Image

മതപ്രസംഗങ്ങളും പാവം പെണ്ണുങ്ങളും

സുധീര്‍ പണിക്കവീട്ടില്‍ Published on 30 April, 2012
മതപ്രസംഗങ്ങളും പാവം പെണ്ണുങ്ങളും
(ഇതിലെ കഥാപാത്രങ്ങളും സംഭവവും സാങ്കല്‍പ്പികം മാത്രമാണു്.)


ഒന്നാം ഭാഗം

മല്ലീശ്വരന്റെ ഒടിഞ്ഞ വില്ലുപോലെ മദ്ധ്യവയസ്‌കരായ
സ്ത്രീകള്‍ തലയില്‍ സാരിതലപ്പിട്ട് കണ്ണീരൊലൊപ്പിച്ചിരുന്നു. അവരെ അഭിമുീകരിച്ച്‌കൊണ്ട് പ്രസംഗിക്കുന്ന മനുഷ്യന്‍ പറയുന്നതില്‍ പകുതി ഭാഗവും സ്ത്രീകളെകുറിച്ചാണു്. നൈറ്റ് ഡ്യൂട്ടി ചെയ്തും ഡബ്ബിള്‍ ഡ്യൂട്ടി ചെയ്തും പ്രായം വന്നും നഷ്ടപ്പെട്ട യൗവ്വനശ്രീയുടെ തീരാദുഃഖം പോലെ ദൈവത്തില്‍ പ്രതീക്ഷവച്ചിരിക്കുന്ന പാവം സ്ത്രീകളില്‍ മിക്കവരും മെനോപോസ്സ് എന്ന കടമ്പയില്‍ എത്തിയവരും അതു കടന്നവരുമാണു്. വെണ്ണ തോറ്റിരുന്ന തുടക്കാമ്പുകളില്‍, കാല്‍ വണ്ണകളില്‍ വെരിക്കോസ് വെയിന്‍ എന്ന ഉപദ്രവം പാമ്പിന്റെ രൂപത്തില്‍ അള്ളിപിടിക്കുന്ന വേദന അനുഭവിക്കുന്നവരാണു്. അവര്‍ക്ക് പരപുരുഷനെ പോയിട്ട് സ്വന്തം ഭര്‍ത്താക്കന്മാരെപോലും ശ്രംഗാരലോലരായി നേരെ നോക്കാന്‍ കഴിവില്ല. കണ്ണിണ്ണകളിലെ മലരമ്പിന്റെ മുനയൊക്കെ ഒടിഞ്ഞ്‌പോയി. ഒരു കാലത്ത് സ്വപ്നം വിളഞ്ഞ് കിടന്ന കവിള്‍തടങ്ങളില്‍ ചാഴി വീണു്. കണ്‍തടങ്ങള്‍ക്ക് താഴെ സന്ധ്യ പരന്നു. അവിടെ സന്ധ്യാരാഗമില്ല. അവരില്‍ നിറഞ്ഞ് നില്‍ക്കുന്നത് ദൈവദര്‍ശനത്തിനുള്ള ആഗ്രഹമാണു്. കിട്ടാന്‍ പോകുന്ന സ്വര്‍ഗ്ഗത്തെപ്പറ്റിയുള്ള ചിന്തകളാണു്. എന്നിട്ടും മതപ്രസ്ംഗകന്‍ പറയുന്നു. സ്ത്രീ നീ ആദാമിനു പഴം കൊടുത്ത് കറക്കിയെടുത്തതുകൊണ്ട് ദൈവം നിന്നില്‍ കോപിച്ചിരിക്കുന്നു.

നീ നിന്റെ ഭര്‍ത്താവിനെയല്ലാതെ പരപുരുഷനെ നോക്കുകയോ അവനോട് മിണ്ടുകയോ ചെയ്യരുത്. കുരിശ്ശ് കണുമ്പോള്‍ പിന്‍ തിരിയുന്ന സാത്താനെപ്പോലെ സ്വര്‍ണ്ണം കണ്ടാല്‍ല്പനീ തിരിഞ്ഞോടണം.അതു കേട്ട് വാതില്‍ക്കല്‍ നിന്നിരുന്ന സാത്താന്‍ പറഞ്ഞു. ''ചെമ്മണ്ണൂര്‍ ജ്വല്ലേഴ്സ്സും, ആലുക്കാസ്സും, ആലപ്പാട്ടും ഒക്കെ കേസ്സ് കൊടുക്കും. അവരുടെ കച്ചവടത്തിനെ ബാധിക്കുന്ന പ്രശ്‌നമാണിത്. മതപ്രസംഗകന്‍ അത് കേട്ടത് കൊണ്ടോ എന്തോ ഉടനെ വിഷയം മാറ്റി. നിന്റെ മനസ്സില്‍ മോഹം ആളിക്കത്തിയാല്‍ ആ തീ ലോകം നശിപ്പിക്കും.അല്ലെങ്കില്‍ തന്നെ നമ്മുടെ കര്‍ത്താവ് പറഞ്ഞിരിക്കുന്നത് ഇനി വെള്ളത്താലല്ല തീയ്യാലത്രെ ദൈവം ലോകം ദഹിപ്പിക്കാന്‍ പോകുന്നത്. അതു കൊണ്ട് സ്ത്രീയേ, സ്ത്രീയേ, സ്ത്രീയേ.... സ്ത്രീയേ. സ്ത്രീയേ……സ്ത്രീക്ക് മാത്രം നിരോധാനാജ്ഞകള്‍ ഓരോന്നായി പറഞ്ഞ് പ്രാസ്ംഗികന്‍ തന്റെ പാപഭാരം ഒഴിച്ച്‌വച്ച്‌കൊണ്ടിരുന്നു. ആ മനുഷ്യന്റെ ശ്വാസം നിര്‍ത്തിപിടിച്ച അട്ടഹാസം കേട്ട് പാവം പെണ്ണുങ്ങള്‍ മാന്‍പേടകളെപ്പോലെ പേടിച്ചരണ്ട് എന്തോ മന്ത്രം ചുണ്ടിലൂടെ ഒലിപ്പിച്ച്‌കൊണ്ടിരുന്നു. അവര്‍ മൂക്ക് പിഴിഞ്ഞു, കണ്ണു തുടച്ചു. ദേഹത്തില്‍ അല്‍പ്പം മാംസവും, അതിനു ചൂടുമുണ്ടായിരുന്ന പാവം സ്ത്രീകളില്‍ ചിലര്‍ അവര്‍ക്ക് മനസ്സില്‍ തോന്നിയ ചീത്ത വിചാരങ്ങളെകുറിച്ച് പ്ശ്ചാത്തപിച്ച് കൂടുതല്‍ കണ്ണീരൊഴുക്കി. സാത്താന്‍ ജനലിന്നരുകില്‍ നിന്നു വീണ്ടും പറഞ്ഞു. സഹോദരിമാരെ, മനസ്സില്‍ പലതും തോന്നും അത് ശരീരത്തിന്റെ വിക്രുതിയാണു. അതില്‍ എനിക്കോ ദൈവത്തിനൊ പങ്കില്ല. അതു പാപവുമല്ല. കാരണം അത്തരം ചിന്തകള്‍ പ്രായത്തിന്റേതാണു്. അത് പ്രക്രുതിയുടെ നിയമമാണു. ആ മനുഷ്യന്‍ നിങ്ങളില്‍ നിന്നും കാശ് തട്ടിക്കാന്‍ ശ്രമിക്കുകയാണു. അയാളുടെ വെട്ടില്‍ വീഴല്ലേ. പാവം സാത്താന്‍, അയാളുടെ നിവേദനങ്ങള്‍ ആരും കേട്ടില്ല.

മതപ്രവാചകന്‍ അമേരിക്കയില്‍ വന്നിട്ട് ഒന്നു രണ്ട് മാസമായി. ഇവിടത്തെ സുസൗകര്യങ്ങള്‍ കണ്ട് അദ്ദേഹത്തിനു പ്രലോഭനമുണ്ടാകുന്നുണ്ട്. എങ്കിലും അദ്ദേഹം ഉറച്ച ഒരു വിശ്വാസിയായത്‌ കൊണ്ട് അതിനെ അതിജീവിച്ചു. എന്നാലും തിരിച്ച് പോകേണ്ടി വരുമല്ലോ എന്ന പേടി അയാളെ അലട്ടി. അതുകൊണ്ടയാള്‍ നരകത്തെപ്പറ്റി പറഞ്ഞു മനുഷ്യരെ ഭയപ്പെടുത്തി. പ്രത്യേകിച്ചും
സ്ത്രീകളെ. കാരണം സ്ര്തീ ചെയ്യുന്നത് എന്തും തെറ്റാണു. അതുകൊണ്ട് അവള്‍ ശ്രദ്ധിക്കണം. അവള്‍ക്ക് എല്ലാം നിഷിദ്ധം. ഒരിക്കല്‍ ഒരു വീട്ടമ്മ പ്രാര്‍ഥനക്ക് വേണ്ടി യാത്രയായി. അപ്പോള്‍ വീട്ടുവേലക്കാരി പറഞ്ഞു. കൊച്ചമ്മേ, എല്ലാം കൊള്ളാം, ആ കാതിപ്പൂവ്വും, കഴുത്തിലെ മാലയും കൂടി ഇട്ടാല്‍ നല്ല ഐശ്വര്യം തോന്നും. വീട്ടമ്മ : ചുമ്മായിരി പെണ്ണേ, ഞാന്‍ പോകുന്ന സ്ഥലം നിനക്കറിയോ? കണ്ട ബലാത്സംഗക്കാരും, കത്തികുത്തുകാരും, കള്ളുകുടിയന്മാരും അവരിലുണ്ട്. അവരൊക്കെ നല്ലവരായി രക്ഷിക്കപ്പെട്ടവരാണെങ്കിലുംല്പനമ്മള്‍ സൂക്ഷിക്കണം. തല്‍ക്കാലം എനിക്ക് ഈ ഐശ്വര്യം മതി.

കണ്‍വെന്‍ഷന്‍ രണ്ട് ദിവസമായി നടക്കുകയാണു്. മതപ്രസംഗകന്റെ സഞ്ചിയില്‍ ഡോളര്‍ നിറഞ്ഞു. നാട്ടില്‍ ഏതൊ അനാഥകുട്ടികള്‍ക്ക് വേണ്ടി ഉപയോഗിക്കാനാണു ആ പാവം കഷ്ടപ്പെടുന്നത്. പല നഗരങ്ങളില്‍ നിന്നും ആളുകള്‍ എത്തിയിട്ടുണ്ട്. പ്രസംഗത്തിന്റെ അവസാനം മതപ്രസംഗകന്‍ കൂട്ടിച്ചേര്‍ത്തു. ഇന്നു നമ്മുടെ യുവതലമുറയെ വഴിതെറ്റിക്കുന്നത് സിനിമയാണു. നമ്മള്‍ അതു കാണുന്നില്ലെങ്കിലും കുട്ടികള്‍ അതു കാണുന്നു. സിനിമകളിലെ പാട്ടുകള്‍ അസഭ്യം നിറഞ്ഞതും അസന്മ്മാര്‍ഗ്ഗികവുമാണു. ഒ.എന്‍.വിയും, കൈതപ്രവും അതു കേട്ടിരുന്നെങ്കില്‍ എന്നു സാത്താന്‍ ആശിച്ചു. പ്രാസംഗികന്‍ തുടര്‍ന്നു പറഞ്ഞു. സിനിമാപാട്ടുകളുടെ ഈണം നമുക്ക് ഉപയോഗിക്കാം അതൊരു കളവല്ല. ദൈവ ദോഷവുമല്ല.. എന്നാല്‍ ആ പാട്ടുകള്‍ നമ്മള്‍ കേള്‍ക്കരുത്. അത് കര്‍ത്താവ് പൊറുക്കുകയില്ല. നല്ല നല്ല ഈണങ്ങള്‍ ദൈവത്തിന്റെ അപദാനങ്ങള്‍ പാടാന്‍ ഉപയോഗിക്കുക. പ്രക്രുതിയേയോ, പെണ്ണിനേയോ വീടിനേയോ,
സ്ത്രീ-പുരുഷ സ്‌നേഹബന്ധങ്ങളെപ്പറ്റിയോ നാം പാടരുത്. ദൈവത്തെപ്പറ്റി മാത്രം. സിനിമ സാത്താന്റെ രൂപത്തില്‍ വരുന്നു എന്ന പ്രവചനം കേട്ട് എല്ലാവരും മുന്‍കരുതലോടെ കണ്‍വെന്‍ഷന്‍ കഴിഞ്ഞ് പുറത്തിറങ്ങി.

രണ്ടാം ഭാഗം

ഒരു കുടം പായസവും, ഒത്തിരി സുന്ദരിമാരും എന്ന ചിന്തയുടെ
സ്വപന പാല്‍പുഴയില്‍ മുങ്ങി നീരാടി നടക്കുന്ന ഒരാള്‍ കാറോടിച്ച് വരികയാണു. അയാള്‍ക്ക് ജീവിതത്തെക്കുറിച്ച് ഗഹനമായ ചിന്തകളില്ല. സ്വപ്നങ്ങള്‍ മാത്രം. ആ സ്വപ്നങ്ങളില്‍ ഒന്നര ചുറ്റിയ നാടന്‍ പെണ്ണുങ്ങള്‍, പുറകില്‍ വിശറി വച്ചുടുത്ത്, കച്ചയും കവണിയും, കാതില്‍ വലിയ വട്ടകണ്ണികളുമായി നടക്കുന്ന അഴകുള്ള ചേടത്തിമാര്‍, മൈലാഞ്ചിയിട്ട കയ്യാല്‍ തട്ടം വലിച്ചിട്ട് സുറുമയെഴുതിയ കണ്ണുകള്‍കൊണ്ട് കിനാവിന്റെ പൂത്തിരി കത്തിക്കുന്ന ഇത്താത്തമാര്‍. താരുണ്യം ഇറുകുന്ന മാദക പെണ്‍കൊടികള്‍. പിന്നെ വൈക്കത്തഷ്ടമിയും, അമ്പലപ്പുഴവേലയും, ആറ്റുകാല്‍ ഭഗവതിയുടെ പൊങ്കാലയും, പഴവങ്ങാടി ഗണപതിയുടെ തേങ്ങാപ്പൂളും, തിരുവുള്ളകാവിലെ വിദ്യ്‌ദേവിയുടെ നേദിച്ച പഴവുമൊക്കെ ആസ്വദിച്ച് കാലമേ നീ എന്റെ യൗവ്വനം കൊണ്ടുപോകല്ലേ, എനിക്ക് ജീവിച്ച് മതിയായില്ലെന്ന് പറഞ്ഞ് നടക്കുന്നയാള്‍. ഭാര്യയോട് സ്‌നേഹവും വിശ്വാസവുമുണ്ടെങ്കിലും ആരുമറിയാതെ ചില്ലറ ചിറ്റങ്ങളും, പറ്റുകളുമൊക്കെയുള്ള ഒരു കൊച്ച് കള്ളന്‍. അയാള്‍ നോക്കിയപ്പോള്‍ വഴിയരുകില്‍ ഒരു ആണും പെണ്ണും നില്‍ക്കുന്നു. പെണ്ണിനെ അയാള്‍ എവിടേയോ കണ്ടിട്ടുണ്ട്. കാര്‍ പതുക്കെ ഓടിച്ചു. അതേ ആ മും തന്നെ. പക്ഷെ മുത്തിനു എന്തോ പന്തികേട്. ഇവള്‍ ആ ശോശാമ്മ ചെറിയാന്‍ തന്നെ. പണ്ടത്തെ കോളേജ് ബ്യൂട്ടി. തന്നെക്കാളും ഒത്തിരി സീനിയര്‍ ആയിരുന്നെങ്കിലും കോളേജ് ബ്യൂട്ടിയായത്‌കൊണ്ട് നല്ല ഓര്‍മ്മയുണ്ട്.  അനുരാഗ ഗാനം പോലെ അഴകിന്റെ അല പോലെ ആരു നീ ദേവതേ.... എന്ന് പാടി ഇവളുടെ പുറകെ നടക്കാത്ത ആണ്‍കുട്ടികളുണ്ടായിരുന്നില്ല. പാവം ഇവള്‍ക്കെന്തുപ്പറ്റി. ഇവളുടെ കെട്ടിയോന്‍ ചത്തുപോയോ? എന്താണിവള്‍ വിധവയെപോലെ. ഇവളുടെ കൂടെ ഒരു പാപ്പാനുണ്ടല്ലോ? ഇനിയിപ്പോള്‍ മദ്ധ്യവയസ്സില്‍ ചമയങ്ങളൊന്നും വേണ്ടെന്നുവച്ചതാണോ? ഏതായാലും അയാള്‍ കാര്‍ അടുപ്പിച്ച് ഗ്ലാസ്സ് ഇറക്കി അവരോട് ചോദിച്ചു.' .........ലെ ശോശാമ്മ ചെറിയാന്‍ അല്ലേ? ശോശാമ്മ അതെയെന്നു തലയാട്ടി. അയാളെ കണ്ടു മറന്നപോലെ പരിചയത്തോടെ നോക്കി. അയാള്‍ പറഞ്ഞു. ഞാന്‍ യമുനയുടെ അനിയന്‍. ഓര്‍മ്മയില്ലേ നിങ്ങളുടെ ക്ലാസ്സില്‍ പഠിച്ചിരുന്ന ത്രുശ്ശൂര്‍ക്കാരി യമുനയെ. മാത്രമല്ല നിങ്ങളുടെ കല്യാണത്തിന്റെ തലേന്നാല്‍ ഞാനും ചേച്ചിയും വീട്ടില്‍ വന്നിരുന്നു.. അതിപ്പോള്‍ 25 വര്‍ഷം മുമ്പാണു.

ഓ,,, അജയന്‍ ... കവിതയെഴുതുന്ന ... അവര്‍ അതും പറഞ്ഞ് സുസ്മിതം തൂകി. അവര്‍ അടുത്ത് നിന്നയാളിനെ ചൂണ്ടി പറഞ്ഞു. ഇതെന്റെ ഭര്‍ത്താവ്.  കവി എന്നു വിളിക്കപ്പെട്ടവന്‍ കുറച്ച്‌നേരം അയാളെ നോക്കി മനസ്സില്‍ പറഞ്ഞു. ഉം.... താനാണു ആ ഭാഗ്യവാന്‍. ഒത്തിരി ആണ്‍കുട്ടികളുടെ സ്വപ്നഹാരം തട്ടിയെടുത്തവന്‍. ചിന്തിച്ചിരിക്കുന്ന അജയനോട് ശോശാമ്മ ചോദിച്ചു. എങ്ങനെ ഇവിടെ എത്തി.

ഒരു നേഴ്‌സിനെ കെട്ടി ഞാനിങ്ങ് പോന്നു കാറില്‍ കയറു, നിങ്ങള്‍ക്ക് എവിടെ പോകണം.

ഞങ്ങള്‍ ഇവിടെ ഒരു കണ്‍വെന്‍ഷനു വന്നതാണു. തിരിച്ച് ഹോട്ടലിലേക്ക് പോകുകയാണു്.
അവരേയും കൊണ്ട് അജയന്‍ കാര്‍ മുന്നോട്ടെടുത്തു. സൗന്ദര്യറാണിയുടെ പ്രിയതമന്‍ എന്തോ പിറുപിറുത്തു ഇരിക്കുകയാണു. ഒന്നും മിണ്ടുന്നില്ല. കാറിലെ കണ്ണാടിയിലൂടെ നോക്കിയപ്പോള്‍ ശോശമ്മയും കണ്ണടച്ചിരിക്കുന്നു. സ്വപ്ന സഞ്ചാരിയായ അജയന്‍ അയാളുടെ ടേപ്പ് ചലിപ്പിച്ചു. അയാളുടെ ഇഷ്ടഗായകന്റെ സ്വരമുണര്‍ന്നു.

പൗര്‍ണമി പൂന്തിങ്കളെ... നീ എന്‍ ഹ്രുദയസ്പന്ദനമല്ലേ?...

ജയചന്ദ്രന്‍ ആ വരികള്‍ ആവര്‍ത്തിക്കുകയാണു. അപ്പോള്‍ ശോശാമ്മ സാരികൊണ്ട് വീശി ശ്.ശ് എന്നു ശബ്ദമുണ്ടാക്കി. അജയന്‍ ചോദിച്ചു. '' എ.സി. വേണമോ?
ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് പറഞ്ഞ് ' വേണ്ട, ... പാട്ടു തുടരുന്നു.

എന്‍ ജീവ നിശ്വാസമേ... എന്നനുഭൂതിയല്ലേ....
നീയെന്‍ ഹ്രുദയ സ്പന്ദനമല്ലേ...

ശോശാമ്മ ഭര്‍ത്താവിന്റെ തോളില്‍ തട്ടുന്നു. മതപ്രസ്ംഗകന്റെ വാക്കുകള്‍ ആ പാവങ്ങള്‍ ഓര്‍ക്കുകയാവാം. പാട്ടു തുടര്‍ന്നു.

നിമിഷം തോറും മായിക നിര്‍ഢ്ജരികള്‍
നൂപുര ധ്വനികള്‍ കാതോര്‍ത്തു ഞാന്‍ ...

പുറകില്‍ നിന്നും ശബ്ദം.. സ്‌തോത്രം... കര്‍ത്താവേ സ്‌തോത്രം...

സ്‌തോത്രം, സ്‌തോത്രം. ഉടനെ ഭര്‍ത്താവും ഉയര്‍ന്ന ശബ്ദത്തില്‍ അതുരുവിട്ടു. അജയന്‍ പാട്ട് ഓഫ് ചെയ്തു. എന്തേ പെട്ടെന്നു ഒരു ദൈവ വിളി...

ശോശാമ്മ പറഞ്ഞു. യമുനയുടെ സ്ഥാനത്ത് നിന്നു പറയാന്ന് കരുതിയാല്‍ മതി. എന്റെ കുഞ്ഞേ ഇതൊന്നും കേള്‍ക്കരുത്, പാപമാണു. മരിച്ചാല്‍ സ്വര്‍ഗ്ഗം കിട്ടേണ്ടേ. ഞങ്ങളുടെ കൂടെ ഹോട്ടല്‍ മുറിയില്‍ വരൂ... കണ്‍വെന്‍ഷനില്‍ പ്രസംഗിച്ച അനുഗ്രഹീതനായ ആ മനുഷ്യന്‍ അവിടെ വരും. അജയനു സ്വര്‍ഗ്ഗം കിട്ടാനുള്ള മാര്‍ഗ്ഗം അയാള്‍ പറഞ്ഞു തരും. അപ്പോഴേക്കും ഹോട്ടല്‍ എത്തി. അവരെ അവിടെ വിടുമ്പോള്‍ അജയന്‍ പറഞ്ഞു. പൊന്നു പെങ്ങളേ, ഇത്തരം പാട്ടു കേട്ടാലൊന്നും സ്വര്‍ഗ്ഗം നഷ്ടപ്പെടുകയില്ല. ഇതു ഞങ്ങളുടെ നാട്ടുകാരന്റെ ശബ്ദം, മനോഹരമായ വരികള്‍. ഇതില്‍ എവിടെ സാത്താന്‍, എവിടെ നരകം. ദൈവ വിശ്വാസം വേണം പക്ഷെ അതു രോഗമായി ഇങ്ങനെ കഷ്ടപ്പെടരുത്. എന്റെ അപ്പൂപ്പനപ്പൂപ്പന്മാരായി സംഗീത പ്രേമികളാണു. എനിക്കും സംഗീതം ഇഷ്ടമാണു. എന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങള്‍ സംഗീതം കേള്‍ക്കുന്നതാണു. ഭരണി പാട്ടു കേള്‍ക്കരുത്, നീല പടം കാണരുതെന്നൊക്കെ പറഞ്ഞാല്‍ മനസ്സിലാകും. ഇത്രയും വിദ്യാഭ്യാസം ഉണ്ടായിട്ട് ഇങ്ങനെയൊക്കെ പറയുന്നത് സങ്കടകരമാണു്. അവര്‍ അജയനെ ദയനീയമാക്കി നോക്കി. ഡാന്റെ (Dante's Inferno) വിവരിച്ച നരകത്തിലെ ഘോരാഗ്നിയില്‍ അജയന്‍ നിന്നെരിയുന്നത് അവര്‍ കാണുമ്പോലെ കണ്ണീരൊലിപ്പിച്ചു. അയാള്‍ അവരോട് യാത്ര പറഞ്ഞിറങ്ങി. അപ്പോള്‍ കര്‍ത്താവിന്റെ വാക്കുകള്‍ അയാള്‍ ഓര്‍ത്തു. ' ഇവര്‍ ചെയ്യുന്നത് എന്താണെന്നു ഇവര്‍ അറിയുന്നില്ല.''

കുറിപ്പ് : താഴെ കൊടുക്കുന്ന ലിങ്കില്‍ പോയാല്‍ മേല്‍ പറഞ്ഞ ഗാനം കേള്‍ക്കാം. ഗാനങ്ങള്‍ ഇഷ്ടപെടുന്നവര്‍ക്ക് അതു കേട്ടു ശോശാമ്മയും ഭര്‍ത്താവും അനുഭവിച്ച വിമ്മിഷ്ടത്തെകുറിച്ച് മനസ്സിലാക്കാം.)
****************************
See also: http://www.youtube.com/watch?v=seH3hBDU9TA
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക