Image

യുഎഇയിലെ ആരാധനാ സ്വാതന്ത്ര്യം മതമൈത്രിയുടെ മാതൃക: ഷെയ്‌ഖ്‌ നഹ്യാന്‍

അനില്‍ സി. ഇടിക്കുള Published on 30 April, 2012
യുഎഇയിലെ ആരാധനാ സ്വാതന്ത്ര്യം മതമൈത്രിയുടെ മാതൃക: ഷെയ്‌ഖ്‌ നഹ്യാന്‍
അബുദാബി: ഇസ്‌ ലാം മതം വിശ്വാസികളോട്‌ നിഷ്‌കര്‍ഷിക്കുന്ന മതമൈത്രിയുടെ സന്ദേശമാണ്‌ യുഎഇയിലെ ഇതര മതവിഭാഗങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്ന ആരാധന സ്വാതന്ത്ര്യമെന്ന്‌ ഉന്നതവിദ്യാഭ്യാസ ശാസ്‌ത്ര ഗവേഷണ മന്ത്രി ഷെയ്‌ഖ്‌ നഹ്യാന്‍ ബിന്‍ മുബാറക്‌ അല്‍ നഹ്യാന്‍ അഭിപ്രായപ്പെട്ടു.

യഥാര്‍ഥ ഇസ്‌ലാം മതവിശ്വാസികളുടെ ലോകോത്തര മാതൃകയാണ്‌ രാഷ്‌ട്രപിതാവ്‌ ഷെയ്‌ഖ്‌ സെയ്‌ദ്‌ ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ ഭരണരംഗത്ത്‌ ഉയര്‍ത്തിക്കാട്ടിയത്‌.

മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ്‌ മാര്‍ത്തോമ്മ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവക്ക്‌ അബുദാബി സെന്റ്‌ ജോര്‍ജ്‌ കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്ത്‌ പ്രസംഗിക്കുകയായിരുന്നു ഷെയ്‌ഖ്‌ നഹ്യാന്‍.

ഇതര മതങ്ങളോടുള്ള ആദരവ്‌, ആരാധന സ്വാതന്ത്ര്യം, പരസ്‌പര ബഹുമാനം എന്നിവ യുഎഇയുടെ മുഖമുദ്രയാണ്‌. ഷെയ്‌ഖ്‌ സെയ്‌ദ്‌ പകര്‍ന്നു നല്‍കിയ ഉജ്വല മാതൃകയാണ്‌ നിലവിലുള്ള ഭരണകര്‍ത്താക്കളും ആവര്‍ത്തിക്കുകയെന്ന്‌ ഷെയ്‌ഖ്‌ നഹ്യാന്‍ അനുസ്‌മരിച്ചു.

ബ്രഹ്മവാര്‍ ഭദ്രാസനാധിപന്‍ യാക്കോബ്‌ മാര്‍ ഏലിയാസ്‌ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സ്ഥാനപതി എം.കെ. ലോകേഷ്‌, അബുദാബി ചേംബര്‍ ഓഫ്‌ കോമേഴ്‌സ്‌ ഡയറക്‌ടര്‍ എം.എ. യൂസഫലി, ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ്‌ മാര്‍ അത്തനാസിയോസ്‌, കോട്ടയം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ്‌ മാര്‍ ഇവാനിയോസ്‌ സെന്റ്‌ ആന്റണീസ്‌ ചര്‍ച്ച്‌ വികാരി ഫാ. ഐസക്‌ അന്‍ബ ബിന്‍ഹോയ്‌, ഇടവക വികാരി ഫാ. വി.സി. ജോസ്‌ ചെമ്മനം എന്നിവര്‍ പ്രസംഗിച്ചു.

സഹവികാരി ഫാ. ചെറിയാന്‍ കെ. ജേക്കബ്‌, ഇടവക സെക്രട്ടറി കെ.ഇ. തോമസ്‌, ട്രസ്റ്റി കെ.കെ. സ്റ്റീഫന്‍ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.

സമ്മേളനത്തിനെത്തിയ വിശിഷ്‌ടാതിഥികളെ ഭാരവാഹികളും ഇടവകാംഗങ്ങളും ചേര്‍ന്ന്‌ പുഷ്‌പവൃഷ്‌ടിയോടെ സ്വീകരിച്ച്‌ ആനയിച്ചു.
യുഎഇയിലെ ആരാധനാ സ്വാതന്ത്ര്യം മതമൈത്രിയുടെ മാതൃക: ഷെയ്‌ഖ്‌ നഹ്യാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക