Image

വിജിലന്‍സ് എസ്പി ചമഞ്ഞ് തട്ടിപ്പ്; തമിഴ്‌നാട്ടുകാരന്‍ അറസ്റ്റില്‍

Published on 30 April, 2012
വിജിലന്‍സ് എസ്പി ചമഞ്ഞ് തട്ടിപ്പ്; തമിഴ്‌നാട്ടുകാരന്‍ അറസ്റ്റില്‍
ഗുരുവായൂര്‍ : നാഷണല്‍ വിജിലന്‍സ് എസ്പിയാണെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ തമിഴ്‌നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. സേലം കട്ടിപ്പാറയം നാരായണനഗറില്‍ സുരേന്ദ്രന്‍(52)നെയാണ് ഇന്നു രാവിലെ ഗുരുവായൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാള്‍ സഞ്ചരിച്ചിരുന്ന നാഷണല്‍ വിജിലന്‍സ് എന്ന ബോര്‍ഡ് വച്ച ഹ്യുണ്ടായ് വെര്‍ണ കാറും കസ്റ്റഡിയിലെടുത്തു.

തൃശൂര്‍ എസ്പി പി.വിജയന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗുരുവായൂര്‍ എസിപി ആര്‍.കെ. ജയരാജന്‍, സിഐ കെ.ജി.സുരേഷ്, എസ്‌ഐ വി.സി.സൂരജ്, എസ്‌ഐ തങ്കപ്പന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനില്‍, വനീഷ്, അനില്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ ഗുരുവായൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. വിജിലന്‍സ് എസ്പിയാണെന്ന് പറഞ്ഞ് പെരുമ്പിലാവ് സ്വദേശിയായ ഉമ്മറില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കവേ സംശയം തോന്നിയ ഉമ്മര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ഒരാഴ്ച മുമ്പ് വിജിലന്‍സ് എസ്പിയാണെന്ന് പറഞ്ഞ് ഉമ്മറിനെ പരിചയപ്പെടുകയും കൈക്കൂലി വാങ്ങില്ലെന്നു പറഞ്ഞ് വിശ്വാസ്യത നേടുകയും ചെയ്തു. തുടര്‍ന്ന് രണ്ടുദിവസം മുമ്പ് ഉമ്മറിനെ വീണ്ടും കാണുകയും മകളുടെ കല്യാണ ആവശ്യത്തിന് കുറച്ച് പണം കടമായി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഉമ്മറിന്റെ പക്കല്‍ പണമില്ലെന്ന് പറഞ്ഞപ്പോള്‍ കുറച്ച് സ്വര്‍ണാഭരണങ്ങള്‍ കടമായി വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് പെരുമ്പിലാവിലെ ജ്വല്ലറിയില്‍ നിന്ന് 20 പവന്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിനല്‍കി.

എന്നാല്‍ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഉമ്മര്‍ സ്വര്‍ണാഭരണങ്ങള്‍ പൈസ കൊണ്ടു വന്നതിനു ശേഷം നല്‍കാമെന്ന് പറഞ്ഞ് തിരിച്ചുവാങ്ങി. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഒരാഴ്ചയായി ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക