Image

ഗുഡ്‌വില്‍ അംബാസഡര്‍ സണ്ണി വര്‍ക്കി യുനെസ്‌കോ പുരസ്‌കാരം ഏറ്റുവാങ്ങി

ജോസ്‌ കുമ്പിളുവേലില്‍ Published on 04 May, 2012
ഗുഡ്‌വില്‍ അംബാസഡര്‍ സണ്ണി വര്‍ക്കി യുനെസ്‌കോ പുരസ്‌കാരം ഏറ്റുവാങ്ങി
പാരീസ്‌ : യുനെസ്‌കോയുടെ ഗുഡ്‌വില്‍ അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ട ജെംസ്‌ (GEMS) എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ അഡ്വ. സണ്ണി വര്‍ക്കി യുനെസ്‌കോ പുരസ്‌കാരം ഏറ്റുവാങ്ങി.

ഏപ്രില്‍ 26 ന്‌ പാരീസിലെ യുനെസ്‌കോ ആസ്ഥാനത്ത്‌ നടന്ന ചടങ്ങില്‍ യുനെസ്‌കോ ഡയറക്‌ടര്‍ ജനറല്‍ ഇറീന ബൊക്കോവയില്‍ നിന്നും സണ്ണി വര്‍ക്കി പുരസ്‌കാരം ഏറ്റുവാങ്ങി. ചരിത്രത്തില്‍ ആദ്യമായിട്ടാണ്‌ ഒരു മലയാളി യുനെസ്‌കോയുടെ ഗുഡ്‌വില്‍ അംബാസഡറായി തെരഞ്ഞെടുക്കപ്പെടുന്നത്‌.

ദുബായ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെംസ്‌ എഡ്യൂക്കേഷന്‍ ശൃംഖല ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ സ്‌കൂള്‍ എന്ന ബഹുമതി നേരത്തെ നേടിയിരുന്നു.

സണ്ണിയുടെ മാതാപിതാക്കളായ റാന്നി കാച്ചാണത്ത്‌ കെ.എസ്‌.വര്‍ക്കിയും മറിയാമ്മ വര്‍ക്കിയും അധ്യാപക ജോലിക്കായിട്ടാണ്‌ 1959 ല്‍ ദുബായില്‍ എത്തുന്നത്‌. 10 വര്‍ഷം ടീച്ചിംഗ്‌ ജോലി നോക്കിയ ഇവരുടെയുള്ളില്‍ ഉദിച്ച ആശയം 1968 ല്‍ പൂവണിഞ്ഞു. സ്വന്തമായി ഒരു ഇംഗ്‌ളീഷ്‌ മീഡിയം സ്‌കൂള്‍ ആരംഭിച്ചു. എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം, ക്വാളിറ്റി എഡ്യൂക്കേഷന്‍ എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി 27 വിദ്യാര്‍ഥികളുമായി ദുബായില്‍ ആരംഭിച്ച ജെംസ്‌ സ്‌കൂള്‍ വളര്‍ന്ന്‌ ഇപ്പോള്‍ ലോകമൊട്ടാകെ 151 രാജ്യങ്ങളിലായി ഒരു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക്‌ പഠനസൗകര്യം നല്‍കിപ്പോരുന്നു.

1980 ലാണ്‌ സണ്ണി ജെംസിന്റെ സാരഥ്യം ഏറ്റെടുക്കുന്നത്‌. വിദ്യാഭ്യാസ രംഗത്തെ വേറിട്ട കാഴ്‌ച്ചപ്പാടും വ്യത്യസ്‌തമാര്‍ന്ന വിശാലതയും ജെംസിനെ ഇപ്പോള്‍ മള്‍ട്ടിനാഷണല്‍ കമ്പനിയായി സണ്ണി വളര്‍ത്തി. മഹത്തരമായ സേവനത്തിന്റെ മാതൃകയാക്കി മാറ്റിയതിനൊപ്പം യുനെസ്‌കോയുടെ സന്തതസഹചാരിയായും നിലകൊണ്‌ടു. ബില്‍ ക്ലിന്റണ്‍ ഗ്‌ളോബല്‍ ഇനീഷ്യേറ്റീവ്‌, ടോണി ബ്‌ളെയര്‍ ഫെയിത്ത്‌ ഫൗണ്‌ടേഷന്‍, ദുബായ്‌ കെയേഴ്‌സ്‌ ആന്‍ഡ്‌ പ്രതാം എന്നിവയാണ്‌ ജെംസിന്റെ വര്‍ക്കിംഗ്‌ പാര്‍ട്ട്‌നേഴ്‌സ്‌.

ദുബായ്‌ക്കു പുറമെ ലണ്‌ടന്‍, ന്യൂയോര്‍ക്ക്‌, സിംഗപ്പൂര്‍, ഡല്‍ഹി, റിയാദ്‌ എന്നിവിടങ്ങളില്‍ ജെംസിന്റെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്‌ട്‌. പതിനായിരത്തിലധികം പേര്‍ ടീച്ചിംഗ്‌ പ്രൊഫഷണല്‍സുകളായും നോണ്‍ ടീച്ചിംഗ്‌ വിഭാഗത്തിലുമായി ജെംസില്‍ ജോലി ചെയ്യുന്നു.

ആഫ്രിക്കയിലെ കുട്ടികള്‍ക്കായുള്ള ചാരിറ്റി വിദ്യാഭ്യാസം ജെംസിന്റെ സേവനത്തിന്റെ മകുടോദാഹരണമാണ്‌. കെനിയ, ഘാന തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും എത്തുന്നവരെ ടീച്ചിംഗ്‌ പ്രൊഫഷനില്‍ യുനെസ്‌കോയുടെ കീഴില്‍ വൈദഗ്‌ധ്യം നല്‍കുന്നത്‌ ജെംസില്‍ നിന്നാണ്‌.

സയന്‍സ്‌, ടെക്‌നോളജി, എന്‍ജിനീയറിംഗ്‌, മാത്തമാറ്റിക്‌സ്‌ എന്നീ വിഷയങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കിയാണ്‌ ഇവിടെ കോഴ്‌സ്‌ പൂര്‍ത്തിയാക്കുന്നത്‌.

2010 ല്‍ മുന്‍ യുഎസ്‌ പ്രസിഡന്റ്‌ ബില്‍ ക്ലിന്റന്റെ നേതൃത്വത്തില്‍ വര്‍ക്കി ജെം ഫൗണ്‌ടേഷന്‍ സ്ഥാപിച്ചത്‌ വന്‍ വാര്‍ത്തയായിരുന്നു. 2009 ല്‍ രാജ്യം സണ്ണി വര്‍ക്കിയെ പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. 2007 ല്‍ ഗ്‌ളോബല്‍ ഇന്ത്യന്‍ ബിസിനസ്‌ അവാര്‍ഡും, 2008ല്‍ രാജീവ്‌ ഗാന്ധി എമിനെന്റ്‌ എഡ്യൂക്കേഷന്‍ അവാര്‍ഡും നിരവധി പുരസ്‌കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്‌ട്‌.
ഗുഡ്‌വില്‍ അംബാസഡര്‍ സണ്ണി വര്‍ക്കി യുനെസ്‌കോ പുരസ്‌കാരം ഏറ്റുവാങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക