Image

തവണ മുടങ്ങിയതിന്റെ പേരില്‍ ബാങ്കിന്റെ ഭീഷണി, പരിസ്ഥിതി പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണ്‌ മരിച്ചെന്ന്‌ ആരോപണം

Published on 27 June, 2019
തവണ മുടങ്ങിയതിന്റെ പേരില്‍ ബാങ്കിന്റെ ഭീഷണി, പരിസ്ഥിതി പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണ്‌ മരിച്ചെന്ന്‌ ആരോപണം

തവണ മുടങ്ങിയതിന്റെ പേരില്‍ സ്വകാര്യ ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്ന്‌ പരിസ്ഥിതി പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണ്‌ മരിച്ചെന്ന്‌ കൂടുംബത്തിന്റെ ആരോപണം. കൊച്ചി ഏലൂരിലാണ്‌ ബാങ്കിന്റെ ജീവനക്കാര്‍ എത്തിയതോടെ പരിസ്ഥിതി പ്രവര്‍ത്തകനായ വടശ്ശേരി ജോസി കുഴഞ്ഞു വീണു മരിച്ചത്‌.

മകന്റെ പേരില്‍ വാങ്ങിയ സ്‌കൂട്ടറിന്റെ തിരിച്ചടവാണ്‌ രണ്ടു തവണ മുടങ്ങിയത്‌. മകന്‍ തന്നെയായിരുന്നു ഇതിന്റെ സി.സി അടച്ചു കൊണ്ടിരുന്നത്‌. രണ്ടുമാസത്തെ അടവ്‌ മുടങ്ങിയതോടെയാണ്‌ ബാങ്ക്‌ ജീവനക്കാര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതെന്നാണ്‌ ബന്ധുക്കള്‍ ആരോപിക്കുന്നത്‌. 

ഇന്നു രാവിലെ ഏഴു മണിയോടെയാണ്‌ ജോസിയുടെ വീട്ടിലേക്ക്‌ ബാങ്കിന്റെ ആളുകള്‍ എത്തിയത്‌. ജോസിയുടെ മകന്റെ വിവാഹം അടുത്ത മാസം നടക്കാനിരിക്കെയാണ്‌ ഭീഷണിയുമായി ബാങ്ക്‌ ഉദ്യോഗസ്ഥര്‍ എത്തിയത്‌.

ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജോസിയെ രക്ഷപ്പെടുത്താനായില്ല. മാനസിക സമ്മര്‍ദ്ദം മൂലമാണ്‌ ജോസി മരിച്ചതെന്നാണ്‌ മകന്‍ ജോയല്‍ ആരോപിക്കുന്നത്‌. എച്ച്‌.ഡി.എഫ്‌.സി ബാങ്കിലെ ജീവനക്കാരാണ്‌ ഇന്ന്‌ വീട്ടിലെത്തിയത്‌. പണം അടച്ചില്ലെങ്കില്‍ വാഹനം കൊണ്ടു പോകുമെന്ന്‌ ഇവര്‍ ഭീഷണിപ്പെടുത്തിയതായി പറയപ്പെടുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക