Image

ജര്‍മനിയിലെ സ്റ്റേറ്റ്‌ ഇലക്‌ഷനില്‍ മെര്‍ക്കലിനു തിരിച്ചടി

ജോസ്‌ കുമ്പിളുവേലില്‍ Published on 07 May, 2012
ജര്‍മനിയിലെ സ്റ്റേറ്റ്‌ ഇലക്‌ഷനില്‍ മെര്‍ക്കലിനു തിരിച്ചടി
ബര്‍ലിന്‍: ജര്‍മനിയിലെ സ്റ്റേറ്റായ ഷെല്‍സ്‌വിഗ്‌-ഹോള്‍സ്റ്റൈനിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ സെന്റര്‍-റൈറ്റ്‌ സിഡിയു മുന്നണിക്ക്‌ ഭരണം നഷ്‌ടമായി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ദേശീയ തെരഞ്ഞെടുപ്പിന്റെ സാമ്പിളായാണ്‌ സ്റ്റേറ്റ്‌ ഇലക്‌ഷന്‍ റിസള്‍റ്റുകള്‍ വിലയിരുത്തപ്പെടുന്നത്‌.

30.6 ശതമാനം വോട്ടാണ്‌ മെര്‍ക്കലിന്റെ മുന്നണിക്ക്‌ സ്റ്റേറ്റില്‍ ലഭിച്ചിരിക്കുന്നത്‌. മുന്നണിയില്‍ പങ്കാളികളായ ഫ്രീ ഡെമോക്രാറ്റുകള്‍ക്ക്‌ 8.3 ശതമാനം. ഇത്രയും വോട്ട്‌ കൊണ്‌ട്‌ ഭരണം നിലനിര്‍ത്താന്‍ സാധിക്കില്ലെന്ന്‌ ഉറപ്പായിട്ടുണ്‌ട്‌.

അതേസമയം, സെന്റര്‍-ലെഫ്‌റ്റ്‌ സോഷ്യല്‍ ഡെമോക്രാറ്റുകളും പരിസ്ഥിതിവാദികളായ ഗ്രീന്‍ പാര്‍ട്ടിയും ഉള്‍പ്പെടുന്ന പ്രതിപക്ഷ മുന്നണിക്കും ഭരണം നേടാന്‍ ആവശ്യമായ ഭൂരിപക്ഷം ലഭിച്ചിട്ടില്ല. 29.9 ശതമാനവും 13.6 ശതമാനവും വോട്ടാണ്‌ യഥാക്രമം ഈ പാര്‍ട്ടികള്‍ക്കു ലഭിച്ചത്‌.

ക്രിസ്റ്റ്യന്‍ ഡമോക്രാറ്റുകളും (സിഡിയുവും) സോഷ്യലിസ്റ്റുകളും (എസ്‌പിഡിയും) തമ്മിലുള്ള വിശാല ഐക്യത്തിനുള്ള സാധ്യതയും ഇതോടെ ഉരുത്തിരിയുന്നുണ്‌ട്‌. 2013 സെപ്‌റ്റംബര്‍-ഒക്‌ടോബറില്‍ നടക്കുന്ന ദേശീയ തെരഞ്ഞെടുപ്പിന്റെ ഫലവും ഇതു തന്നെയാകുമെന്നാണ്‌ പ്രവചിക്കപ്പെടുന്നത്‌.

പൈറേറ്റ്‌സ്‌(പിറാറ്റന്‍) എന്ന വലതുപക്ഷ പാര്‍ട്ടിയാണ്‌ സ്റ്റേറ്റ്‌ ഇലക്‌ഷനില്‍ അപ്രതീക്ഷിത നേട്ടം സ്വന്തമാക്കിയിരിക്കുന്നത്‌. രാഷ്‌ട്രീയമായി കൂടുതല്‍ സുതാര്യതയും ഇന്റര്‍നെറ്റില്‍ സര്‍വ സ്വാതന്ത്ര്യവും ആവശ്യപ്പെടുന്ന പാര്‍ട്ടിയാണിത്‌. സ്റ്റേറ്റ്‌ പാര്‍ലമെന്റിലെത്താന്‍ ആവശ്യമായ അഞ്ചു ശതമാനം വോട്ടെന്ന പരിധി തുടര്‍ച്ചയായ മൂന്നാം വട്ടവും അവര്‍ ഭേദിച്ചു. ഇത്തവണ 8.2 ശതമാനം വോട്ടാണ്‌ നേടിയിരിക്കുന്നത്‌.

ആറു ശതമാനം വോട്ട്‌ കുറഞ്ഞെങ്കിലും, പ്രതീക്ഷിച്ചതിനെക്കാള്‍ ഭേദപ്പെട്ട പ്രകടനമാണ്‌ ലിബറലുകളായ എഫ്‌ഡിപി നടത്തിയിരിക്കുന്നത്‌. സോഷ്യലിസ്റ്റ്‌ ലെഫ്‌റ്റ്‌ പാര്‍ട്ടിക്ക്‌ അഞ്ചു ശതമാനം വോട്ടിന്റെ പരിധി കടക്കാനായില്ല. 2.4 ശതമാനം വോട്ട്‌ മാത്രമാണ്‌ അവര്‍ക്കു കിട്ടിയത്‌. ഡാനിഷ്‌ ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിക്ക്‌ കിട്ടിയത്‌ 4.5 ശതമാനം മാത്രം.

സ്റ്റേറ്റ്‌ പാര്‍ലമെന്റ്‌ തൂക്കു സഭയാകുമെന്ന്‌ ഉറപ്പായതോടെ കുതിരക്കച്ചവടത്തിനുള്ള വഴികളും തെളിഞ്ഞിട്ടുണ്‌ട്‌. 18 മില്യന്‍ വോട്ടര്‍മാരുള്ള സ്റ്റേറ്റ്‌, ജര്‍മനിയിലെ ഏറ്റവുമധികം ജനസംഖ്യയുള്ള സ്റ്റേറ്റാണ്‌ ഷെല്‍സ്‌വിഗ്‌-ഹോള്‍സ്റ്റൈന്‍.
ജര്‍മനിയിലെ സ്റ്റേറ്റ്‌ ഇലക്‌ഷനില്‍ മെര്‍ക്കലിനു തിരിച്ചടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക