Image

പ്രവാസികള്‍ അവഹേളിക്കപ്പെടുമ്പോള്‍ (ജോയ് ഇട്ടന്‍)

Published on 25 June, 2019
പ്രവാസികള്‍ അവഹേളിക്കപ്പെടുമ്പോള്‍ (ജോയ് ഇട്ടന്‍)
എല്ലാത്തരം ബുദ്ധിമുട്ടുകളുടെ അവസാനമാണ് ആ മനുഷ്യന്‍ ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യ ചെയ്യുന്നവര്‍ ഭീരുക്കളാണെന്നും അവര്‍ ദുര്‍ബലരാണെന്നും നമ്മള്‍ പറയാറുണ്ട്. പക്ഷേ എല്ലാവര്‍ക്കുമൊന്നും ഇരട്ടച്ചങ്കുണ്ടാവുകയില്ല. അത് അപൂര്‍വ്വം ആളുകള്‍ക്ക് മാത്രം ഉണ്ടാവുന്നതാണ്. പ്രത്യേകിച്ച് പ്രവാസികള്‍ , അവര്‍ക്ക് നമ്മളെപ്പോലെ ശക്തിയില്ല. ഒരു പെര്‍ഫ്യൂമിന്റെ മണം മാത്രം മതി നമ്മുടെ കോര്‍പ്പറേഷനിലും മുന്‍സിപ്പാലിറ്റികളിലും നിയമങ്ങള്‍ മാറാന്‍. ഒരു പ്രവാസിയെ എങ്ങനെ ബുദ്ധിമുട്ടിക്കുകയെങ്ങനെയെന്നതില്‍ ഗവേഷണം നടത്തുകയാണ് നമ്മുടെ ഉദ്യോഗസ്ഥര്‍. "

നമ്മുടെ നിയമസഭയില്‍ കെ.എം ഷാജി എം എല്‍ എ നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗമാണ് ഞാന്‍ മുകളില്‍ ചേര്‍ത്തത് .സാജന്‍ എന്ന പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിഷയം ചൂടുപിടിച്ചു നില്‍ക്കുമ്പോള്‍ നിങ്ങള്‍ കരുതുന്നുണ്ടോ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കേരളത്തില്‍ അറുതിയുണ്ടാകുമെന്നു .കഴിഞ്ഞ വര്‍ഷം അടൂരിനടുത്ത് ഇതുപോലെ ഒരു പ്രശ്‌നം ഉണ്ടാവുകയും തന്റെ വര്‍ക്ക് ഷോപ്പിനു അനുമതി നിഷേധിച്ചതില്‍ മനം നൊന്ത് ഒരാള്‍ മരിച്ചിരുന്നു .ഇതുവരെയും അനുമതി നല്‍കുകയോ ആ കുടുംബത്തിന് വേണ്ടത് നല്‍കുകയോ ചെയ്തിട്ടില്ല .അടൂരിലെ ആത്മഹത്യ സമയത്ത് നമ്മുടെ മുഖ്യ മന്ത്രി ആവര്‍ത്തിച്ച കാര്യമാണ് ഓരോ ഫയലും ഓരോ ജീവിതമാണെന്ന് .ഇപ്പോളും അദ്ദേഹം പറയുന്നത് അത് തന്നെ .

ഓരോ ഫയലിലും ഓരോ ജീവിതമുണ്ട്. അങ്ങനെയൊരു കരുതലോടെയാണ് ഫയലുകളെ സമീപിക്കേണ്ടത്  എന്ന് . ഈ ഫയല്‍ സിസ്റ്റം ബ്രിട്ടീഷുകാരുടെ കാലത്തെ സിസ്റ്റം തന്നെയാണ് എന്ന് നമുക്കെല്ലാം അറിയാം .സത്യം പറയാമല്ലോ ഈ ഫയല്‍ നോട്ട  രീതി തന്നെ അവസാനിപ്പിക്കണം. ഓരോ ഫയലിലും ഉദ്യോഗസ്ഥര്‍ എഴുതുന്ന കുറിപ്പ് ചിലരുടെ കാര്യത്തിലെങ്കിലും മരണക്കുറിപ്പാണ്. ജനങ്ങളുടെ ആവശ്യങ്ങള്‍ എങ്ങനെയൊക്കെ അനുവദിക്കാതിരിക്കാം എന്നാണ് ചില ഉദ്യോഗസ്ഥര്‍ നോക്കുന്നത്. ഈ രീതി മാറി ജനങ്ങളെ എങ്ങനെ സഹായിക്കാം എന്ന രീതി സ്വീകരിക്കണം. ഇത്രയും പറഞ്ഞത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്. സര്‍ക്കാര്‍ നയം ഇതായിരിക്കെ ചുവപ്പുനാടയില്‍ തൂങ്ങിമരിക്കുന്ന മലയാളികളുടെ എണ്ണം ഓരോ ദിവസും കൂടുകയാണ്. ഏറ്റവും ഒടുവില്‍ ആത്മഹത്യ ചെയ്തത് ആന്തൂരിലെ കൊറ്റാളി അരയമ്പേത്തെ സാജനാണ്. പ്രവാസി ബിസിനസ്സുകാരന്‍. വലിയ സ്വപ്നങ്ങളുമായി 15 കോടി മുടക്കി തുടങ്ങിയ കണ്‍വന്‍ഷന്‍ സെന്റര്‍ പാതിവഴിയില്‍ തന്നെ പൊളിക്കാന്‍ ശ്രമമുണ്ടായി. ചുവപ്പുനാടയില്‍ കുരുങ്ങി വര്‍ഷങ്ങള്‍ കടന്നുപോയി. തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി നഗരസഭ നല്‍കിയില്ല. നിയമാനുസൃതമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടും നഗരസഭാ ചെയര്‍പേഴ്‌സന്റെ പിടിവാശിയാണ് ലൈസന്‍സ് ലഭിക്കാത്തതിനു കാരണമായി ബന്ധുക്കള്‍ പറയുന്നത്.

> സി.പി.എം നേതാവ് എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയാണ് ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍. ഞാനീ കസേരയില്‍ ഉള്ള കാലത്തോളം ലൈസന്‍സ് കിട്ടില്ലെന്നും അതൊരു സ്തൂപമായി അവിടെ നിന്നോട്ടെ എന്നും അവര്‍ പരിഹസിച്ചതായി വീട്ടുകാര്‍ പറയുന്നു. തന്നെ മറികടന്ന് നേതാക്കളോട്  പരാതി പറഞ്ഞതാണ് അവരെ ചൊടിപ്പിച്ചിതത്രെ.  കെട്ടിടത്തിന്റെ ആദ്യത്തെ കല്ലുമുതല്‍  കെട്ടിപ്പൊക്കി ഉല്‍ഘാടനം ചെയ്യുന്നതുവരെ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ലക്ഷങ്ങള്‍  നല്‍കാന്‍ വിധിക്കപ്പെട്ടവരാണ്  ഈ ഗതികേട് അനുഭവിക്കുന്നത്. ഒരു നാടിന്റെ വികസനത്തിലും  വളര്‍ച്ചയിലും നിക്ഷേപകര്‍ക്കുള്ള പങ്ക് ചെറുതല്ല. സമ്പാദിച്ചതെല്ലാം പ്രവാസികള്‍ നാട്ടില്‍ നിക്ഷേപിക്കുന്നുണ്ടെങ്കില്‍ അത് ഈ നാടിനോടുള്ള വൈകാരികമായ അടുപ്പം കൊണ്ടാണ്. ഇവരെ പരമാവധി ദ്രോഹിക്കുകയും ആത്മഹത്യയിലേക്കുവരെ തള്ളിവിടുകയും ചെയ്യുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം അനുവദിക്കാന്‍ പാടില്ല. പ്രതിപക്ഷം പോലുമില്ലാത്ത ആന്തൂര്‍ നഗരസഭയില്‍ സ്വന്തം പാര്‍ട്ടി അനുഭാവിയോടു പോലും കരുണ കാണിക്കാത്ത നിലപാടാണ് നഗരസഭാ ചെയര്‍പേഴ്‌സണ്‍ സ്വീകരിച്ചത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലെ മിക്ക സര്‍ക്കാര്‍ ഓഫീസുകളിലും  ഇങ്ങനെ നിരവധി ജീവിതങ്ങളുടെ ഫയലുകള്‍ ഉറകുത്തി നശിച്ചുപോയിട്ടുണ്ട്. ഒപ്പം ആ ഫയലുകള്‍ക്ക് പിന്നിലുള്ളവരുടെ ജീവിതവും. അഴിമതിയും കൈക്കൂലിയും  അരങ്ങുവാഴുന്ന സര്‍ക്കാര്‍ ഓഫിസുകളുടെ  ഇടനാഴികളില്‍ നിന്ന് കേരളത്തിന് മോചനം വേണം. വെറും പ്രസംഗങ്ങള്‍ കൊണ്ടോ എന്തെങ്കിലും സംഭവിക്കുമ്പോള്‍ രണ്ടു മുദ്രാവാക്യം വിളിച്ചതുകൊണ്ടോ ഇത് അവസാനിക്കില്ല. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണം.  അത് സ്ഥലംമാറ്റത്തില്‍ ഒതുക്കരുത്. രാഷ്ട്രീയ സ്വാധീനം കൊണ്ടാണ് പല ഉദ്യോഗസ്ഥരും ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത്. ഓരോ ലൈസന്‍സും അനുവദിക്കാനുള്ള നിശ്ചിതസമയവും അത് അനുവദിച്ചില്ലെങ്കില്‍ കാരണം എഴുതി നല്‍കാനുള്ള നിയമവും വേണം. ഒരു കാര്യത്തിന് സര്‍ക്കാര്‍ ഓഫീസില്‍ ചെന്നാല്‍  നൂറുവട്ടം നടത്തിക്കുന്ന പ്രവണത ഇപ്പോഴും അവസാനിച്ചിട്ടില്ല. ഈ ദൗര്‍ഭാഗ്യകരമായ അവസ്ഥയിലൂടെ  കടന്നുപോകാത്ത ഒരാളും കേരളത്തിലുണ്ടാവില്ല. കേരളത്തിലെ നിക്ഷേപ സാദ്ധ്യതകള്‍ക്കെല്ലാം വിലങ്ങുനില്‍ക്കുന്നത് ഈ ഉദ്യോഗസ്ഥ മനോഭാവമാണ്. ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥര്‍ക്ക് അവരെ സേവിക്കാനേ അവകാശമുള്ളൂ. ദ്രോഹിക്കാനില്ല. നിക്ഷേപ സൗഹൃദമെന്നത്  ബ്യൂറോക്രാറ്റുകളുടെ  ഔദാര്യമല്ലെന്ന് രാഷ്ട്രീയ നേതൃത്വം  ഉദ്യോഗസ്ഥരെ പറഞ്ഞു പഠിപ്പിക്കണം. ചട്ടങ്ങള്‍ കടുകിട തെറ്റാതെ പാലിച്ചാലും  കൈക്കൂലി കൊടുത്താലേ കാര്യം നടക്കൂ എന്ന രീതി അവസാനിക്കണം. അത്തരം ഉദ്യോഗസ്ഥരെ നോക്കി പേടിപ്പിക്കുന്നതിനു പകരം മാതൃകാപരമായ ശിക്ഷ  നല്‍കണം. നിയമവിധേയമായി നിശ്ചിത സമയത്ത് അനുവദിച്ചുകിട്ടേണ്ട കാര്യങ്ങളും വേഗം ശരിയാകാന്‍   കൈക്കൂലി കൊടുത്ത് ഉദ്യോഗസ്ഥരെ നശിപ്പിക്കുന്ന പ്രവണതയും  അവസാനിപ്പിക്കണം.വലിയ   മാറ്റത്തിനായി നാട് ഉണരണം .അതിനു ഒരു പ്രവാസിയെ ബലികഴിക്കേണ്ടി വരുന്നു എന്നതില്‍ സങ്കടം .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക