Image

മലപ്പുറം ജില്ല വിഭജിക്കണമെന്ന്‌ കെ.എന്‍.എ ഖാദര്‍; പ്രായോഗികമല്ലെന്ന്‌ ഇ.പി ജയരാജന്‍

Published on 25 June, 2019
മലപ്പുറം ജില്ല വിഭജിക്കണമെന്ന്‌ കെ.എന്‍.എ ഖാദര്‍; പ്രായോഗികമല്ലെന്ന്‌ ഇ.പി ജയരാജന്‍

മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി കെ.എന്‍.എ ഖാദര്‍ നിയമസഭയില്‍.
നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കല്‍ നോട്ടീസിലൂടെയാണ്‌ അദ്ദേഹം ഈ ആവശ്യമുന്നയിച്ചത്‌.

 എന്നാല്‍ അധികാര വികേന്ദ്രീകരണം ശക്തിപ്പെടുത്തി ഭരണസംവിധാനങ്ങള്‍ മെച്ചപ്പെടുത്തന്നതിനു പകരം പുതിയ ജില്ലയെന്ന ആവശ്യം ശാസ്‌ത്രീയമല്ലെന്ന്‌ മന്ത്രി ഇ.പി ജയരാജന്‍ ഇതിനു മറുപടി നല്‍കി. അധികാരത്തിലിരുന്നപ്പോള്‍ മുസ്ലിം ലീഗിന്‌ തോന്നാത്ത കാര്യം ഇപ്പോള്‍ ഉന്നയിക്കുന്നതിന്റെ ഉദ്ദേശ്യശുദ്ധി എന്താണെന്നും മന്ത്രി ചോദിച്ചു.

കഴിഞ്ഞയാഴ്‌ച ഇതേ ആവശ്യവുമായി അദ്ദേഹം സബ്‌മിഷന്‌ നോട്ടീസ്‌ നല്‍കിയിരുന്നെങ്കിലും അവസാന നിമിഷം പിന്മാറിയിരുന്നു. സബ്‌മിഷന്‌ മുസ്ലിം ലീഗും യുഡിഎഫും അനുമതി നല്‍കാതിരുന്നതായിരുന്നു പിന്മാറാനിടയായ കാരണം.

ജനസംഖ്യ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ല വിഭജിച്ച്‌ തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപവത്‌കരിക്കണമെന്നതാണ്‌ ഖാദറിന്റെ ആവശ്യം. മലപ്പുറത്ത്‌ നിലവില്‍ ജനസംഖ്യാനുപാതികമായ വികസനമില്ലെന്നും ഭരണസൗകര്യത്തിനായി പുതിയ ജില്ല വേണമെന്നും അദ്ദേഹം പറഞ്ഞു. 

പുതിയ ജില്ലയുടെ ആസ്ഥാനം എവിടെ വേണമെന്ന്‌ താന്‍ പറയുന്നില്ല. എന്നാല്‍ മലപ്പുറം ജില്ലയുടെ വികസനത്തിന്‌ വിഭജനം ആവശ്യമാണ്‌. ഇന്നല്ലെങ്കില്‍ നാളെ ഇതുവേണ്ടി വരുമെന്നും അദ്ദേഹം വിശദീകരിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക