Image

ഹസ്ബന്റ്‌സ് ഇന്‍ ഗോവ

Published on 30 April, 2012
ഹസ്ബന്റ്‌സ് ഇന്‍ ഗോവ
സജി സുരേന്ദ്രനും കൃഷ്ണ പൂജപ്പുരയും കുടുംബപ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനായി വീണ്ടും കടന്നുവരുന്നു. ഹസ്ബന്റ്‌സ് ഇന്‍ ഗോവ എന്ന ചിത്രവുമായി.

ഇന്ത്യയിലെ വന്‍ ഭാഷാ ചിത്രങ്ങളിലെല്ലാം ചലച്ചിത്ര നിര്‍മാണ രംഗത്ത് സജീവമായി നിലനിന്ന യു.ടി.വി മോഷന്‍ പിക്‌ചേഴ്‌സാണ് ഈ ചിത്രം നിര്‍മിക്കുന്നത്. കൊച്ചിയില്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഗോവയാണ് മറ്റൊരു പ്രധാന ലൊക്കേഷന്‍.

യുവനിരയിലെ പ്രധാനപ്പെട്ട ജയസൂര്യ, ഇന്ദ്രജിത്, ആസിഫ് അലി എന്നിവരും ഭാമ, റിമ കല്ലുങ്കല്‍, രമ്യാ നമ്പീശന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ മറ്റൊരു സുപ്രധാനമായ കഥാപാത്രത്തെ ലാലും അവതരിപ്പിക്കുന്നു.

കൊച്ചിയിലെ വാഴക്കാലയിലെ പടമുഗളിലെ മനോഹരമായ ഒരു ബംഗ്ലാവിലായിരുന്ന അന്നത്തെ ചിത്രീകരണം. ജയസൂര്യ അവതരിപ്പിക്കുന്ന ഗോവിന്ദ് എന്ന കഥാപാത്രത്തിന്റെ വീടായിട്ടാണ് ഇവിടം ചിത്രീകരിക്കുന്നത്. ജയസൂര്യയ്ക്കു പുറമേ ഇന്ദ്രജിത്, ആസിഫ് അലി എന്നിവര്‍ പങ്കെടുക്കുന്ന ഒരു രംഗമായിരുന്നു ഇവിടെ ചിത്രീകരിക്കുന്നത്. ഗോവിന്ദ്, ജെറി, അര്‍ജുന്‍ എന്നീ കഥാപാത്രങ്ങളെയാണിവര്‍ പ്രതിനിധീകരിക്കുന്നത്.

നഗരത്തിലെ പ്രധാന ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ഗോവിന്ദിന്റെ ഭാര്യ അഭിരാമി വലിയ ഭക്തയാണ്. ഏതു നേരവും വഴിപാടും ക്ഷേത്രദര്‍ശനവും ഒക്കെത്തന്നെ. ഇതിലെല്ലാം ഭര്‍ത്താവ് ഗോവിന്ദും പങ്കെടുക്കണമെന്നത് അഭിരാമിക്കു നിര്‍ബന്ധമാണ്. ഭാര്യയോടുള്ള സ്‌നേഹംമൂലം ഇതിലെല്ലാം അയാള്‍ പങ്കെടുക്കുന്നു. പക്ഷേ, ഇതുമൂലം പലപ്പോഴും ജോലിയില്‍പ്പോലും ശ്രദ്ധിക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണുള്ളത്. ഈ വേദനയിലാണ് ഗോവിന്ദ്.

തന്റെ വീട്ടിലെത്തിയ സുഹൃത്തുക്കളായ ജെറിയോടും അര്‍ജുനോടും തന്റെ ദുഃഖം പങ്കുവച്ചു അയാള്‍. അപ്പോഴാണ് അവരുടെ ഭാര്യമാരും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്ന വിവരം ഗോവിന്ദും അറിയുന്നത്. ജെറി അഡ്വക്കേറ്റാണ്. ഭാര്യ ടീന സമ്പന്നകുടുംബത്തില്‍ ജനിച്ചുവളര്‍ന്ന സ്ത്ര. മേലനങ്ങി ഒരു പണിചെയ്ത ശീലമില്ല. അതെല്ലാം ജെറിയുടെമേല്‍വന്ന് ഭവിച്ചിരിക്കുന്നു. പലപ്പോഴും കോടതിയില്‍ പോകാന്‍പോലും പറ്റുന്നില്ല.

അര്‍ജുനന്‍ നല്ലൊരു ആര്‍ക്കിടെക്ടാണ്. ഭാര്യ വീണ. ഐ.എ.എസ് കോച്ചിംഗ് ടീച്ചര്‍. ഭര്‍ത്താവിനെയും ഐ.എ.എസുകാരനാക്കാന്‍ വേണ്ടി ക്ലാസില്‍ നിര്‍ബന്ധമായും അറ്റന്‍ഡ് ചെയ്യിക്കുന്നു. ഒഴിയാന്‍ കഴിയാത്ത അവസ്ഥ. ഭാര്യമാരുടെ ഈ സ്‌നേഹപീഡനത്തില്‍നിന്നും രക്ഷപ്പെട്ട് കുറച്ചുദിവസം ജീവിതം ഒന്നാഘോഷിക്കാന്‍ അവര്‍ മൂന്നുപേരും തീരുമാനിക്കുന്നു. ഭാര്യമാരെ അറിയിക്കാതെ മൂവരുംചേര്‍ന്നു തിരിച്ചത് ഗോവയിലേക്ക്. ഈ ട്രെയിന്‍ യാത്രയ്ക്കിടയില്‍ പുതിയൊരു കഥാപാത്രത്തെക്കൂടി ഇവര്‍ക്കു പരിചയപ്പെടേണ്ടിവന്നു. സണ്ണി ഏബ്രഹാം സിനിമാട്ടോഗ്രാഫറാണ്. ചില പ്രത്യേക സ്വഭാവവിശേഷങ്ങള്‍ നിറഞ്ഞ ഒരു കഥാപാത്രം. ഈ സാമീപ്യം മൂവരുടെയും ജീവിതത്തില്‍ പല മാറ്റങ്ങള്‍ക്കും ഇടയാക്കുന്നു. ഈ സംഭവങ്ങളുടെ അത്യന്തം രസാവഹമായ മുഹൂര്‍ത്തങ്ങളുടെ ചലച്ചിത്രാവിഷ്‌കാരമാണ് ഈ ചിത്രം.

ലാലാണ് സണ്ണി ഏബ്രഹാമിനെ അവതരിപ്പിക്കുന്നത്. ഇന്നസെന്റ്, പ്രവീണ, കലാഭവന്‍ മണി, സുരാജ് വെഞ്ഞാറമ്മൂട്, ഷാജു, സോണിയ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

രചന- കൃഷ്ണ പൂജപ്പുര, വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, ഷിബു ചക്രവര്‍ത്തി എന്നിവരുടെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് എം.ജി. ശ്രീകുമാറാണ്. അനില്‍ നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

എഡിറ്റിംഗ്- മനോജ്, കലാസംവിധാനം- സുജിത് രാഘവ്, മേക്കപ്- രാജീവ് രംഗന്‍, വസ്ത്രാലങ്കാരം- കുമാര്‍ എടപ്പാള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ആര്‍. സുഗതന്‍, അസോസിയേറ്റ് ഡയറക്ടര്‍- മനോജ് പാലോടന്‍, സഹസംവിധാനം- പ്രിയന്‍, അനില്‍ അലക്‌സ്, പ്രൊഡ. കണ്‍ട്രോളര്‍- നോബിള്‍ ജേക്കബ്. കൊച്ചിയിലും ഗോവയിലുമായി പൂര്‍ത്തിയാകുന്ന ഈ ചിത്രം യു.ടി.വി റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.

ഹസ്ബന്റ്‌സ് ഇന്‍ ഗോവഹസ്ബന്റ്‌സ് ഇന്‍ ഗോവ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക