Image

ടൈഗര്‍ ഹനീഫിനെ ഇന്ത്യയ്ക്കു കൈമാറാന്‍ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടു

Published on 03 May, 2012
ടൈഗര്‍ ഹനീഫിനെ ഇന്ത്യയ്ക്കു കൈമാറാന്‍ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടു
ലണ്ടന്‍: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയ്യും സൂററ്റ് ബോംബ് സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനുമായ ടൈഗര്‍ ഹനീഫിനെ ഇന്ത്യയ്ക്കു കൈമാറാന്‍ ബ്രിട്ടനിലെ കോടതി ഉത്തരവിട്ടു. വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് ഇന്ത്യയ്ക്കു അനുകൂലമായി വിധിയുണ്ടായത്. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസില്‍ വിധി പ്രസ്താവിച്ചത്.

1993ല്‍ സൂററ്റിലുണ്ടായ സ്‌ഫോടനത്തില്‍ എട്ടു വയസുളള ഒരു പെണ്‍കുട്ടി മരിക്കുകയും 38പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇയാളെ ബോള്‍ട്ടനില്‍ നിന്നു 2010 മാര്‍ച്ചില്‍ സ്‌കോട്ടലാന്‍ഡ് യാര്‍ഡ് അധികൃതരാണ് അറസ്റ്റു ചെയ്തത്. ബോള്‍ട്ടനിലെ ഒരു ഗ്രാമത്തില്‍ കളളപ്പേരില്‍ പലചരക്കുകട നടത്തുകയായിരുന്നു ഇയാള്‍. സ്‌ഫോടനത്തിനു ശേഷം ഹനീഫ് ഒളിവില്‍പ്പോകുകയും വ്യാജപാസ്‌പോര്‍ട്ടുണ്ടാക്കി ബ്രിട്ടനിലേക്ക് കടക്കുകയുമായിരുന്നു. കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞ മുന്‍മന്ത്രി മുഹമ്മദ് സുര്‍ത്തി 18 വര്‍ഷമായി ജയിലിലാണ്.

ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയായിരുന്ന ഹനീഫ്, ലഷ്‌കര്‍ ഇ തോയ്ബയുടെ സജീവ പ്രവര്‍ത്തകനുമായിരുന്നു. പാക്കിസ്ഥാനില്‍ നിന്നു ആയുധവും ലഹരിമരുന്നും കടത്തുന്നതില്‍ ഗുജറാത്തിലെ മുഴുവന്‍ ചുമതലയും ഹനീഫിനായിരുന്നു. സൂററ്റ് സ്‌ഫോടനക്കേസില്‍ ഹനീഫിന്റെ പങ്ക് വ്യക്തമായ സാഹചര്യത്തിലാണ് ഇന്ത്യയ്ക്കു കൈമാറാന്‍ ഉത്തരവുണ്ടായത്. അതേസമയം, വിധിക്കെതിരെ ഹനീഫിനു അപ്പീലിനു പോകാന്‍ അവസരമുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക