Image

വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തല്‍ പുതിയ രോഗമാണെന്ന് മോദി; പ്രതിപക്ഷത്തിന് രൂക്ഷ വിമര്‍ശനം

Published on 26 June, 2019
വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തല്‍ പുതിയ രോഗമാണെന്ന് മോദി; പ്രതിപക്ഷത്തിന് രൂക്ഷ വിമര്‍ശനം

ദില്ലി: രാജ്യത്ത് അടുത്തിടെ കാണപ്പെട്ട അസുഖമാണ് വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചകള്‍ക്ക് മറുപടി പറയുകയായിരുന്നു മോദി. രാജ്യസഭയിലും ചിലര്‍ വോട്ടിങ് മെഷീന്‍ വിഷയം ഉന്നയിച്ചു.

പാര്‍ലമെന്റില്‍ ബിജെപിക്ക് രണ്ട് അംഗങ്ങള്‍ മാത്രമുള്ള ഒരു കാലമുണ്ടായിരുന്നു എന്നാണ് എനിക്ക് അവരോട് പറയാനുള്ളത്. അന്ന് ഞങ്ങളെ പലരും കളിയാക്കി. പക്ഷേ ഞങ്ങള്‍ കഠിനാധ്വാനം ചെയ്തു ജനവിശ്വാസം നേടിയെടുത്തു. തങ്ങള്‍ ഇതുവരെ വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും മോദി പറഞ്ഞു.

വോട്ടിങ് മെഷീനില്‍ അട്ടിമറി നടത്തിയെന്ന് ഒട്ടേറെ പാര്‍ട്ടികള്‍ ബിജെപിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. എഎപി, ബിഎസ്പി, എസ്പി തുടങ്ങിയവരെല്ലാം ഈ ആരോപണം ഉന്നയിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയ ഇത്രയും വികസിച്ചതില്‍ തങ്ങള്‍ അഭിനന്ദിക്കുകയാണ് ചെയ്യുന്നത്. 1950കളില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഏറെ സമയം വേണ്ടിയിരുന്നു. ബൂത്തുപിടുത്തം അന്ന് സ്ഥിരം വാര്‍ത്തയായിരുന്നു. ഇന്ന് പോളിങ് ശതമാനമാണ് വാര്‍ത്തയാകുന്നത്. ഇത് നല്ല സൂചനയാണ്.


വോട്ടിങ് മെഷീന്‍ ഉപയോഗിച്ച്‌ ഒട്ടേറെ തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. രാജ്യസഭയില്‍ ഇരിക്കുന്ന പല പാര്‍ട്ടി പ്രതിനിധികള്‍ക്കും ഇവിടെ എത്താന്‍ അവസരം ലഭിച്ചത് വോട്ടിങ് മെഷീന്‍ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പിലൂടെയാണ്. പിന്നെ എന്തിനാണ് ഇപ്പോള്‍ മാത്രം വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തുന്നതെന്നും മോദി ചോദിച്ചു. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ജയിച്ചപ്പോള്‍ കോണ്‍ഗ്രസ് വോട്ടിങ് മെഷീനെതിരെ രംഗത്തുവന്നില്ലല്ലോ എന്നും മോദി ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക