Image

ജീവിതം രേഖപ്പെടുത്തുന്നതും രൂപപ്പെടുത്തുന്നതും സാഹിത്യ ധര്‍മ്മമാണ് എം. എന്‍. കാരശ്ശേരി

സുരേന്ദ്രന്‍ നായര്‍ Published on 24 June, 2019
ജീവിതം രേഖപ്പെടുത്തുന്നതും രൂപപ്പെടുത്തുന്നതും സാഹിത്യ ധര്‍മ്മമാണ് എം. എന്‍. കാരശ്ശേരി
അതാതുകാലത്തെ ജീവിത യാഥാര്‍ഥ്യങ്ങളെ രേഖപ്പെടുത്തിയും വിചാരണ ചെയ്തും ഭാവി സമൂഹത്തെ രൂപപ്പെടുത്താനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം ഓരോ സാഹിത്യകാരനും ഉണ്ടെന്ന് പ്രമുഖ നിരൂപകനും സംവാദകനുമായ എം. എന്‍. കാരശ്ശേരി.
         
മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന്‍ (മിലന്‍) ഡിട്രോയിറ്റില്‍ സംഘടിപ്പിച്ച സാഹിത്യ സംവാദത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു പ്രൊഫ: കാരശ്ശേരി. ശരിയായ അര്‍ത്ഥത്തില്‍ നിന്നും അന്യമാകുന്ന ഭാഷാ പ്രയോഗങ്ങള്‍ പലപ്പോഴും എഴുത്തുകാരന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാറുമുണ്ട്.
                 
ശ്രീരാമചന്ദ്രന്റെ രാജസഭയില്‍ സധൈര്യം കടന്നു ചെന്ന് സീതാ പരിത്യാഗത്തിന്റെ നീതിബോധത്തെ ചോദ്യം ചെയ്ത ആദികവി വാല്മീകിയും, കൗമാരത്തില്‍ കാലപുരി പുല്‍കിയ അഭിമന്യുവിന്റെ ദാരുണ മരണത്തെ കുറിച്ച് യുദ്ധഭൂമിയില്‍ വച്ച് ഭഗവാന്‍ കൃഷ്ണനോട് ഗാന്ധാരിയിലൂടെ ധര്‍മ്മാധര്‍മ്മ വിചാരണ നടത്തുന്ന വ്യാസനും ഉത്തമ സാഹിത്യകാരന്റെ ധര്‍മ്മം എന്തെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നു അദ്ദേഹം വിശദീകരിച്ചു.
                       
അഭിജ്ഞാന ശകുന്തളത്തില്‍ കണ്വപുത്രി ശകുന്തളയിലൂടെയും, രഘുവംശത്തില്‍ ഉഴവുചാലില്‍ നിന്നും ഉദയംചെയ്ത സീതയെന്ന അനാഥ പെണ്ണിലൂടെയും സ്ത്രീശക്തിയുടെ ഉത്തമ മാതൃകകളെ വിശ്വസാഹിത്യത്തിന് കാട്ടിക്കൊടുത്ത കാലാതീതനായ കവി കാളിദാസന്‍ കാലത്തിനു മുന്‍പേ സഞ്ചരിച്ച പ്രതിഭയായിരുന്നെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
                            
യവന സാഹിത്യത്തിലെ ഇതിഹാസകാരന്‍ അന്ധനായ ഹോമര്‍, സ്വന്തമായി ഒരു വരിപോലും എഴുതാതെ ശിഷ്യനായ പ്‌ളേറ്റോവിലൂടെ തന്റെ ദര്‍ശനങ്ങളെ ജനഹൃദയങ്ങളില്‍ എത്തിച്ച
സോക്രടീസ് , അന്തര്‍ധ്യാനത്തിന്റെയും നിസ്സംഗതയുടെയും ശക്തിയെ ആവാഹിച്ച സൂഫിവര്യന്‍ ജലാലുദ്ദീന്‍ റൂമി, കരുത്തുറ്റ പാത്ര സൃഷ്ടികളിലൂടെ നാടക സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ച വില്യം ഷേക്‌സ്പിയര്‍, മദ്യവും മദിരാക്ഷിയും ഊര്‍ജ്ജമാക്കി ജീവിതം ആഘോഷമാക്കിയ കഥാ പത്രങ്ങളെ അണിനിരത്തിയ ഒമര്‍ ഖയാമിന്‍, തുടങ്ങിയ ലോകോത്തര സാഹിത്യകാരന്മാരുടെ വാതായനങ്ങള്‍ തുറന്ന പ്രഭാഷണം പി. കുഞ്ഞിരാമന്‍ നായരിലൂടെ ബഷീറും ഒ. വി. വിജയനും പിന്നിട്ട് ബൗദ്ധിക വിമര്ശനങ്ങളിലുടെ അടുത്തകാലം വരെ മലയാളിയെ സ്വാധീനിച്ചിരുന്നു സുകുമാര്‍ അഴിക്കോട് വരെയുള്ള പ്രതിഭകളിലേക്കു പ്രകാശം ചൊരിഞ്ഞു.
                   
മിലന്‍ പ്രസിഡന്റ് മാത്യു ചെരുവിലിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച സംവാദത്തില്‍ വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ മോഡറേറ്ററായിരുന്നു. വിഷയാവതാരകനെ പരിചയപ്പെടുത്തിയ മോഡറേറ്റര്‍, മുണ്ടശ്ശേരിയുടെ കവിത്രയ വിമര്ശനത്തിലെ വൈരുധ്യങ്ങളും ആശാന്‍ പക്ഷപാദവും നിരൂപണം ചെയ്തു പൊതുജന ശ്രദ്ധ പിടിച്ചു പറ്റിയ ഡോ: കാരശ്ശേരിയുടെ നിരവധി പ്രസിദ്ധീകൃതമായ ലേഖനങ്ങളും ആനുകാലിക സാമൂഹ്യ നിലപാടുകളും തന്റെ ആമുഖ പ്രസംഗത്തിലൂടെ വ്യക്തമാക്കുകയുണ്ടായി.
                             
അത്യന്തം ആസ്വാദ്യമായിരുന്ന പ്രഭാഷണത്തെ സര്‍ഗ്ഗ സംവാദമാക്കി മാറ്റിക്കൊണ്ട് തോമസ് കര്‍ത്തനാള്‍, വിനോദ് കോണ്ടൂര്‍, മനോജ് വാരിയര്‍, സതീഷ് മാടമ്പത്, സാജന്‍ തോമസ്, സുദര്‍ശന കുറുപ്പ്, അബ്ദുള്‍ പുന്നിയൂര്‍കുളം, ജോസ് ലൂക്കോസ്, മനോജ് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ചടങ്ങുകള്‍ക്ക് പ്രാരംഭം കുറിച്ചുകൊണ്ട് കുമാരി നന്ദിത ആലപിച്ച കുമാരനാശാന്റെ പ്രാര്‍ത്ഥന ഗീതവും ആന്റണി മണലേല്‍ അവതരിപ്പിച്ച സര്‍വ്വമത സമന്വയ സംഗീതവും വേറിട്ട അനുഭവമായിരുന്നു.
                
ഡിട്രോയിറ്റിലെ വിവിധ മലയാളി സംഘടനകളെ ഭാഷയുടെ ചരടിലൂടെ കോര്‍ത്തിണക്കുന്ന മിലന്റെ പരിപാടിക്ക് പിന്തുണയുമായി ഡി. എം. എ . പ്രസിഡന്റ് മനോജ് ജൈജിയും, കേരള ക്ലബ് പ്രസിഡന്റ് ധന്യ മേനോനും എത്തിയിരുന്നു.
            
കാരശ്ശേരിയുടെ ഉപസംഹാര പ്രസംഗത്തിന് ശേഷം മനോജ് വാരിയരുടെ മാതൃത്വത്തിന്റെ മഹിമ അയവിറക്കുന്ന പുതിയ കവിത ജ്യോതി സതീഷ് ശ്രവണ മധുരമായി ആലപിക്കുകയും, മെക്‌സിക്കന്‍ മണ്ണില്‍ നിലനില്‍ക്കുന്ന ഒരു മിത്തിനെ നേരിട്ടറിഞ്ഞ യുവ സഞ്ചാരിയും ഗവേഷക വിദ്യാര്‍ഥിയുമായ മൊയ്തീന്‍ ആംഗലേയ കവിതയാക്കി പാരായണം ചെയ്യുകയും ചെയ്തു.
       
സെക്രട്ടറി അബ്ദുള്‍ പുന്നിയൂര്‍ക്കുളത്തിന്റെ നന്ദി പ്രകടനത്തോടെ പരിപാടികള്‍ പര്യവസാനിച്ചു.
                             
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക