Image

ആരുഷി-ഹേംരാജ് ഇരട്ടക്കൊലക്കേസ്: നൂപുര്‍ തല്‍വാര്‍ കീഴടങ്ങി

Published on 30 April, 2012
ആരുഷി-ഹേംരാജ് ഇരട്ടക്കൊലക്കേസ്: നൂപുര്‍ തല്‍വാര്‍ കീഴടങ്ങി
ഗാസിയാബാദ് : ആരുഷി- ഹേംരാജ് ഇരട്ടക്കൊലക്കേസിലെ പ്രതിയും ആരുഷിയുടെ അമ്മയും ദന്തഡോക്ടറുമായ നൂപുര്‍ തല്‍വാര്‍ കോടതിയില്‍ കീഴടങ്ങി. ഗാസിയാബാദിലെ പ്രത്യേക സിബിഐ കോടതിയിലാണ് ഇവര്‍ കീഴടങ്ങിയത്. ഇന്ന് വിചാരണക്കോടതിയില്‍ കീഴടങ്ങാന്‍ വെള്ളിയാഴ്ച സുപ്രീംകോടതി ഇവരോട് നിര്‍ദേശിച്ചിരുന്നു.

വിചാരണക്കോടതി ഇവര്‍ക്കെതിരേ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് റദ്ദാക്കാന്‍ വിസമ്മതിച്ച സുപ്രീംകോടതി കോടതിയില്‍ കീഴടങ്ങിയ ശേഷം ജാമ്യാപേക്ഷ നല്‍കാനും നിര്‍ദേശിച്ചിരുന്നു. ഇവരുടെ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്നും ഗാസിയാബാദ് കോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് നൂപുര്‍ തല്‍വാറിന് വേണ്ടി അഭിഭാഷകന്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. നൂപുര്‍ തല്‍വാറിന്റെയും ഭര്‍ത്താവ് രാജേഷ് തല്‍വാറിന്റെയും ഏകമകളായ ആരുഷി തല്‍വാറിനെ (14) 2008 മെയ് 15 ന് നോയ്ഡയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്‌ടെത്തുകയായിരുന്നു.

വീട്ടിലെ പരിചാരകനായിരുന്ന ഹേംരാജിന്റെ മൃതദേഹവും പിന്നീട് വീട്ടിലെ ടെറസില്‍ നിന്നും കണ്‌ടെത്തി. കേസില്‍ തല്‍വാര്‍ ദമ്പതികള്‍ക്കെതിരേ പ്രോസിക്യൂഷന് സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിരേ നല്‍കി റിവ്യൂ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണെന്ന കാരണത്തില്‍ നൂപുര്‍ തല്‍വാര്‍ കേസിന്റെ വാദം കേള്‍ക്കലിന് വിചാരണക്കോടതിയില്‍ ഹാജരായിരുന്നില്ല. കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഹാജരായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇവര്‍ക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക