Image

ഫ്‌ളാറ്റിന്‍െറ ഏഴാം നിലയില്‍നിന്ന്‌ വീണ്‌ കോട്ടയം സ്വദേശി പിഞ്ചുകുഞ്ഞ്‌ മരിച്ചു

Published on 30 April, 2012
ഫ്‌ളാറ്റിന്‍െറ ഏഴാം നിലയില്‍നിന്ന്‌ വീണ്‌ കോട്ടയം സ്വദേശി പിഞ്ചുകുഞ്ഞ്‌ മരിച്ചു
കുവൈറ്റ്‌ സിറ്റി: ഫ്‌ളാറ്റിന്‍െറ ഏഴാം നിലയില്‍നിന്ന്‌ വീണ്‌ മലയാളി ദമ്പതികളുടെ പിഞ്ചു കുഞ്ഞ്‌ മരിച്ചു. കോട്ടയം കോതനല്ലൂര്‍ സ്വദേശി ഫെനില്‍ജെന്നി ദമ്പതികളുടെ രണ്ടു വയസ്സുകാരനായ മകന്‍ ആല്‍വിന്‍ ആണ്‌ മരിച്ചത്‌.

മംഗഫില്‍ സുല്‍ത്താന്‍ സെന്‍ററിന്‌ എതിര്‍വശത്തായി പപ്പാ ജോണിനടുത്തുള്ള ഏഴുനില ഫ്‌ളാറ്റിലെ ഇവര്‍ താമസിക്കുന്ന ഏറ്റവും മുകളിലെ നിലയിലെ മുറിയിലെ ജനലിലൂടെ ഇന്നലെ ഉച്ചക്ക്‌ 12.30 ഓടെയാണ്‌ കുഞ്ഞ്‌ വീണത്‌. കെ.എന്‍.പി.സിയില്‍ ഇലക്ട്രീഷ്യനായ ഫെനില്‍ സംഭവസമയത്ത്‌ ഫ്‌ളാറ്റിലുണ്ടായിരുന്നു. സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയായ ജെന്നി ജോലിക്ക്‌ പോയതായിരുന്നു. ഫെനില്‍ ബാത്ത്‌റൂമില്‍പോയ സമയത്ത്‌ മുറിയിലുണ്ടായിരുന്ന കുഞ്ഞ്‌ അടുത്തുണ്ടായിരുന്ന ടീപ്പോയിയില്‍ കയറി ജനലിലൂടെ എത്തിനോക്കുമ്പോള്‍ വീണതാണെന്ന്‌ കരുതുന്നു. വൃത്തിയാക്കാന്‍വേണ്ടി തുറന്നിട്ടതായിരുന്നു ജനല്‍.

ഫെനിലിന്‍െറ കുടുംബത്തോടൊപ്പം റൂം ഷെയര്‍ ചെയ്യുന്ന ജോബിയുടെ ഭാര്യ ഫ്‌ളാറ്റിലുണ്ടായിരുന്നുവെങ്കിലും സംഭവം അവരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. താഴെ നേരെ ഫ്‌ളാറ്റിനു മുന്നിലെ തറയിലേക്ക്‌ വീണ കുഞ്ഞിന്‍െറ ശരീരത്തില്‍ കാര്യമായ പരിക്കുകളൊന്നുമില്ലെങ്കിലും തല്‍ക്ഷണം മരണം സംഭവിച്ചു. വിവരമറിഞ്ഞ്‌ സ്ഥലത്തെത്തിയ പൊലീസും മെഡിക്കല്‍ വിഭാഗവും പ്രാഥമിക നടപടികള്‍ക്കുശേഷം മൃതദേഹം ഫര്‍വാനിയ ആശുപത്രിയിലേക്ക്‌ മാറ്റി.
നാലു വര്‍ഷമായി കുവൈത്തിലുള്ള ഫെനില്‍ജെന്നി ദമ്പതികളുടെ ഏക മകനായിരുന്നു ആല്‍വിന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക