Image

പീരുമേട്‌ കസ്റ്റഡി മരണം: ഉദ്യോഗസ്ഥരുടെ പങ്ക്‌ പരിശോധിക്കുമെന്ന്‌ ഡി.ജി.പി

Published on 27 June, 2019
പീരുമേട്‌ കസ്റ്റഡി മരണം: ഉദ്യോഗസ്ഥരുടെ പങ്ക്‌ പരിശോധിക്കുമെന്ന്‌ ഡി.ജി.പി


തിരുവനന്തപുരം: പീരുമേട്‌ കസ്റ്റഡി മരണത്തില്‍ കുറ്റം ചെയ്‌തിട്ടുള്ള ആരെയും സംരക്ഷിക്കില്ലെന്ന്‌ ഡി.ജി.പി. ലോക്‌നാഥ്‌ ബെഹ്‌റ. 

 പൊലീസ്‌ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന്‌ വീഴ്‌ചയുണ്ടായോ എന്ന്‌ പ്രത്യേകം പരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ പ്രോസിക്യൂഷന്‍ നടപടിയുമായി മുന്നോട്ടുപോകുമെന്നും ഡി.ജി.പി. വ്യക്തമാക്കി. കസ്റ്റഡി മരണത്തില്‍ 15 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച്‌ എ.ഡി.ജി.പിക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ലോക്‌നാഥ്‌ ബെഹ്‌റ പറഞ്ഞു.

അതേസമയം, സാമ്‌ബത്തിക തട്ടിപ്പ്‌ കേസില്‍ പിടിയിലായ രാജ്‌കുമാറിനെ ജയിലില്‍ എത്തിച്ചത്‌ എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നെന്ന്‌ രാജ്‌കുമാറിനെ ആദ്യം ചികിത്സിച്ച നെടുങ്കണ്ടം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. 

ജയിലിലേക്ക്‌ മാറ്റാന്‍ പറ്റിയ സാഹചര്യത്തിലല്ലായിരുന്നു. ഇയാള്‍ വല്ലാതെ ഭയപ്പെട്ടിരുന്നതായും കാണപ്പെട്ടു. എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്ന പ്രതി, ഇത്‌ കണക്കിലെടുക്കാതെയാണ്‌ പൊലീസ്‌ രാജ്‌കുമാറിനെ ജയിലിലേക്ക്‌ മാറ്റിയതെന്നും ഡോക്ടര്‍മാരായ വിഷ്‌ണു, പദ്‌മദേവ്‌ എന്നിവര്‍ പറഞ്ഞു.

കേസില്‍ എറണാകുളം ക്രൈംബ്രാഞ്ച്‌ ഐജിയുടെ മേല്‍നോട്ടത്തിലാണ്‌ അന്വേഷണം. ഡി.ജി.പി ലോക്‌നാഥ്‌ ബെഹ്‌റയുടെ നിര്‍ദ്ദേശ പ്രകാരമാണ്‌ ക്രൈം ബ്രാഞ്ച്‌ പ്രത്യേക സംഘം കേസന്വേഷിക്കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക