Image

ലണ്ടനില്‍ തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 30 April, 2012
ലണ്ടനില്‍ തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍
ലണ്ടന്‍: ലണ്ടനിലെ സൗത്താളില്‍ മലയാളിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്‌ടെത്തി. ലണ്‌ടനിലെ ഈസ്റ്റ്‌ ഹാമില്‍ താമസിക്കുന്ന ജോണ്‍ മരിയ (ജോണ്‍ ബ്രദര്‍, 50)ആണ്‌ മരിച്ച നിലയില്‍ കാണപ്പെട്ടത്‌. വെള്ളിയാഴ്‌ചയാണ്‌ മൃതദേഹം കണ്‌ടെത്തിയത്‌. തിരുവനന്തപുരം പള്ളിത്തുറ സ്വദേശിയാണ്‌ മരിച്ച ജോണ്‍.

ലണ്‌ടനിലെ കേരള കാത്തലിക്‌ അസോസിയേഷന്‍ അംഗമായ ജോണ്‍ തനിച്ചായിരുന്നു ഈസ്റ്റ്‌ഹാമില്‍ താമസിച്ചിരുന്നത്‌. കഴിഞ്ഞ 17 വര്‍ഷമായി യുകെയില്‍ താമസമാണ്‌ ഇദ്ദേഹം. ബ്രിട്ടീഷ്‌ പൗരത്വം നേടിയ ആളാണ്‌ ജോണ്‍. ഭാര്യയും രണ്‌ടു മക്കളും നാട്ടിലാണ്‌ താമസം. വെയര്‍ഹൗസില്‍ ജോലി ചെയ്‌തിരുന്ന ജോണിന്റെ ജോലി അടുത്തകാലത്ത്‌ നഷ്ടപ്പെട്ടിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. ആറുമാസം മുമ്പ്‌ ഭാര്യയുടെ ഓപ്പറേഷന്‌ വേണ്‌ടി നാട്ടില്‍ പോയ ജോണ്‍ ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ സൗത്താളില്‍ തിരിച്ചെത്തിയത്‌.

വളരെ സുഹൃത്‌വലയമുള്ള ജോണ്‍ സാമ്പത്തികമായി ഞെരുക്കത്തിലാണെന്ന്‌ ജോണിന്റെ അടുത്ത സഹൃത്തുക്കള്‍ പറയുന്നു. നാട്ടില്‍ നിന്നും തിരിച്ചെത്തിയ ജോണുമായി ടെലഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കിട്ടാതിരുന്നതിനാല്‍ സംശയത്തിന്റെ വെളിച്ചത്തില്‍ സുഹൃത്തുക്കളാരോ പോലീസില്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പോലീസ്‌ നടത്തിയ തെരച്ചിലിലാണ്‌ മൃതദേഹം കണ്‌ടെത്തിയത്‌. തുടര്‍ന്ന്‌ പോലീസ്‌ മേല്‍ നടപടികള്‍ സ്വീകരിച്ച്‌ മൃതദേഹം സൗത്താളിലെ ഈലിംഗ്‌ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. അപകടമരണമാണോ ആത്‌മഹത്യയാണോ എന്ന്‌ പോലീസ്‌ അന്വേഷണം നടത്തിവരുന്നു.

കുടുംബം നാട്ടിലായതിനാല്‍ സംസ്‌കാരം തിരുവനന്തപുരത്ത്‌ നടക്കും. സൗത്താളിലെ മലയാളി സമൂഹം അനന്തരനടപടികള്‍ക്കുള്ള സഹായവുമായി രംഗത്തുണ്‌ട്‌.
ലണ്ടനില്‍ തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക