Image

ഉമ്മന്‍ ചാണ്ടി ഗീവര്‍ഗീസ് സഹദായെപ്പോലെ: മമ്മൂട്ടി

Published on 29 April, 2012
ഉമ്മന്‍ ചാണ്ടി ഗീവര്‍ഗീസ് സഹദായെപ്പോലെ:  മമ്മൂട്ടി
പുതുപ്പള്ളി: പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ പെരുന്നാളിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനത്തിന് പകിട്ടേകി മമ്മൂട്ടിയെത്തി.  പള്ളിയുടെ ജീവകാരുണ്യ പദ്ധതിയിലെ സഹായങ്ങള്‍ വിതരണംചെയ്യാന്‍ എത്തിയതായിരുന്നു അദ്ദേഹം.

 മമ്മൂട്ടിയുടെ ആഗമനത്തെപ്പറ്റിയുള്ള സൂചന ലഭിച്ചതു മുതല്‍ സദസ്സ് ആരവങ്ങള്‍കൊണ്ടും ആര്‍പ്പുവിളികള്‍കൊണ്ടും നിറഞ്ഞു. പള്ളിയങ്കണത്തില്‍ പ്രത്യേക വേലികെട്ടി തിരിച്ച പാതയിലൂടെ, പള്ളി ഭാരവാഹികള്‍ വിശിഷ്ടാതിഥികളെ സ്വീകരിച്ച് വേദിയിലേക്കെത്തുമ്പോള്‍ സദസ്സൊന്നാകെ ഇളകിമറിഞ്ഞു.

താനൊരു മികച്ച പ്രാസംഗികനല്ലെന്ന മുഖവുരയോടെയായിരുന്നു മമ്മൂട്ടിയുടെ തുടക്കം. സിനിമയില്‍ നിങ്ങള്‍ കാണുന്ന പ്രസംഗമൊക്കെ ആരെങ്കിലും എഴുതിത്തരുന്നത് കാണാതെപഠിച്ച് പറയുന്നതാണ്. ഇവിടെ കാണാപ്പാഠം പഠിച്ചല്ല വരവ്. ഇത് രണ്ടാം തവണയാണ് പുതുപ്പള്ളി പള്ളിയിലെത്തുന്നത്. ആദ്യത്തേത് മുഖ്യമന്ത്രിയുടെ മകളുടെ കല്യാണത്തിനായിരുന്നു.

ദേവാലയങ്ങളിലെ ആഘോഷങ്ങള്‍ ഈശ്വരസ്മരണയ്ക്ക് മാത്രമുള്ളതല്ല, പരസ്പരം സമ്പര്‍ക്കം പുലര്‍ത്താനും സ്‌നേഹം പങ്കിടാനും കൂടിയുള്ളതാണ്. അത്തരമൊരു സ്‌നേഹസംഗമത്തിലാണ് ഞാനിപ്പോള്‍- മമ്മൂട്ടി പറഞ്ഞു. നമ്മള്‍ നേടിയതിലൊരുഭാഗം മറ്റുള്ളവര്‍ക്ക് പങ്കുവയ്ക്കുന്നത് നമ്മുടെ സംസ്‌കാരത്തേയും പ്രബുദ്ധതയേയുമാണ് കാണിക്കുന്നത്.

ഗീവര്‍ഗീസ് സഹദായെപ്പോലെ നിങ്ങള്‍ക്കൊരു പുണ്യവാളനുണ്ട്- ഉമ്മന്‍ ചാണ്ടി; കരഘോഷങ്ങള്‍ക്കിടെ മമ്മൂട്ടി പറഞ്ഞു. ജനങ്ങള്‍ നല്‍കുന്ന സ്‌നേഹം കുറച്ചെങ്കിലും തിരിച്ചുനല്‍കണമെന്ന ഉദ്ദേശ്യത്തോടെയാണ് താന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. സാംസ്‌കാരിക സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക