Image

സൗദി അറേബ്യയിലെ ഇന്ത്യന്‍ പ്രവാസികള്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് നയതന്ത്രതലത്തില്‍ പരിഹാരം ഉണ്ടാകണം എന്ന ലക്ഷ്യത്തോടെ ദമ്മാമിലെ പ്രവാസി സംഘടനാനേതാക്കള്‍, ഇന്ത്യന്‍ സ്ഥാനപതിയുമായി പ്രവാസിപ്രശ്‌നങ്ങളെക്കുറിച്ച് വിശദമായി ചര്‍ച്ച നടത്തി.

Published on 25 June, 2019
സൗദി അറേബ്യയിലെ ഇന്ത്യന്‍ പ്രവാസികള്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് നയതന്ത്രതലത്തില്‍ പരിഹാരം ഉണ്ടാകണം എന്ന ലക്ഷ്യത്തോടെ ദമ്മാമിലെ പ്രവാസി സംഘടനാനേതാക്കള്‍, ഇന്ത്യന്‍ സ്ഥാനപതിയുമായി പ്രവാസിപ്രശ്‌നങ്ങളെക്കുറിച്ച് വിശദമായി ചര്‍ച്ച നടത്തി.
അല്‍ ഖോബാര്‍:  ചുമതല  ഏറ്റെടുത്ത ശേഷം, കിഴക്കന്‍ പ്രവിശ്യയില്‍ ആദ്യമായി സന്ദര്‍ശനത്തിന് എത്തിയ സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസ്സിഡര്‍ ഡോ: യൂസഫ്  സയ്യിദിനെ, കിഴക്കന്‍ പ്രവിശ്യയിലെ മലയാളി പ്രവാസി സംഘടനകളുടെ ഭാരവാഹികള്‍ സന്ദര്‍ശിച്ചു. 

ഇന്ത്യന്‍ പ്രവാസികള്‍ നേരിടുന്ന പ്രധാനപ്രശ്‌നങ്ങളും ആവശ്യങ്ങളും ഉള്‍പ്പെടുത്തിയ നിവേദനം നല്‍കുകയും,  വിവിധ വിഷയങ്ങളെക്കുറിച്ച് അദ്ദേഹവുമായി വിശദമായ ചര്‍ച്ച നടത്തുകയും ചെയ്തു. 

ദമ്മാമിലെ പ്രധാനപ്പെട്ട പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ 'എക്‌സ്പാട്രിയേറ്റ് ജോയിന്റ് ഫോറം'ത്തിന്റെ തീരുമാനമാനമനുസരിച്ചാണ് സന്ദര്‍ശനം നടത്തിയത്. 
നവോദയ കേന്ദ്രകമ്മിറ്റി പ്രസിഡന്റ് പവനന്‍ മൂലക്കീല്‍, നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്‍.ജി, ഒ.ഐ.സി.സി റീജണല്‍ പ്രസിഡന്റ് ബിജു കല്ലുമല, കെ.എം.സി.സി കിഴക്കന്‍ പ്രവിശ്യ ജനറല്‍ സെക്രട്ടറി അലിക്കുട്ടി ഒളവട്ടൂര്‍ എന്നിവരാണ് പ്രതിനിധിസംഘത്തില്‍ ഉണ്ടായിരുന്നത്.  

കോബാര്‍ ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ വെച്ചു നടന്ന ചര്‍ച്ച, ഒരു മണിക്കൂറോളം നീണ്ടു. ഇന്ത്യന്‍ എംബസ്സി കമ്മ്യുണിറ്റി വെല്‍ഫെയര്‍ കൗണ്‍സിലര്‍ ദേശ്ബന്ധു  ഭാട്ടിയയും ചര്‍ച്ചയില്‍ പങ്കെടുത്തു.

കിഴക്കന്‍ പ്രവിശ്യയിലെ ഇന്ത്യന്‍ പ്രവാസികള്‍ നേരിടുന്ന പ്രശ്!നങ്ങള്‍ പരിഹരിയ്ക്കുന്നതിനായി പതിനാല് ആവശ്യങ്ങളാണ് പ്രതിനിധിസംഘം ഇന്ത്യന്‍ സ്ഥാനപതിയുടെ മുന്നില്‍ വെച്ചത്. 

റിയാദിലും, ജിദ്ദയിലും ഉള്ളത് പോലെ ദമ്മാമിലും ഇന്ത്യന്‍ എംബസ്സിയുടെ ഓഫിസ് തുടങ്ങണമെന്ന ആവശ്യം നടപ്പാക്കാനായി പരിശ്രമിയ്ക്കുമെന്നും,അതിനായി  സൗദി സര്‍ക്കാരിന്റെ അനുമതി തേടുമെന്നും സ്ഥാനപതി പറഞ്ഞു. 
ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ കേസുകള്‍ പരിഹരിയ്ക്കുന്നതിനായി, നിലവില്‍ മൂന്ന് മാസത്തില്‍ ഒരിയ്ക്കല്‍ മാത്രം ജയില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ എംബസ്സി സംഘം, ഇനി മുതല്‍ എല്ലാ മാസവും സന്ദര്‍ശനം നടത്തുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. 

സൗദിയില്‍ ഒരു പ്രവാസിയ്ക്ക് സ്വാഭാവിക മരണം സംഭവിച്ചാല്‍, മൃതദേഹം നാട്ടിലേയ്ക്ക് കയറ്റി അയയ്ക്കുന്നതിന് ഒന്പതോളം സര്‍ക്കാര്‍ വകുപ്പുകളിലായി ഒരുപാടു അനുമതികള്‍ നേടേണ്ട അവസ്ഥ കാരണം, വലിയ കാലതാമസം ഉണ്ടാകാറുണ്ട്. അസ്വാഭാവിക മരണമാണെങ്കില്‍ ഇത് മാസങ്ങള്‍ നീളുന്ന കാലതാമസം ഉണ്ടാക്കുന്നു. സൗദിയില്‍ എല്ലാ സര്‍ക്കാര്‍ കാര്യങ്ങളും ഓണ്‍ലൈനിലായി മാറിക്കൊണ്ടിരിയ്ക്കുന്ന ഈ കാലത്ത്, മൃതദേഹം നാട്ടില്‍ അയയ്ക്കാനുള്ള അനുമതിയ്ക്കായി ഒരു ഏകജാലക സമ്പ്രദായം കൊണ്ടുവരണമെന്നും, അസ്വാഭാവിക മരണമാണെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ റിസള്‍ട്ട് കിട്ടിയ  ഉടനെത്തന്നെ മറ്റു നടപടികള്‍ക്ക് കാത്തിരിയ്ക്കാതെ മൃതദേഹം നാട്ടിലയയ്ക്കാന്‍ അനുമതി നല്‍കണമെന്നും ഉള്ള ആവശ്യങ്ങള്‍ പ്രതിനിധിസംഘം ഉന്നയിച്ചു. ഇക്കാര്യങ്ങള്‍ സൗദി സര്‍ക്കാരുമായി ചര്‍ച്ച നടത്തി, നടപ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന്  സ്ഥാനപതി പറഞ്ഞു. 

ദമ്മാമില്‍ നിന്നും കേരളത്തിലേയ്ക്ക് നേരിട്ട് വിമാന സര്‍വ്വീസ് ഇല്ലാത്ത അവസ്ഥ, പ്രവാസികളുടെ ഏറ്റവും വലിയ തലവേദനയായ നാട്ടിലേയ്ക്കും തിരിച്ചുമുള്ള വിമാനടിക്കറ്റിന്റെ വന്‍വിലവര്‍ദ്ധന, എന്നിവ പരിഹരിയ്ക്കുന്നതിന് ഇന്ത്യന്‍ എംബസ്സി കേന്ദ്രവ്യോമയാന മന്ത്രാലയവുമായും, വിവിധ വിമാനകമ്പനികളുമായി ബന്ധപ്പെട്ട് നയപരമായി ഇടപെടണമെന്ന് പ്രതിനിധികള്‍ അഭ്യര്‍ത്ഥിച്ചു. അതിനായി പരിശ്രമിയ്ക്കുമെന്നും, കേരളത്തിലേയ്ക്ക് നേരിട്ട് സര്‍വ്വീസ് തുടങ്ങാന്‍, സൗദി എയര്‍ലൈന്‍സ് അധികൃതരോട് അഭ്യര്‍ത്ഥിയ്ക്കുമെന്നും അംബാസിഡര്‍ ഉറപ്പ് നല്‍കി. 

ഹുറൂബില്‍ ആയ വ്യക്തിയുടെ ആശ്രിതര്‍ പാസ്സ്‌പോര്‍ട്ട് പുതുക്കുന്നതിന് അപേക്ഷിച്ചാല്‍, മറ്റു രേഖകള്‍ക്ക് ഒപ്പം  സ്‌പോണ്‍സറുടെ ശുപാര്‍ശകത്തും നല്‍കണമെന്ന വിചിത്രമായ ആവശ്യം, ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ട് ഓഫിസ് അധികൃതര്‍ ഇപ്പോള്‍ മുന്നോട്ട് വയ്ക്കുന്നത്, സംഘടനപ്രതിനിധികള്‍ അംബാസിഡറുടെ ശ്രദ്ധയില്‍ പെടുത്തി. ഇതുമൂലം പല കുട്ടികള്‍ക്കും, വനിതകള്‍ക്കും പാസ്സ്‌പോര്‍ട്ട് പുതുക്കാനാകാത്ത അവസ്ഥയാണ്. ഒരു ഇന്ത്യന്‍ പൗരന് പാസ്സ്‌പോര്‍ട്ട് പുതുക്കാന്‍ സൗദി പൗരന്റെ ശുപാര്‍ശകത്ത് വേണമെന്നത് തെറ്റായ കീഴ്വഴക്കമാണെന്ന വാദത്തെ അംഗീകരിച്ച അദ്ദേഹം, ആ സമ്പ്രദായം നിര്‍ത്തലാക്കാമെന്ന് ഉറപ്പ് നല്‍കി. 

പൂട്ടിപ്പോകുന്ന കമ്പനികളിലെ തൊഴിലാളികള്‍ നേരിടുന്ന മനുഷ്യാവകാശവിരുദ്ധമായ  പ്രശ്!നങ്ങള്‍,  നിതാഖാത്ത് മൂലം ഉണ്ടാകുന്ന തൊഴിലാളി പ്രശ്‌നങ്ങള്‍, പ്രവാസി പുനഃരധിവാസം, ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌ക്കൂളിലെ മാനേജ്‌മെന്റ് പ്രശ്‌നങ്ങള്‍, അക്കാദമിക സൗകര്യങ്ങളുടെ അപര്യാപ്തത, സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അജീര്‍ സിസ്റ്റവുമായി ബന്ധപ്പെട്ട് ടീച്ചര്‍മാരുടെ മേല്‍ സ്‌ക്കൂള്‍ അടിച്ചേല്‍പ്പിയ്ക്കാന്‍ പോകുന്ന സാമ്പത്തിക ബാധ്യത, സ്‌ക്കൂള്‍ ഓഡിറ്റോറിയം ഇന്ത്യന്‍ സമൂഹത്തിന്റെ വിദ്യാഭ്യാസപരമായ പൊതുപരിപാടികള്‍ക്കും വിട്ടു നല്‍കുക എന്ന ആവശ്യം, ഇന്ത്യന്‍ സമൂഹത്തിന്റെ ഉന്നമനത്തിനായുള്ള നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ച നടന്നു. 

വളരെ സൗഹാര്‍ദ്ദപരമായി നടന്ന ചര്‍ച്ചയ്ക്ക് ഒടുവില്‍, എല്ലാ വിഷയങ്ങളിലും പരിഹാരം ഉണ്ടാക്കാന്‍, അംബാസിഡര്‍ എന്ന പദവിയ്ക്കും അപ്പുറം, വ്യക്തിപരമായിത്തന്നെ  താന്‍ മുന്‍കൈ എടുക്കുമെന്ന് ഡോ: യൂസഫ്  സയ്യിദ് സംഘടനാപ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കി. പുതിയ പല വിഷയങ്ങളും തന്റെ ശ്രദ്ധയില്‍പെടുത്തിയതിനും, ഇന്ത്യന്‍ സമൂഹത്തിനായുള്ള നല്ല  നിര്‍ദ്ദേശങ്ങള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.


അംബാസിഡറുമായി നടത്തിയ ചര്‍ച്ചയില്‍ പൂര്‍ണ്ണതൃപ്തി ഉണ്ടെന്നും, ഈ വിഷയങ്ങളില്‍ ഇനിയും അദ്ദേഹവുമായും, റിയാദ് എംബസ്സിയുമായും ബന്ധപ്പെട്ട് തുടരന്വേഷണം നടത്തുമെന്നും എക്‌സ്പാട്രിയേറ്റ് ജോയിന്റ് ഫോറം അറിയിച്ചു. 

ഫോട്ടോ: എക്‌സ്പാട്രിയേറ്റ് ജോയിന്റ് ഫോറം പ്രതിനിധികള്‍ അംബാസിഡര്‍ക്ക് സ്വീകരണം നല്‍കുന്നു.

സൗദി അറേബ്യയിലെ ഇന്ത്യന്‍ പ്രവാസികള്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് നയതന്ത്രതലത്തില്‍ പരിഹാരം ഉണ്ടാകണം എന്ന ലക്ഷ്യത്തോടെ ദമ്മാമിലെ പ്രവാസി സംഘടനാനേതാക്കള്‍, ഇന്ത്യന്‍ സ്ഥാനപതിയുമായി പ്രവാസിപ്രശ്‌നങ്ങളെക്കുറിച്ച് വിശദമായി ചര്‍ച്ച നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക