Image

ലോക കേരള സഭാ വൈസ്‌ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച ചെന്നിത്തലയുടെ നിലപാടിനോട്‌ അനുഭാവം പ്രകടിപ്പിച്ച്‌ കൂട്ടരാജി

Published on 24 June, 2019
ലോക കേരള സഭാ വൈസ്‌ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച  ചെന്നിത്തലയുടെ നിലപാടിനോട്‌ അനുഭാവം പ്രകടിപ്പിച്ച്‌ കൂട്ടരാജി


മസ്‌കത്ത്‌: ലോക കേരള സഭാ വൈസ്‌ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ നിലപാടിനോട്‌ അനുഭാവം പ്രകടിപ്പിച്ച്‌ ലോക കേരള സഭയിലെ നേതാക്കളുടെ കൂട്ടരാജി. ഒമാനില്‍ നിന്നുള്ള ലോക കേരള സഭയിലെ ഏക കോണ്‍ഗ്രസ്‌ പ്രതിനിധി സിദ്ദീഖ്‌ ഹസനും ഇന്‍കാസ്‌ യു. എ. ഇ പ്രസിഡന്റും ലോക കേരള സഭാംഗവുമായ മഹാദേവന്‍ വാഴശ്ശേരിലും രാജിവെച്ചു.

ലോക കേരള സഭാ അംഗത്വം രാജിവെച്ചുള്ള കത്ത്‌ മുഖ്യ മന്ത്രിക്കും ചീഫ്‌ സെക്രട്ടറിക്കും നോര്‍ക്ക സി ഇ ഒക്കും അയച്ചതായി സിദ്ദീഖ്‌ ഹസന്‍ പറഞ്ഞു.

പ്രവാസികളുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപിച്ച്‌ ആരംഭിച്ച ലോക കേരള സഭ നിലനില്‍ക്കെ തന്നെ ഒന്നര വര്‍ഷത്തിനിടെ രണ്ട്‌ പ്രവാസി വ്യവസായികള്‍ ആത്മഹത്യ ചെയ്യേണ്ടിവന്ന സാഹചര്യം രൂപപ്പെട്ടത്‌ സഭയ്‌ക്കും പ്രവാസി സമൂഹത്തിനും അപമാനമാണെന്ന്‌ രാജിക്കത്തില്‍ പറയുന്നു. 

ഗള്‍ഫിലെ നിലവിലെ സാഹചര്യങ്ങളില്‍ തിരിച്ചുവരുന്ന കുടിയേറ്റ തൊഴിലാളികളെ കുറിച്ച്‌ ചര്‍ച്ച ചെയ്‌തു പരിഹാര നടപടികള്‍ കാണുന്നതിന്‌ പകരം ലോക കേരള സഭ ഉപയോഗിച്ച്‌ മറ്റു ആവശ്യങ്ങള്‍ നേടിയെടുക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമം.

സഭയില്‍ ഉയര്‍ന്നുവന്ന ചര്‍ച്ചകള്‍ തന്നെ ഇതിന്ന്‌ ഉദാഹരണം. ഇത്തരത്തില്‍ നിരുത്തരവാദിത്വപരമായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്ന ലോക കേരള സഭയില്‍ തുടരുന്നത്‌ നീതിയല്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്‌ രാജിയെന്നും സിദ്ദീഖ്‌ ഹസന്‍ പറഞ്ഞു. 


അതേസമയംപ്രവാസി സമൂഹത്തോട്‌ ഇടതുപക്ഷ സമൂഹം കാട്ടുന്ന നീതിരഹിതവും ക്രൂരവുമായ സമീപനത്തില്‍ പ്രതിക്ഷേധിച്ചാണ്‌ ഇടതുപക്ഷ സര്‍ക്കാര്‍ നേതൃത്വം നല്‌കുന്ന ലോക കേരള സഭയില്‍ നിന്ന്‌ രാജി വച്ചിരിക്കുന്നതെന്ന്‌ മഹാദേവന്‍ വാഴശ്ശേരില്‍ അഭിപ്രായപ്പെട്ടു. നിലവില്‍ ലോക കേരള സഭയിലേക്ക്‌ യു.എ.ഇയില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ ഏക പ്രതിനിധിയാണ്‌ മഹാദേവന്‍ വാഴശ്ശേരില്‍.



 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക