ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്‌. പ്രതിയായ ഒരാളെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ പോലീസ്‌ വ്യക്തമാക്കി.

ജാര്‍ഖണ്ഡിലെ ഖര്‍സ്വാന്‍ ജില്ലയില്‍ ജൂണ്‍ 18നാണ്‌ 24കാരനായ തബ്രെസ്‌ അന്‍സാരിയെ മോഷണക്കുറ്റം ആരോപിച്ച്‌ ആള്‍ക്കൂട്ടം ആക്രമിച്ചത്‌. ഗുരുതരാവസ്ഥയില്‍ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്‍സരി ജൂണ്‍ 22ന്‌ മരണത്തിന്‌ കീഴടങ്ങുകയായിരുന്നു.

ആള്‍ക്കൂട്ടം തബ്രെസ്‌ അന്‍സാരിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരാള്‍ അന്‍സാരിയെ മരത്തിന്റെ വടി ഉപയോഗിച്ച്‌ മര്‍ദ്ദിക്കുന്നത്‌ ദൃശ്യങ്ങളില്‍ കാണാം. മറ്റൊരു വീഡിയോയില്‍ തബ്രെസ്‌ അന്‍സാരിയെ നിര്‍ബന്ധിച്ച്‌ ജയ്‌ ശ്രീറാം എന്നും ജയ്‌ ഹനുമാന്‍ എന്നും വിളിപ്പിക്കുന്നതും കേള്‍ക്കാം.

കസ്റ്റഡിയിലിരിക്കെ ചികിത്സ നല്‍കണമെന്ന്‌ അപേക്ഷിച്ചെങ്കിലും പോലീസ്‌ തബ്രിസിനെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ലെന്ന്‌ ബന്ധുക്കള്‍ ആരോപിക്കുന്നു. മാത്രമല്ല, തബ്രിസിനെ കാണാന്‍ ബന്ധുക്കളെ അനുവദിച്ചുമില്ല.

 ഇയാളെ ആശുപത്രിയിലെത്തിക്കുന്നതിന്‌ മണിക്കൂറുകള്‍ മുന്‍പുതന്നെ മരണം സംഭവിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു. മതത്തിന്റെ പേരിലാണ്‌ തബ്രിസിനു നേരെ ആള്‍ക്കൂട്ട ആക്രമണം നടന്നതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക