Image

ഫ്രാന്‍സില്‍ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ഫ്രാങ്‌സ്വാ ഓലന്‍ഡ്‌ പ്രസിഡന്റ്‌ പദവിയിലേക്ക്‌

Published on 07 May, 2012
ഫ്രാന്‍സില്‍ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ഫ്രാങ്‌സ്വാ ഓലന്‍ഡ്‌ പ്രസിഡന്റ്‌ പദവിയിലേക്ക്‌
പാരിസ്‌: ഫ്രാന്‍സില്‍ നിക്കോളാസ്‌ സാര്‍കോസി യുഗത്തിന്‌ അന്ത്യം കുറിച്ച്‌, സോഷ്യലിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ഫ്രാങ്‌സ്വാ ഓലന്‍ഡ്‌ പ്രസിഡന്റ്‌ പദവിയിലേക്ക്‌. 1995ന്‌ ശേഷം ആദ്യ സോഷ്യലിസ്റ്റ്‌ പ്രസിഡന്റാവുന്ന ഓലന്‍ഡ്‌, അന്തിമ ഫലം പുറത്തുവന്നപ്പോള്‍ 52 ശതമാനം വോട്ടുകള്‍ നേടി. വലതുപക്ഷ പാര്‍ട്ടി സ്ഥാനാര്‍ഥിയായ നിലവിലെ പ്രസിഡന്റ്‌ സാര്‍കോസിക്ക്‌ 48 ശതമാനമേ നേടാനായുള്ളൂ.

2007ലാണ്‌ സാര്‍കോസി പ്രസിഡന്റായി സ്ഥാനമേറ്റത്‌. പരമ്പരാഗതമായി ഇടതുപാര്‍ട്ടികളുടെ റാലികള്‍ ആരംഭിക്കാറുള്ള, പാരിസിലെ 'പ്ലേസ്‌ ഡി ലാ ബാസ്റ്റില്ലെ'യില്‍ ഒരുമിച്ചുകൂടിയ ഓലന്‍ഡ്‌ അനുകൂലികള്‍ ആഹ്ലാദപ്രകടനം നടത്തി. ഈമാസം അവസാനം അദ്ദേഹം അധികാരമേല്‍ക്കും.
രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയും സാര്‍കോസിയുടെ മോശം പ്രതിച്ഛായയുമാണ്‌ സോഷ്യലിസ്റ്റ്‌ സ്ഥാനാര്‍ഥിയെ വിജയത്തിലെത്തിച്ചതെന്ന്‌ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഓലന്‍ഡിന്റെ വിജയം യൂറോമേഖലയില്‍ വ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

കോര്‍പറേറ്റുകളുടെയും കോടീശ്വരന്മാരുടെയും നികുതി വര്‍ധിപ്പിക്കുമെന്ന്‌ ഓലന്‍ഡ്‌ വാഗ്‌ദാനം ചെയ്‌തിരുന്നു. പരാജയത്തില്‍ മനംമടുക്കരുതെന്ന്‌ അണികളെ ആഹ്വാനം ചെയ്‌ത സാര്‍കോസി, വരുന്ന പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിനായി തയറാവണമെന്നും ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പില്‍ താന്‍ പാര്‍ട്ടിയെ നയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫ്രാന്‍സില്‍ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ഫ്രാങ്‌സ്വാ ഓലന്‍ഡ്‌ പ്രസിഡന്റ്‌ പദവിയിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക