Image

പ്രതികള്‍ ആരെയൊക്കെയാണ് വിളിച്ചത്? ആരുടെ ഫോണാണ് ഇതിനായി ഉപയോഗിച്ചത്?; വല വീശി ഋഷിരാജ്സിങ്, ഉന്നതരും കുടുങ്ങും

Published on 27 June, 2019
പ്രതികള്‍ ആരെയൊക്കെയാണ് വിളിച്ചത്? ആരുടെ ഫോണാണ് ഇതിനായി ഉപയോഗിച്ചത്?; വല വീശി ഋഷിരാജ്സിങ്, ഉന്നതരും കുടുങ്ങും

തിരുവനന്തപുരം: ജയിലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനകളില്‍ തടവുകാരില്‍നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളുടെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ ജയില്‍ ഡിജിപി ഋഷിരാജ്സിങ് പോലീസിനോട് ആവശ്യപ്പെട്ടു. ജയിലുകളില്‍ നിന്ന് പിടിച്ചെടുക്കുന്ന ഫോണുകള്‍ അതതു സ്ഥലത്തെ ലോക്കല്‍ പോലീസിനാണ് കൈമാറുന്നത്. ഫോണ്‍ രേഖകള്‍ ലോക്കല്‍ പോലീസിനോട് ആവശ്യപ്പെടാനും കേസുകളുടെ പുരോഗതി വിലയിരുത്താനും ഋഷിരാജ് സിങ് ജയില്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

ജയിലുകളില്‍നിന്ന് മുന്‍പും ഫോണ്‍ പിടിച്ചെടുക്കുകയും ലോക്കല്‍ പൊലീസിന് കൈമാറുകയും ചെയ്തിരുന്നെങ്കിലും രാഷ്ട്രീയ ഇടപെടല്‍ മൂലം വിശദമായ അന്വേഷണം നടന്നിരുന്നില്ല. ഈ രീതി അവസാനിപ്പിക്കാനാണ് ഋഷിരാജ് സിങ്ങിന്റെ തീരുമാനം.രാഷ്ട്രീയക്കേസുകളില്‍ തടവുശിക്ഷ അനുഭവിക്കുന്നവര്‍ ഉപയോഗിച്ച ഫോണുകളും പരിശോധിക്കുമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും ഋഷിരാജ് വ്യക്തമാക്കി.

പ്രതികള്‍ ആരെയൊക്കെയാണ് വിളിച്ചത്? ആരുടെ ഫോണാണ് ഇതിനായി ഉപയോഗിച്ചത്? ആരാണ് ഫോണും സിമ്മും കൈമാറിയത് തുടങ്ങിയ വിവരങ്ങള്‍ പരിശോധിക്കാനാണ് പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. തടവുകാര്‍ക്ക് ഫോണ്‍ നല്‍കിയവരെ കണ്ടെത്തി അവരെ നിയമത്തിന് മുന്നില്‍ എത്തിച്ചാല്‍ മാത്രമേ ജയിലിനുള്ളിലേയ്ക്കുള്ള ഫോണ്‍ കടത്ത് അവസാനിക്കൂ എന്നാണ് ഡിജിപി പറയുന്നത്. ഇതിനായി തടവുകാരെ സഹായിക്കുന്ന ജയില്‍ ജീവനക്കാരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനവും ഏര്‍പ്പെടുത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക