Image

ബാബുരാജിന്റെ വ്യത്യസ്ത കഥാപാത്രം നോട്ടി പ്രൊഫസര്‍

Published on 06 May, 2012
ബാബുരാജിന്റെ വ്യത്യസ്ത കഥാപാത്രം നോട്ടി പ്രൊഫസര്‍
സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തിനു ശേഷം തികച്ചും വേറിട്ട കഥാപാത്രങ്ങളാണ് ബാബുരാജിന് ലഭിക്കുന്നത്. ഓര്‍ഡിനറിയും, മായാമോഹിനിയുമൊക്കെ ബാബുരാജിന്റെ പുതിയ ഹ്യൂമര്‍ റോളുകളായി പ്രേക്ഷകരെ കീഴടക്കുന്നു. ഏറെ പുതുമകളുള്ള കഥാപാത്രങ്ങള്‍ ലഭിക്കുന്ന ബാബുരാജിന് ലഭിച്ചിരിക്കുന്ന പുതിയ ചിത്രമാണ് നോട്ടി പ്രൊഫസര്‍. ബാബുരാജ് തന്നെ തിരക്കഥയെഴുതിയിരിക്കുന്ന ഈ സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത് ഹരി നാരായണനാണ്.

കുടുംബത്തില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനുമിടയിലേക്ക് ഈഗോ കടന്നു വരുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളാണ് നോട്ടി പ്രൊഫസര്‍ എന്ന സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഈഗോയില്‍ ജീവിക്കുന്ന ഭാര്യക്കും ഭര്‍ത്താവിനുമിടയിലേക്ക് മറ്റു കഥാപാത്രങ്ങള്‍ കടന്നു വരുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് നോട്ടി പ്രൊഫസര്‍ എന്ന സിനിമയില്‍ ഹാസ്യത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നത്. 

വിശ്വംഭരന്‍ കെമിസ്ട്രി പ്രൊഫസറാണ്. വിവാഹിതനായ ഇദ്ദേഹത്തിന്റെ ഭാര്യ അര്‍ച്ചന ചലച്ചിത്ര നടിയായിരുന്നു. ആറാം ക്ലാസില്‍ പഠിക്കുന്ന മകനും നാലാംക്ലാസില്‍ പഠിക്കുന്ന മകളുമാണ് പ്രൊഫസറുടെ കുടുംബം. 

ശരീര സംരക്ഷണത്തില്‍ അതീവ ശ്രദ്ധാലുവായ പ്രൊഫസര്‍ സൗന്ദ ര്യവര്‍ദ്ധക സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയും തന്റെ സൗന്ദ്യരത്തെക്കുറിച്ച് മാത്രം ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. പഠിപ്പിക്കുന്നതിനേക്കാള്‍ ശരീര സൗന്ദര്യത്തെക്കുറിച്ചാണ് വിശ്വംഭരന്‍ ക്ലാസുളില്‍ സംസാരിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ കേള്‍ക്കാന്‍ ക്യാംപസില്‍ ഒരസംഘം തന്നെയുണ്ട്. 

എന്നാല്‍ വിശ്വംഭരന്‍ വീട്ടിലെ ഒരു കാര്യങ്ങളിലും ശ്രദ്ധിക്കാറില്ല. ഭാര്യയുടെയും മക്കളുടെയും കാര്യത്തില്‍ അല്പം പോലും ശ്രദ്ധയില്ലാത്തവനാണ് വിശ്വംഭരന്‍. അതിന് പ്രധാന കാരണം വിശ്വംഭരന്റെ ഈഗോയാണ്. ചലച്ചിത്രതാരമായിരുന്ന ഭാര്യയുടെ പേരില്‍ അറിയപ്പെടുന്നത് കുറച്ചിലായതിനാല്‍ അതിനെ മറികടക്കാനുള്ള ശ്രമങ്ങളാണ് അയാള്‍ കാണിക്കുന്നതെല്ലാം. 

ഇതിനിടയിലാണ് പ്രൊഫസര്‍ താമസിക്കുന്ന വില്ലയില്‍ താമസിക്കാന്‍ ഡി.വൈ.എസ്.പി ചാ ക്കോയും ഭാര്യ ടെസയും എത്തുന്നത്. വിശ്വംഭരനും ചാക്കോയും മുന്‍പരിചയക്കാരാണ്. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ വിശ്വംഭരനും ചാക്കോയും തമ്മിലുള്ള സൗഹൃദത്തിന്റെ പിന്നില്‍ ഉണ്ടായ സംഭവ വികാസങ്ങള്‍ അറിയുന്നതോടെ പ്രൊഫസറുടെ ഭാര്യ അര്‍ച്ചന ചില തീരുമാനങ്ങള്‍ എടുക്കുന്നു. ഇത് വിശ്വംഭരന്റെ ജീവിതത്തെ ബാധിക്കുന്നു. 

അര്‍ച്ചന വീണ്ടും സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതോടെ അവരുടെ ജീവിതത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളാണ് നോട്ടി പ്രൊഫസര്‍ എന്ന ചിത്രത്തില്‍ ഹരിനാരായണന്‍ ദൃശ്യവല്‍കരിക്കുന്നത്. 

അന്നാ അമല ഫിലിംസിന്റെ ബാനറില്‍ അരുണ്‍ ജോസ്, ശ്രീകാന്ത് പിള്ള എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന നോട്ടി പ്രൊഫസര്‍ എന്ന ചിത്രത്തില്‍ പ്രൊഫസര്‍ വിശ്വംഭരനായി ബാബുരാജും, ഭാര്യ അര്‍ച്ചനയായി ലക്ഷ്മി ഗോപാലസ്വാമിയും ചാക്കോയായി ടിനി ടോമും, ടെസയായി ലെനയും വേഷമിടുന്നു. 

ഇന്നസെന്റ്, ജനാര്‍ദ്ദനന്‍, രാജീവ്പിള്ള, കാതല്‍ സന്ധ്യ, മളവിക എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ജാസിഗിഫ്റ്റ് ഈണം പകരുന്നു. ഛായാഗ്രഹണം സജിത്ത് മേനോന്‍. 

ബാബുരാജിന്റെ വ്യത്യസ്ത കഥാപാത്രം നോട്ടി പ്രൊഫസര്‍ബാബുരാജിന്റെ വ്യത്യസ്ത കഥാപാത്രം നോട്ടി പ്രൊഫസര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക