Image

സ്വര്‍ണ കള്ളക്കടത്തിനെപ്പറ്റി വിവരം നല്‍കിയതിന്‌ നഗരസഭാ കൗണ്‍സിലര്‍ക്ക്‌ കൊടിസുനിയുടെ ഭീഷണി

Published on 25 June, 2019
സ്വര്‍ണ കള്ളക്കടത്തിനെപ്പറ്റി വിവരം നല്‍കിയതിന്‌ നഗരസഭാ കൗണ്‍സിലര്‍ക്ക്‌ കൊടിസുനിയുടെ ഭീഷണി


കൊടുവള്ളി: നഗരസഭ ലീഗ്‌ കൗണ്‍സിലര്‍ക്ക്‌ ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടിസുനിയുടെ ഭീഷണിയെന്ന്‌ പരാതി. കൊടുവള്ളി നഗരസഭ ലീഗ്‌ കൗണ്‍സിലര്‍ ആയ കോഴിശ്ശേരി മജീദിനാണ്‌ ഭീഷണി. സ്വര്‍ണകടത്തിനെ കുറിച്ചുള്ള വിവരം ഖത്തര്‍ പൊലീസിന്‌ നല്‍കിയതുമായി ബന്ധപ്പെട്ടാണ്‌ ഭീഷണി. ഖത്തറില്‍ ജ്വല്ലറി ഉടമ കൂടിയാണ്‌ മജീദ്‌.

കൊടുവള്ളി നഗരസഭയിലെ 24ാം വാര്‍ഡ്‌ കൗണ്‍സിലറാണ്‌ മജീദ്‌. തന്റെ കുടുംബത്തെയും കൊടിസുനി ഭീഷണിപ്പെടുത്തിയെന്നും ഇന്ത്യന്‍ എംബസിക്ക്‌ ഇതുസംബന്ധിച്ച പരാതി നല്‍കുമെന്നും ഖത്തറിലുള്ള കോഴിശ്ശേരി മജീദ്‌ പറഞ്ഞു. ഭീഷണിപ്പെടിത്തിക്കൊണ്ടുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും മജീദ്‌ പുറത്തുവിട്ടിട്ടുണ്ട്‌. 

ഈ മേഖലയില്‍ കുറേക്കാലമായി കളിക്കുന്നതാണ്‌, നമുക്ക്‌ കാണേണ്ടി വരും എന്നാണ്‌ ഫോണില്‍ വിളിച്ച്‌ കൊടിസുനി ഭീഷണിപ്പെടുത്തിയതെന്ന്‌ മജീദ്‌ പറയുന്നു. നാട്ടില്‍വന്നാല്‍ വച്ചേക്കില്ലെന്നും കുടുംബത്തിന്‌ നാട്ടില്‍ നില്‍ക്കാന്‍ കഴിയില്ലെന്നും കൊടിസുനി ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു.

അതേസമയം, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടന്ന റെയ്‌ഡില്‍ ടി.പി വധക്കേസ്‌ പ്രതി ഷാഫിയുടെ കയ്യില്‍ നിന്നും രണ്ടു മൊബൈല്‍ ഫോണുകളും കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക