Image

ഗദ്ദാഫിയില്‍ നിന്ന് സര്‍ക്കോസി പണം കൈപ്പറ്റിയതിന് തെളിവ്

Published on 29 April, 2012
ഗദ്ദാഫിയില്‍ നിന്ന് സര്‍ക്കോസി പണം കൈപ്പറ്റിയതിന് തെളിവ്
ലണ്ടന്‍: ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി തിരഞ്ഞെടുപ്പ് സമയത്ത് ലിബിയന്‍ മുന്‍ ഏകാധിപതി ഗദ്ദാഫിയില്‍ നിന്ന് വന്‍തോതില്‍ പണം സ്വീകരിച്ചിരുന്നുവെന്നതിന് കൂടുതല്‍ തെളിവുകള്‍. 2007 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കോസി 42 മില്യണ്‍ പൗണ്ട് ഗദ്ദാഫിയില്‍ നിന്ന് വഴിവിട്ട രീതിയില്‍ സ്വീകരിച്ചുവെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നതാണെങ്കിലും ഇക്കാര്യം സംബന്ധിച്ച് തെളിവുകള്‍ ലഭ്യമായിരുന്നില്ല. 

എന്നാല്‍ ഗദ്ദാഫി ഭരണകൂടം തയ്യാറാക്കിയിരുന്ന ഇടപാട് സംബന്ധിച്ച ചില രേഖകളാണ് ഒരു ഫ്രഞ്ച് ന്യൂസ് വെബ്‌സൈറ്റ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഫ്രഞ്ച് നിയമം അനുസരിച്ച് നിയമം അനുശാസിക്കുന്ന രീതീയില്‍ പുറത്തുനിന്ന് സ്വീകരിക്കാവുന്ന പരമാവധി തുക 6,300 പൗണ്ടാണ്. എന്നാല്‍ സര്‍ക്കോസിക്ക് വേണ്ടി മറ്റ് രാജ്യങ്ങളില്‍ നിന്ന് ഫ്രാന്‍സിലേക്ക് പണമൊഴുകിയെന്ന് ഫ്രാന്‍സിലെ പ്രമുഖ ഇടതനുകൂല ന്യൂസ് വെബ്‌സൈറ്റായ 'മീഡിയപാര്‍ട്ട്' പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു. 

ഗദ്ദാഫിയും സര്‍ക്കോസിയും തമ്മിലുള്ള അനധികൃത പണമിടപാട് എന്ന രീതിയില്‍ തന്നെയാണ് ഡെയ്‌ലി മെയിലിന്റെ വാര്‍ത്തയിലുമുള്ളത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവിടാനായി ഗദ്ദാഫി നല്‍കിയതാണ് ഈ വന്‍തുകയെന്നും ഗദ്ദാഫിയുടെ ഇന്റലിജന്‍സ് മേധാവിയായിരുന്ന മൂസ കൂസ 2006 ല്‍ ഒപ്പിട്ട കരാര്‍ രേഖയും വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയിട്ടുണ്ട്. 

നേരത്തെ ഈ ആരോപണം ഉയര്‍ന്നെങ്കിലും സര്‍ക്കോസി ഇക്കാര്യം നിഷേധിച്ചിരുന്നു. ഗദ്ദാഫിയുടെ മകനെ അന്ന് തെളിവ് ഹാജരാക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തു സര്‍ക്കോസി. ഗദ്ദാഫി പിന്നീട് ലിബിയയിലെ കലാപത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടു. സര്‍ക്കോസിയുടെ ഭരണ കാലാവധി തീരുകയും വീണ്ടും മത്സരിക്കുകയും ഇപ്പോള്‍ രണ്ടാംഘട്ട വോട്ടെടുപ്പിനായി കാത്തിരിക്കുകയുമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക