Image

വിദ്യാഭ്യാസ വായ്പ നിഷേധിച്ചു: നഴ്‌സിംഗ് വിദ്യാര്‍ഥിനി ജീവനൊടുക്കി

Published on 30 April, 2012
വിദ്യാഭ്യാസ വായ്പ നിഷേധിച്ചു: നഴ്‌സിംഗ് വിദ്യാര്‍ഥിനി ജീവനൊടുക്കി
ഏറ്റുമാനൂര്‍ ‍: വിദ്യാഭ്യാസ വായ്പ നിക്ഷേധിച്ചതിനാല്‍ പഠനം മുടങ്ങിയ മനോവിഷമത്തില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന നഴ്‌സിംഗ് വിദ്യാര്‍ഥിനി മരിച്ചു. കുടമാളൂര്‍ ഗോപികയില്‍ ശ്രീകാന്തിന്റെയും ബിന്ദുവിന്റെയും മകള്‍ ശ്രുതി (20) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ഐസിയുവില്‍ ചികിത്സയിലായിരുന്ന ശ്രുതി ഇന്നു രാവിലെ 7.15നാണ് മരിച്ചത്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വൈകുന്നേരത്തോടെ സംസ്‌കരിക്കും. തിരുപ്പതി ചൈതന്യ നഴ്‌സിംഗ് കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു ശ്രുതി. 2010ല്‍ നഴ്‌സിംഗ് അഡ്മിഷന്‍ ലഭിച്ച ഉടന്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പുളിഞ്ചുവടുള്ള കുടമാളൂര്‍ ശാഖയില്‍ വിദ്യാഭ്യാസ വായ്പക്ക് അപേക്ഷിച്ചിരുന്നു. പല കാരണങ്ങള്‍ പറഞ്ഞ് ബാങ്ക് അധികൃതര്‍ വായ്പ നല്‍കാന്‍ തയാറായില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. രണ്ടാം വര്‍ഷത്തിലേയ്ക്ക് പ്രവേശിച്ചിട്ടും ഫീസ് നല്‍കാന്‍ സാധിക്കാതെ വന്നതോടെ കോളജ് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും പറയുന്നു.

മനോവിഷമം സഹിക്കാന്‍ കഴിയാതെ അഞ്ചുമാസം മുമ്പ് പഠനം ഉപേക്ഷിച്ചുപോന്ന ശ്രുതി കടുത്ത നിരാശയിലായിരുന്നു. രണ്ടാഴ്ച മുന്‍പാണ് കീടനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ശ്രുതിയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് ശ്രുതിക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച എച്ച്ഡിഎഫ്‌സി ബാങ്ക് കുടമാളൂര്‍ ശാഖയ്‌ക്കെതിരേ പ്രതിഷേധം വ്യാപകമായി. അയ്മനം പഞ്ചായത്തിലെ ആറാം വാര്‍ഡിലെ താമസക്കാരായതിനാല്‍ ശ്രുതിക്ക് എച്ച്ഡിഎഫ്‌സി ബാങ്കിലേ അപേക്ഷിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നിട്ടും മറ്റേതെങ്കിലും ബാങ്കിനെ സമീപിക്കാന്‍ ശാഖാ മാനേജര്‍ പറഞ്ഞതായി ശ്രുതിയുടെ അച്ഛന്‍ ശ്രീകാന്ത് പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക