Image

അമേരിക്കയുടെ ഉയര്‍ച്ച താഴ്‌ചകള്‍ കരിക്കിനേത്തിന്റെ ഷോറൂമില്‍

Published on 04 May, 2012
അമേരിക്കയുടെ ഉയര്‍ച്ച താഴ്‌ചകള്‍ കരിക്കിനേത്തിന്റെ ഷോറൂമില്‍
കരിക്കിനേത്തിന്റെ ഷോറൂമില്‍ ഇരുന്നാല്‍ മതി കെ.ജി. തോമസിന്‌ (ബാബു) അമേരിക്കന്‍ സമ്പദ്‌ഘടനയുടെ ഉയര്‍ച്ചയും താഴ്‌ചയും എത്രയെന്നറിയാന്‍. സ്റ്റോക്ക്‌ ഇന്‍ഡെക്‌സോ, ട്രഷറിയുടെ കണക്കോ ഒന്നും അതിനാവശ്യമില്ല.

അമേരിക്കന്‍ സമ്പദ്‌ രംഗം ഇപ്പോഴും പൂര്‍വ്വ സ്ഥിതിയിലായിട്ടില്ലെന്ന്‌ അമേരിക്കന്‍ പര്യടനത്തിന്‌ ഭാര്യ റിനുവിനൊപ്പം എത്തിയ തോമസ്‌ പറയുന്നു. കരിക്കിനേത്തിന്റെ വിവിധ ഷോറൂമുകളിലെ വില്‍പ്പന തന്നെയാണ്‌ ഇതിന്‌ തെളിവ്‌. മുമ്പൊക്കെ അമേരിക്കയില്‍ നിന്നുള്ള സ്‌ത്രീകള്‍ വന്നാല്‍ വിലയൊന്നും നോക്കാതെ വസ്‌ത്രങ്ങള്‍ വാരിക്കൂട്ടും. മുമ്പ്‌ 15,000 രൂപയുടെ സാരി വാങ്ങിയിരുന്ന വനിതകള്‍ ഇപ്പോള്‍ `ഇക്കോണമി ക്ലാസി'ലേക്ക്‌ ഇരിപ്പിടം മാറ്റി. പതിനയ്യായിരത്തിന്റെ ഒറ്റ സാരിക്കു പകരം അയ്യായിരത്തിന്റെ മൂന്നു സാരികള്‍ വാങ്ങും.

അമേരിക്കക്കാരുടെ കച്ചവടം നേരിയ തോതില്‍ കുറഞ്ഞുവെങ്കിലും കരിക്കിനേത്ത്‌ കുതിച്ചുചാട്ടത്തില്‍ തന്നെ. നാട്ടില്‍ സമ്പദ്‌ രംഗം ഉയരങ്ങളിലേക്ക്‌ കുതിക്കുന്നു. ആളുകളുടെ കൈ നിറയെ പണം. അത്‌ ചെലവിടാന്‍ തുണിക്കടയും, സ്വര്‍ണ്ണക്കടയുമൊക്കെയാണല്ലോ നാട്ടിലെ പ്രധാന കേന്ദ്രങ്ങള്‍.

എങ്കിലും കരിക്കിനേത്തിന്റേയും തിരുവിതാംകൂര്‍-കൊച്ചി മേഖലയിലെ വസ്‌ത്ര വ്യാപാരികളുടേയും പ്രധാന വരുമാന സ്രോതസായ അമേരിക്കന്‍ മലയാളികള്‍ പൂര്‍വ്വാവസ്ഥയിലെത്തണമെന്നും അതിന്‌ അമേരിക്കന്‍ സമ്പദ്‌ രംഗം എത്രയും വേഗം വളര്‍ച്ച നേടണമെന്നും തോമസും ആശംസിക്കുന്നു.

രണ്ടാം ലോക മഹായുദ്ധത്തിന്റെ തുടക്കത്തില്‍ കൈപ്പട്ടൂരില്‍ ആരംഭിച്ച കരിക്കിനേത്ത്‌ എട്ടാമത്തെ ഷോറും ഈ ഡിസംബറില്‍ കോട്ടയത്ത്‌ ഉദ്‌ഘാടനം ചെയ്യും. സി.എം..എസ്‌ കോളജിനടുത്ത്‌ ആറു നില കെട്ടിടം ഇതിനായി ഒരുങ്ങുന്നു. പാലായില്‍ ഷോറൂം ഉദ്‌ഘാടനം ചെയ്യാന്‍ മോഹന്‍ലാലും കാവ്യയും തന്നെ എത്തി.

യുദ്ധകാലത്ത്‌ തുണിക്ക്‌ ക്വാട്ട ഉണ്ടായിരുന്നതിനാല്‍ ക്വാട്ടയായി (റേഷന്‍ തന്നെ) ലഭിച്ച തുണി ഹോള്‍സെയിലായി വിറ്റാണ്‌ കരിക്കിനേത്തിന്റെ തുടക്കം. 1997 വരെ ഹോള്‍സെയിലില്‍ നിന്ന സ്ഥാപനം റീട്ടെയിലിലേക്ക്‌ വന്നപ്പോള്‍ കേരളത്തിലെ ഏറ്റവും വില്‍പ്പനയുള്ള അര ഡസന്‍ വസ്‌ത്ര വ്യാപാര സ്ഥാപനങ്ങളിലൊന്നായി.

വസ്‌ത്ര വ്യാപാര രംഗത്ത്‌ കടുത്ത മത്സരമാണെന്ന്‌ തോമസ്‌ സമ്മതിക്കുന്നു. കോട്ടയത്ത്‌ എല്ലാ വസ്‌ത്ര വ്യാപാര ഭീമന്മാരും ഉണ്ട്‌. എന്നാല്‍ അവിടെയും കരിക്കിനേത്ത്‌ ചെല്ലാന്‍ പേടിക്കുന്നില്ല. മത്സരിക്കാനുള്ള കഴിവും സന്നദ്ധതയും തന്നെയാണ്‌ വ്യാപാര വിജയം. അതുപോലെ തന്നെ ഉപഭോക്താവിന്റെ മനസ്സറിഞ്ഞ്‌ സേവനമെത്തിക്കാനുള്ള കഴിവ്‌ ആറു പതിറ്റാണ്ടുകളിലൂടെ നേടിയതാണ്‌. ആ അറിവ്‌ പുതുതായി ഷോറൂമുകളുമായി വരുന്ന വമ്പന്മാര്‍ക്ക്‌ ഉണ്ടാവണമെന്നില്ല. അതുതന്നെയാണ്‌ തങ്ങളുടെ വിജയ രഹസ്യമെന്നദ്ദേഹം പറയുന്നു.

മത്സരംകൊണ്ട്‌ ഗുണം ഉപഭോക്താവിനാണ്‌. നേരിയ ലാഭത്തിനാണ്‌ കേരളത്തില്‍ വസ്‌ത്രങ്ങള്‍ വിറ്റഴിക്കുന്നത്‌.

ജനത്തിന്റെ മനസ്സറിഞ്ഞ്‌ സേവനമെത്തിക്കാനുള്ള വിഷമതയാണ്‌ മലബാര്‍ മേഖലയിലേക്ക്‌ ഷോറൂമുകള്‍ വ്യാപിപ്പിക്കാത്തിന്‌ കാരണം. അവിടെ തങ്ങള്‍ക്ക്‌ വേരുകളില്ല. അവിടത്തെ വസ്‌ത്രധാരണ രീതിയിലും മാറ്റങ്ങളുണ്ട്‌.

വസ്‌ത്രവ്യാപാരം വെറും കച്ചവടമല്ല. സര്‍ഗാത്മകമായ മനസും, ഫാഷന്‍ ഡിസൈനറുടെ കണ്ണും ഉണ്ടാവാതെ ഒരാള്‍ക്കും ഈ രംഗത്ത്‌ വിജയിക്കാനാവില്ല. വസ്‌ത്ര ഫാട്‌കറികളില്‍ ചെല്ലുമ്പോള്‍ അവര്‍ ആയിരം ഡിസൈനുകള്‍ കാണിക്കും. അതില്‍ നമ്മുടെ നാട്ടില്‍ ചെലവാകുന്ന തരം ഡിസൈനുകള്‍ തെരഞ്ഞെടുക്കാന്‍ കഴിയണം. ഇതിനു പ്രത്യേക അഭിരുചി വേണം. അതുപോലെ തന്നെ ദീര്‍ഘകാലത്തെ മാര്‍ക്കറ്റ്‌ പരിചയവും.

കേരളത്തിലെ പണക്കാരെല്ലാം വസ്‌ത്ര വ്യാപാരത്തിലോ, സ്വര്‍ണ്ണകടയിലോ, ബ്ലേഡ്‌ കമ്പനിയിലോ ആണല്ലോ ശ്രദ്ധിക്കുന്നതെന്ന ചോദ്യത്തിനും അദ്ദേഹത്തിന്‌ ഉത്തരമുണ്ട്‌. വ്യവസായമൊന്നും കേരളത്തില്‍ എളുപ്പമല്ല. അതിനുള്ള ഇന്‍ഫ്രാസ്‌ട്രക്‌ചറോ, സാങ്കേതികവിദ്യയോ കമ്മിയാണ്‌. തൊഴില്‍ പ്രശ്‌നവും ഉണ്ടാകാം. ഗുജറാത്തില്‍ ഒരൊറ്റ ഓഫീസില്‍ ചെന്നാല്‍ വ്യവസായത്തിനുളള എല്ലാ അനുമതിയും വാങ്ങാം. കേരളത്തില്‍ ഇലക്‌ട്രിസിറ്റി ലഭിക്കാന്‍ അപേക്ഷ കൊടുത്താല്‍ മൂന്നുവര്‍ഷമാകണം അനുവദിച്ച്‌ കിട്ടാന്‍.

പ്രൊഫഷണല്‍ സ്റ്റാഫ്‌ ഉണ്ടെങ്കിലും നാലു സഹോദരങ്ങളും അവരുടെ ഭാര്യമാരുമാണ്‌ ഓരോ സ്ഥലത്തും ഷോറൂമുകള്‍ മാനേജ്‌ ചെയ്യുന്നത്‌.

ഫാഷനുകളിപ്പോള്‍ കൂടുതലും ഉണ്ടാകുന്നത്‌ സോഷ്യല്‍ മീഡിയ വഴിയാണ്‌. ലോകത്തെവിടെ പുതിയ ഫാഷന്‍ ഉണ്ടായാലും ഇപ്പോഴത്‌ ഉടന്‍ ഇന്റര്‍നെറ്റിലെത്തും. അത്‌ നമുക്ക്‌ പറ്റിയ രീതിയില്‍ മാറ്റി അവതരിപ്പിക്കുന്നതിലാണ്‌ കാര്യം.

ഇന്ത്യയില്‍ തുണി മില്ലുകള്‍ ഇപ്പോഴും ടാറ്റാ, ബിര്‍ളാ, അംബാനി തുടങ്ങിയ വമ്പന്‍ കമ്പനികളുടെ നിയന്ത്രണത്തിലാണ്‌. വലിയ മുതല്‍മുടക്ക്‌ വേണ്ട സംരംഭമാണിത്‌. കൈകള്‍കൊണ്ട്‌ തമിഴ്‌നാട്ടില്‍ നെയ്‌തെടുക്കുന്ന കാഞ്ചീപുരം സാരിയാകട്ടെ കിട്ടാന്‍ എപ്പോഴും ക്ഷാമമുള്ള വസ്‌തുവാണ്‌.

ആറന്മുള വിമാനത്താവളം ഉണ്ടാവാന്‍ സാധ്യതയില്ലെന്നാണ്‌ തോമസിന്റെ വിലയിരുത്തല്‍. നാടു നന്നാവാന്‍ അനുവദിക്കാത്തവര്‍ ധാരാളമുണ്ടെന്നതുതന്നെ കാരണം. അതുപോലെ തന്നെ പരിസ്ഥിതിപരമായും മറ്റും വിമാനത്താവളം മൂലം പ്രശ്‌നം ഉണ്ടാവുമെന്നതും കണക്കിലെടുക്കേണ്ടതുതന്നെ.

ഏഷ്യാനെറ്റ്‌ അവതരിപ്പിക്കുന്ന `ത്രില്ലര്‍ എക്‌സ്‌പ്രസ്‌ ഷോ'യുടെ സ്‌പോണ്‍സര്‍ ആണ്‌ കരിക്കിനേത്ത്‌. ആ സംഘത്തോടൊപ്പമാണ്‌ തോമസും പത്‌നിയും എത്തിയത്‌. ജഗദീഷ്‌, മിത്ര കുര്യന്‍, ലക്ഷ്‌മി ഗോപാലസ്വാമി തുടങ്ങിയവര്‍ അടക്കമുള്ള സംഘം ഇന്ന്‌ ന്യൂയോര്‍ക്കില്‍ പരിപാടി അവതരിപ്പിക്കും.
അമേരിക്കയുടെ ഉയര്‍ച്ച താഴ്‌ചകള്‍ കരിക്കിനേത്തിന്റെ ഷോറൂമില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക